വന്ദേമാതരം: വിവാദങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി എന്ന് ഇടി മുഹമ്മദ് ബഷീര്‍
ന്യൂഡല്‍ഹി: വന്ദേമാതരത്തെ ചുറ്റിപ്പറ്റി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്ന അനാവശ്യ വിവാദങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും ഭീഷണിയാണെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇടി മുഹമ്മദ് ബഷീര്‍ എംപി. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യാ രാജ്യം നേരിടുന്ന ഗുരുതരമായ തൊഴിലില്ലായ്മ, വര്‍ഗീയ വിദ്വേഷങ്ങള്‍ തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ സൗകര്യപൂര്‍വ്വം അവഗണിച്ചു രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വന്ദേമാതരത്തിന്റെ കാര്യത്തില്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നത് എന്ന് എംപി കുറ്റപ്പെടുത്തി.

വന്ദേമാതരവുമായി ബന്ധപ്പെട്ട് ചരിത്രത്തില്‍ ഉണ്ടായ നിലപാടുകളും തീരുമാനങ്ങളും വ്യക്തമാണ്. 1937 ഒക്ടോബര്‍ 26-ന് രബീന്ദ്രനാഥ് ടാഗോര്‍ കോണ്‍ഗ്രസ് കമ്മിറ്റിക്ക് നല്‍കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗാനത്തിന്റെ ആദ്യ രണ്ട് ഖണ്ഡങ്ങള്‍ മാത്രം ആലപിക്കണമെന്നും ആരെയും മുഴുവന്‍ ഗാനം പറയാന്‍ നിര്‍ബന്ധിക്കരുതെന്നും തീരുമാനമുണ്ടായി. പിന്നീട് ഡോ രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തില്‍ ഈ നിലപാട് അംഗീകരിക്കപ്പെട്ടതും എംപി ഓര്‍മ്മിപ്പിച്ചു.
ഇത് മാറ്റി ആറ് പൂര്‍ണ ശ്ലോകങ്ങള്‍ നിര്‍ബന്ധമായി അവതരിപ്പിക്കണമെന്ന പുതിയ പ്രചാരണം സമൂഹത്തില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ്. ചരിത്രത്തെ വളച്ചൊടിക്കുന്നത് അപകടകരമാണ്. ഇത്തരം നീക്കങ്ങള്‍ പാന്‍ഡോറയുടെ പെട്ടി തുറക്കുന്നതിനു തുല്യമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ നിധി ജനഗണമന എന്ന് തുടങ്ങുന്ന ദേശീയ ഗാനമാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ ഊന്നിപ്പറഞ്ഞു.
ഇന്ത്യയില്‍ ഇന്ന് വന്ദേമാതരത്തിനോടുള്ള സമീപനത്തില്‍ ഒരു ശാന്തത കൈവന്ന സാഹചര്യമുണ്ട്. 1937 മുതല്‍ ഇക്കാലം വരെയുള്ള കാലഘട്ടത്തില്‍ എടുത്തു പോന്നിട്ടുള്ള സമീപനം ഇപ്പോള്‍ വന്ദേമാതത്തിലുള്ള രണ്ട് ഖണ്ഡികകള്‍ തുടരുക എന്നതും അതോടൊപ്പം തന്നെ വന്ദേമാതരം ആരിലും നിര്‍ബന്ധിക്കേണ്ടതില്ലെന്ന തീരുമാനവുമാണ്. ആ തീരുമാനം നടപ്പിലാക്കുന്നതിന് വേണ്ടി നേതാക്കള്‍ നടത്തിയ പരിശ്രമം ശ്ലാഘ നീയമാണ്.
രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ വായു മലിനീകരണം, തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍, ദരിദ്രര്‍ക്കു അപ്രാപ്യമായ ആരോഗ്യ സംരക്ഷണം, കര്‍ഷകരുടെയും തൊഴിലാളികളുടെയും യുവജനങ്ങളുടെയും ദുരിതങ്ങള്‍ എന്നിവയാണ്. അവയ്ക്ക് നേരെ ഭരണാധികാരികള്‍ കണ്ണടക്കുന്നു. ഇന്ത്യയുടെ ബുദ്ധിമുട്ടുകള്‍ ജനങ്ങളുടെ ദൗര്‍ബല്യത്തിലല്ല. ഭരണ നേതൃത്വങ്ങളുടെ പരാജയത്തിലാണെന്നും എംപി പറഞ്ഞു.
രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന് പകരം പരസ്പര സംഭാഷണവും സഹജീവിതവും ശക്തിപ്പെടുത്തണമെന്നും ഐക്യത്തിന്റെ പ്രതീകമായ ദേശീയഗാനത്തിന്റെ മഹത്വം സംരക്ഷിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.












Click it and Unblock the Notifications