യുപിയില്‍ ബിജെപിയെ തലപൊക്കാന്‍ സമ്മതിക്കാതെ അഖിലേഷ്; സഖ്യകക്ഷി എം എല്‍ എമാരും എസ് പിയിലേക്ക്
ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയ്ക്ക് വീണ്ടും പ്രഹരം. പാര്‍ട്ടി എം എല്‍ എമാരും മന്ത്രിമാരും പാര്‍ട്ടി വിടുന്നതിന് പിന്നലെ സഖ്യകക്ഷിയില്‍ നിന്നും എം എല്‍ എമാര്‍ രാജിവെക്കുന്നു. ഉത്തര്‍പ്രദേശിലെ ബി ജെ പിയുടെ സഖ്യകക്ഷിയായ അപ്‌നാദളില്‍ (സോനെലാല്‍ വിഭാഗം) നിന്നുള്ള രണ്ട് എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടു. യോഗി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് ഇരുവരുടേയും രാജി.
ചൗധരി അമര്‍സിംഗ്, ആര്‍ കെ വെര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ടത്. സിദ്ധാര്‍ത്ഥ് നഗറിലെ ഷൊഹ്റത്ഗഢ് മണ്ഡലത്തിലെ എം എല്‍ എയാണ് ചൗധരി അമര്‍സിംഗ്. പ്രതാപ്ഗഡിലെ വിശ്വനാഥ് ഗഞ്ച് മണ്ഡലത്തെയാണ് ആര്‍ കെ വെര്‍മ പ്രതിനീധികരിക്കുന്നത്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്ന് ചൗധരി അമര്‍ സിംഗ് പറഞ്ഞു. അമര്‍സിംഗ് ഷൊഹ്റത്ഗഢില്‍ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചേക്കാനാണ് സാധ്യത.

കഴിഞ്ഞ ദിവസങ്ങളില്‍ ബി ജെ പിയില്‍ നിന്ന് പതിനഞ്ചോളം നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഇവരും സമാജ് വാദി പാര്‍ട്ടിയിലേക്കാണ് പോകാനൊരുങ്ങുന്നത്. യോഗി സര്‍ക്കാരിലെ തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയില്‍ തുടങ്ങിയ രാജിയാണ് ഘടകകക്ഷികളിലേക്കും വ്യാപിക്കുന്നത്. നിരവധി നിയമസഭാംഗങ്ങള്‍ ബി ജെ പി വിടുമെന്ന് മൗര്യ നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് എം എല്‍ എമാര്‍ പാര്‍ട്ടി വിടുന്നത് ബി ജെ പിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദളിത്- പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ബി ജെ പി വിട്ടവരില്‍ ഏറെയും.

നേതാക്കളുടെ രാജി തടയാന്‍ കേന്ദ്ര നേതൃത്വം നടത്തുന്ന ശ്രമങ്ങളെല്ലാം വിഫലമാവുകയാണ്. മറുവശത്ത് കരുനീക്കം ശക്തമാക്കുകയാണ് അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസം ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സമാജ് വാദി പാര്‍ട്ടി പുറത്തുവിട്ടിരുന്നു. 29 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ആദ്യ ഘട്ടത്തില്‍ എസ് പി പ്രഖ്യാപിച്ചത്. 19 സീറ്റില്‍ ആര്‍ എല്‍ ഡിയും പത്ത് സീറ്റില്‍ എസ് പിയും മത്സരിക്കും. ബി ജെ പി വിട്ടവരെ എസ് പിയിലേക്ക് സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ചയും അഖിലേഷ് നടത്തുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന സര്‍വേ ഫലങ്ങളെല്ലാം ബി ജെ പിയ്ക്ക് തുടര്‍ഭരണം പ്രവചിച്ചതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയം കലങ്ങി മറിയുന്നതെന്നതും ശ്രദ്ധേയം. അതേസമയം സി പി ഐ എം ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് യുപിയിലെ തിരഞ്ഞെടുപ്പ് നടക്കുക.
Recommended Video

ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. പടിഞ്ഞാറന്‍ യുപി (44 മണ്ഡലങ്ങള്‍), റൂഹല്‍ഖണ്ഡ് (52), ദോവാബ് (73), അവധ് (78), ബുന്ദേല്‍ഖണ്ഡ് (19), ഈസ്റ്റ് യു പി (76), നോര്‍ത്ത് ഈസ്റ്റ് യു പി (61) എന്നിങ്ങനെ ഏഴ് മേഖലകളിലായിട്ടാണ് 403 നിയോജകമണ്ഡലങ്ങളെ വിഭജിച്ചിരിക്കുന്നത്.












Click it and Unblock the Notifications