യുപിയില്‍ വീണ്ടും ഗുണ്ടാത്തലവനെ വെടിവെച്ച് കൊന്ന് പൊലീസ്; ഏറ്റുമുട്ടല്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടലിലൂടെ ഗുണ്ടാത്തലവനെ വെടിവെച്ച് കൊന്ന് പൊലീസ്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനില്‍ ദുജാനയെ ആണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ഏറ്റുമുട്ടലില്‍ വെടിവച്ചു കൊന്നത്. നോയിഡ, ഗാസിയാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ആളുകളുടെ പേടിസ്വപ്‌നമായിരുന്നു അനില്‍ ദുജാന. അറുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
കൊലപാതകക്കേസില്‍ ജാമ്യം ലഭിച്ച് ഒരാഴ്ച മുമ്പാണ് അനില്‍ ദുജാന ജയില്‍ മോചിതനായത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ തനിക്കെതിരെ ഫയല്‍ ചെയ്ത കൊലപാതക കേസിലെ പ്രധാന സാക്ഷികളിലൊരാളെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളെ കൊല്ലാന്‍ അനില്‍ ദുജാന തീരുമാനിച്ചിരുന്നു. ഇത് അറിഞ്ഞാണ് പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയത് എന്നാണ് പറയുന്നത്.

ഇതിനിടെ അനില്‍ ദുജാനയും സംഘവും പൊലീസിന് വെടിയുതിര്‍ക്കുകയായിരുന്നു. പ്രത്യാക്രമണത്തില്‍ ആണ് ദുജാന കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് ഭാഷ്യം. മീററ്റിലെ ഒരു ഗ്രാമത്തില്‍, കുറ്റിക്കാടുകളാല്‍ ചുറ്റപ്പെട്ട നടപ്പാതയില്ലാത്ത റോഡിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇയാളും സംഘവും അവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
ജയിലില്‍ കഴിഞ്ഞിരുന്നെങ്കിലും 2021ല്‍ ജാമ്യം ലഭിച്ചു. അനിലിന്റെ തലക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ), ഗുണ്ടാ ആക്ട് ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തിരുന്നു. ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ബദല്‍പൂര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള ദുജാന ഗ്രാമത്തില്‍ താമസിക്കുന്ന അനില്‍ ദുജാനയുടെ ശരിക്കുള്ള പേര് അനില്‍ നഗര്‍ എന്നാണ്.
18 കൊലപാതകങ്ങള്‍, പിടിച്ചുപറി, കവര്‍ച്ച, ഭൂമി കൈയേറ്റം തുടങ്ങി 60 ലേറെ ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. കഴിഞ്ഞ മാസം ഝാന്‍സിയില്‍ അതിഖ് അഹമ്മദിന്റെ മകന്‍ അസദ് കൊല്ലപ്പെട്ടതിന് ശേഷം യുപി എസ്ടിഎഫ് ഏറ്റുമുട്ടലില്‍ നടത്തുന്ന രണ്ടാമത്തെ കൊലപാതകമാണിത്. സുന്ദര്‍ ഭാട്ടിയെ കൊലപ്പെടുത്തിയ ഗുണ്ടാനേതാവ് നരേഷ് ഭാട്ടിയുമായി അനില്‍ ദുജാനയ്ക്ക് അടുപ്പമുണ്ടായിരുന്നു. നരേഷ് ഭാട്ടിയുടെ മരണശേഷം അനില്‍ ദുജാനയാണ് അദ്ദേഹത്തിന്റെ സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തത്.
Cleaning Tips: വെള്ള ഷൂ വൃത്തിയാക്കാന്‍ ഇനി ബുദ്ധിമുട്ടില്ല.. ഇതാ ചില ലളിതമാര്‍ഗങ്ങള്‍












Click it and Unblock the Notifications