യുപിയില്‍ വാക്‌സിനേഷന്‍ ഇഴയുന്നു, സമ്പൂര്‍ണ വാക്‌സിനേഷന്‍ എളുപ്പമല്ല, 15 കോടിയോളം ജനസംഖ്യ വെല്ലുവിളി
ദില്ലി: ഉത്തര്‍പ്രദേശ് അതിവേഗം വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ഇതുവരെ ഉള്ള കണക്കുകള്‍ നോക്കുമ്പോള്‍ വേഗത്തില്‍ കാര്യം നടക്കുന്നുണ്ടെങ്കിലും, മൊത്തം കണക്കില്‍ വാക്‌സിനേഷന്‍ ഇഴയുകയാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുപിയിലെ വാക്‌സിനേഷന്‍ വേഗം വളരെ പിന്നിലാണ്. 17 കോടി കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ യുപിയില്‍ നല്‍കി കഴിഞ്ഞത്. ഇത്രയും ഡോസുകള്‍ നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് യുപി. ഇതില്‍ തന്നെ 11.76 കോടി ആളുകള്‍ക്കാണ് ആദ്യ ഡോസ് ലഭിച്ചത്. 5.74 കോടി പേര്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചതാണ്.

14.75 കോടി പേരാണ് സംസ്ഥാനത്ത് വാക്‌സിന് അര്‍ഹതപ്പെട്ടവര്‍. ഡിസംബര്‍ 31ന് മുമ്പ് ജനസംഖ്യയെ പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്യിക്കുമെന്നായിരുന്നു യോഗി സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ ഇത് ഇനി ഒരിക്കലും സാധ്യമാകില്ലെന്നാണ് വ്യക്തമാകുന്നത്. ഈ ടാര്‍ഗറ്റ് സ്വന്തമാക്കണമെങ്കില്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്. ദിവസവും 22 ലക്ഷം ഡോസുകള്‍ വെച്ച് ശരാശരി നല്‍കേണ്ടി വരും. ഇത് നടക്കുമോ എന്ന് കണ്ടറിയണം. നിലവില്‍ യുപി ജനസംഖ്യയുടെ 79 ശതമാനവും ഭാഗികമായി വാക്‌സിന്‍ എടുത്തവരാണ്. 39 ശതമാനം പേര്‍ രണ്ട് ഡോസും എടുത്തിട്ടുണ്ട്. അതുകൊണ്ട് താല്‍ക്കാലിക ആശ്വാസം യുപിക്കുണ്ട്.
രണ്ടാം തരംഗത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും സംസ്ഥാനത്തിനെ വേട്ടയാടുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വേഗത്തില്‍ തന്നെ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നിലാണ് യുപിയെന്ന് നേരത്തെ കേന്ദ്രം തന്നെ പറഞ്ഞിരുന്നു. അധികൃതരുമായി വാക്‌സിനേഷന്റെ കാര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച്ച നടത്തി. ആരോഗ്യ വിദഗ്ധരോടും ഡോക്ടര്‍മാരോടും വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കാനാണ് യോഗി ആവശ്യപ്പെട്ടത്. നിത്യേന ഇരുപത് ലക്ഷം ഡോസുകളെങ്കിലും നല്‍കാനാണ് യോഗി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ ശ്രദ്ധ രണ്ടാം ഡോസിന് നല്‍കണമെന്നും യോഗി നിര്‍ദേശിച്ചു.
വാക്‌സിനുകള്‍ സംസ്ഥാനത്ത് ആവശ്യത്തിന് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗ് പറയുന്നു. മെഗാ ക്യാമ്പയിനുകളില്‍ വാക്‌സിന്‍ വന്‍ തോതില്‍ തന്നെ വര്‍ധിച്ചിട്ടുണ്ട്. നാല് കോടി ഡോസുകള്‍ ഡിസംബര്‍ 31നുള്ളില്‍ നല്‍കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പല കാരണങ്ങള്‍ കൊണ്ടാണ് വാക്‌സിനേഷന്‍ നിരക്ക് പിന്നോട്ട് പോയത്. എന്നാല്‍ ക്ലസ്റ്റര്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ വേഗം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ വാക്‌സിന്‍ എത്താത്ത മേഖലകളിലേക്ക് ഇത് വ്യാപിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം മേഖലകളില്‍ ആദ്യ ഡോസ് നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുകയെന്നും ജയ് പ്രതാപ് സിംഗ് പറഞ്ഞു.
വാക്‌സിന്‍ ലഭിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് ആളുകളും പറയുന്നു. ഒമൈക്രോണ്‍ ഭീതി ജനങ്ങളിലുണ്ട്. അതുകൊണ്ട് വാക്‌സിനേഷന്‍ വേഗത്തില്‍ എടുക്കാനാണ് പലരും തീരുമാനിച്ചിരിക്കുന്നത്. നേരത്തെ വാക്‌സിന്‍ എടുക്കാന്‍ വിമുഖത പലരിലുമുണ്ടായിരുന്നു. എന്നാല്‍ അത് മാറിയെന്നും, ഇപ്പോള്‍ വാക്‌സിനേഷനായി ആളുകള്‍ എത്തുന്നുണ്ടെന്നും വാക്‌സിനേഷന്‍ ഓഫീസറായ വിജേന്ദ്ര ശ്രീവാസ്തവ പറയുന്നു. തന്റെ ഏരിയയില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ കഴിഞ്ഞു. ഇപ്പോള്‍ രണ്ടാം ഡോസിലാണ് ഫോക്കസ്. പലരും പാര്‍ശ്വഫലങ്ങള്‍ ഭയന്നും വാക്‌സിന്‍ എടുക്കാതെ ഇരുന്നിരുന്നു. എന്നാല്‍ വാക്‌സിന്‍ എടുത്തതോടെ അത് മാറുകയും ചെയ്തു.












Click it and Unblock the Notifications