ടണലിൽ കുടുങ്ങിയവരുടെ മൂന്ന് മീറ്റർ അടുത്തെത്തി രക്ഷാപ്രവർത്തകർ; ഇനി വൈകിയേക്കില്ല...?
ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക്. 17-ാം ദിവസത്തിലേക്ക് കടന്ന സിൽക്യാരയിലെ തുരങ്കത്തിൽ മാനുവൽ ഡ്രില്ലിംഗ് നടത്തുന്ന രക്ഷാപ്രവർത്തകർ ഇപ്പോൾ തൊഴിലാളികളിൽ നിന്ന് വെറും മൂന്ന് മീറ്റർ മാത്രം അകലെയാണ്. അധികം വൈകാതെ തന്നെ ഇവരിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ.
പരിചയസമ്പന്നരായ 24 "റാറ്റ്-ഹോൾ മൈനിംഗ്" വിദഗ്‌ധരുടെ ഒരു സംഘം മാനുവൽ ഡ്രില്ലിംഗ് നടത്തുകയും കുടുങ്ങിക്കിടക്കുന്ന തൊഴിലാളിലേക്ക് എത്തുവാനുള്ള നേരിയ വഴി തുറന്നെടുക്കുകയുമാണ് ഇപ്പോൾ ചെയ്‌തു കൊണ്ടിരിക്കുന്നത്. അവിടെ വീണ് കിടക്കുന്ന അവശിഷ്‌ടങ്ങൾ നീക്കം ചെയ്‌തുകൊണ്ട് വേണം തൊഴിലാളികൾക്കായുള്ള വഴി ഒരുക്കാൻ.

നേരത്തെ ഓഗര്‍ മെഷീന്റെ ബ്ലേഡുകള്‍ പൈപ്പുകള്‍ക്കിടയില്‍ കുടുങ്ങിയതാണ് രക്ഷാപ്രവര്‍ത്തനം ഇത്രയും വൈകാൻ കാരണം. തുരങ്കം തകര്‍ന്നപ്പോഴുണ്ടായ അവശിഷ്ടങ്ങൾ നീക്കം ചെയ്തിരുന്നത് ഈ ഓഗര്‍ മെഷീനായിരുന്നു.
ഇന്നലെയാണ് ടണലിൽ മാനുവൽ ഡ്രില്ലിങ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുരങ്കത്തിന് മുകളിൽ നിന്ന് ലംബമായി നടത്തുന്ന ഡ്രില്ലിംഗ് ഇതുവരെ ആവശ്യമായ 86 മീറ്റർ വെർട്ടിക്കൽ ഡ്രില്ലിംഗിന്റെ ഏകദേശം 40 ശതമാനത്തോളം പൂർത്തിയായി എന്നാണ് റിപ്പോർട്ടുകൾ.
വെറും രണ്ടര അടി വ്യാസമുള്ള പൈപ്പുകളിലൂടെ സഞ്ചരിക്കാനുള്ള തൊഴിലാളികളുടെ ശേഷിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നെങ്കിലും ഇത് രക്ഷാപ്രവർത്തകർ നിരസിച്ചു. അവരുടെ സുരക്ഷ ഉറപ്പാക്കാൻ, ഓരോ തൊഴിലാളിക്കും ഹെൽമറ്റ്, യൂണിഫോം, മാസ്‌ക്, ഗ്ലാസുകൾ എന്നിവ ഉണ്ടായിരിക്കുമെന്നാണ് അവർ അറിയിച്ചത്.
വെർട്ടിക്കൽ ഡ്രില്ലിംഗ് നടത്താനുള്ള ശ്രമങ്ങൾ ഇതിനകം 36 മീറ്റർ താഴ്‌ച വരെ എത്തിയതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) അംഗം ലഫ്റ്റനന്റ് ജനറൽ (റിട്ട) സയ്യിദ് അത്താ ഹസ്നൈൻ വ്യക്തമാക്കി.












Click it and Unblock the Notifications