ദില്ലി സർവ്വകലാശാലയുടെ പുതിയ കോളേജിന് സവർക്കറുടെ പേര്, അപമാനകരമെന്ന് എംപി
ദില്ലി: ദില്ലി സര്‍വ്വകലാശാല പുതിയതായി തുടങ്ങുന്ന കോളേജിന് ആര്‍സ്എസ് ആചാര്യന്‍ വിഡി സവര്‍ക്കറുടെ പേര് നല്‍കാനുളള തീരുമാനത്തില്‍ പ്രതിഷേധം. ഈ തീരുമാനം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് സിപിഎമ്മിന്റെ രാജ്യസഭാ എംപി വി ശിവദാസന്‍ പ്രതികരിച്ചു. യുവതലമുറയുടെ മനസ്സുകളിലേക്ക് സവർക്കറുടെ ചിത്രം കെട്ടിയിറക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും ഫലം കണ്ടിട്ടില്ലെന്നും ഇടത് എംപി ചൂണ്ടിക്കാട്ടി.
വി ശിവദാസന്റെ പ്രതികരണം പൂർണരൂപം: '' വിദ്യാഭ്യാസ മേഖലയെ വർഗീയവത്കരിക്കുവാനും ചരിത്രത്തെ തിരുത്തിയെഴുതുവാനുമുള്ള ശ്രമങ്ങൾ അധികാരത്തിൽ എത്തിയ നാൾ മുതൽ തന്നെ സംഘ്പരിവാർ തുടങ്ങിയിരുന്നു. ഇപ്പോൾ അതിൻ്റെ ഒടുവിലത്തെ ഉദാഹരണമായി നമ്മുടെ മുന്നിലുള്ളത്, ഡൽഹി സർവ്വകലാശാലയ്ക്ക് കീഴിലെ പുതിയ കോളേജിന് വി ഡി സവർക്കറുടെ പേര് നൽകുവാനുള്ള അധികൃതരുടെ തീരുമാനം ആണ്. ഇത്തരം ഒരു തീരുമാനം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അവഹേളിക്കുന്നതിന് തുല്യമാണ് എന്ന കാര്യത്തിൽ തർക്കമില്ല.

വി ഡി സവർക്കർ സംഘപരിവാറിൻ്റെ ആത്മീയ ആചാര്യനാണ്. സവർക്കർ പകർന്നു കൊടുത്ത വിദ്വേഷത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തിലൂടെ, ഇന്ത്യൻ ജനതയെ വെട്ടി മുറിക്കുന്ന പ്രവൃത്തിയിലാണ് സംഘ്പരിവാർ അവരുടെ രൂപീകരണം മുതൽ ഇന്നുവരെ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ സവർക്കർ സ്നേഹം പല കാലങ്ങളിലായി മറനീക്കി പുറത്ത് വന്നിട്ടുണ്ട്. ഒരു വർഷം മുൻപ് ഇതേ ഡൽഹി സർവ്വകലാശാലയിലാണ് സവർക്കറുടെ പ്രതിമ സ്ഥാപിക്കുകയും ഒടുവിൽ എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളുടെയും പൊതുവിൽ വിദ്യാർഥികളുടെയും പ്രതിഷേധത്തെ തുടർന്ന് നീക്കം ചെയ്യുകയും ചെയ്തത്. ഇത്തരത്തിൽ യുവതലമുറയുടെ മനസ്സുകളിലേക്ക് സവർക്കറുടെ ചിത്രം കെട്ടിയിറക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും ഫലം കണ്ടിട്ടില്ല.
സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചതോടൊപ്പം തന്നെ മഹാത്മാ ഗാന്ധി വധക്കേസിൽ പ്രതി ചേർക്കപ്പെട്ടയാൾ കൂടിയാണ് സവർക്കർ എന്നത് നമുക്ക് കാണാതിരിക്കാൻ കഴിയില്ല.വി ഡി സവർക്കറെ മഹത്വവത്കരിക്കാനുളള ശ്രമങ്ങൾ ഭഗത് സിംഗിനെയും സുഖ്ദേവിനെയും രാജ്ഗുരുവിനെയും പോലെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച വിപ്ലവകാരികളുടെ ഓർമകളെ അപമാനിക്കുന്നതാണ്. 2014ൽ അധികാരത്തിൽ എത്തിയ ബിജെപി സർക്കാർ സവർക്കറുടെ ചിത്രം പാർലമെൻ്റ് സെൻട്രൽ ഹാളിൽ സ്ഥാപിച്ചത് നമ്മുടെ മുന്നിലുണ്ട്.
സ്വാതന്ത്ര്യ സമരകാലത്ത് അതിൽ നിന്ന് ഒളിച്ചോടുകയും ബ്രിട്ടീഷ് ഭരണകൂടത്തോട് ഐക്യപ്പെടുകയും ബ്രിട്ടീഷ്കാരുടെ പെൻഷൻ വാങ്ങുകയും ചെയ്ത ഒരാളുടെ പേരിൽ പുതിയ തലമുറയെ വാർത്തെടുക്കുന്ന കലാലയങ്ങൾ അറിയപ്പെടുന്നത് അഭിലഷണീയമല്ലെന്ന കാര്യത്തിൽ തർക്കമില്ല. ഇത്തരം നീക്കങ്ങൾ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിനാകെ അപമാനകരവുമാണ്. അതിനാൽ തന്നെ ഇത്തരത്തിൽ കൈക്കൊണ്ടിട്ടുള്ള ഈ തീരുമാനം പിൻവലിക്കുവാനും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ഉദാത്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും ഡൽഹി സർവ്വകലാശാല അധികൃതർ തയാറാവണം''.












Click it and Unblock the Notifications