കോൺഗ്രസിന് ചിരി;ബിജെപി നേതാക്കളെ മത്സരിപ്പിക്കില്ലെന്ന് നേതൃത്വം!! 22 സീറ്റും സിന്ധ്യ വിഭാഗത്തിന്
ഭോപ്പാൽ; കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് മധ്യപ്രദേശിൽ ബിജെപി അധികാരം നേടിയെങ്കിലും വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് വലിയ കടമ്പയാണ്. മുഖ്യമന്ത്രി ചൗഹാന് കസേര ഉറപ്പിക്കണമെങ്കിൽ ബിജെപിക്ക് 10 സീറ്റുകളിലെങ്കിലും വിജയിക്കേണ്ടതുണ്ട്.
എന്നാൽ പാർട്ടിയുടെ പുതിയ തിരുമാനം ഈ നീക്കത്തിന് തടയിടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബിജെപി നേതാക്കളെ ആരേയും ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ലെന്നാണ് പാർട്ടി നിലപാട് വ്യക്കമാക്കിയിരിക്കുന്നത്. ഇതോടെ വലിയ രാഷ്ട്രീയ അട്ടിമറികളാകും വരും ദിവസങ്ങളിൽ ഉണ്ടായേക്കുക, വിശദാംശങ്ങൾ ഇങ്ങനെ

അധികാരത്തിൽ.. പക്ഷേ
15 വർഷം അധികാരത്തിലിരുന്ന ബിജെപി സർക്കാരിനെ താഴെയിറക്കിയാണ് മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലേറിയത്. എന്നാൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ അധികാരം തിരിച്ച് പിടിക്കാൻ ബിജെപി തുടക്കം മുതൽ തന്നെ ശ്രമം ശക്തമാക്കിയിരുന്നു. ഒടുവിൽ കോൺഗ്രസിലെ അധികാര വടംവലി ആയുധമാക്കി ജ്യോതിരാദിത്യ സിന്ധ്യയിലൂടെ ബിജെപി ഭരണം തിരിച്ചുേപിടിച്ചു.

വെല്ലുവിളി
സിന്ധ്യ പക്ഷത്തുള്ള 22 എംഎൽഎമാരെ മറുകണ്ടം ചാടിച്ചാണ് ബിജെപി അധികാരത്തിലേക്കുള്ള വഴി എളുപ്പമാക്കിയത്. എന്നാൽ ഇപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് ബിജെപി നേതൃത്വം. രാജിവെച്ച എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് ബിജെപിക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്.

കലാപക്കൊടിയുമായി നേതാക്കൾ
ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായി കൂറുമാറിയ നേതാക്കൾ രംഗത്തുണ്ട്. ഇവർ ഇതിനോടകം തന്നെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ സജീവമാക്കിയിട്ടുണ്ട്. എന്നാൽ ബിജെപിയിലെ മുതിർന്ന നേതാക്കൾ ഇതിനെതിരെ കലാപക്കൊടി ഉയർത്തി.

സിന്ധ്യ വിഭാഗം നേതാക്കൾ
എന്നാൽ ബിജെപി നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ് പാർട്ടിയുടെ പുതിയ തിരുമാനം. ഉപതിരഞ്ഞെടുപ്പിൽ 22 സീറ്റിലും സിന്ധ്യ പക്ഷത്ത് നിന്ന് കൂറുമാറിയെത്തിയ നേതാക്കളെ മാത്രമേ മത്സരിപ്പിക്കുകയുള്ളൂവെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ബിഡി ശർമ്മ വ്യക്തമാക്കി. നവഭാരത് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്.

തഴയാനാവില്ല
സർക്കാരിന് അധികാരത്തിലേക്ക് വഴിയൊരുക്കിയ നേതാക്കളെ തഴയാനാവില്ലെന്ന് ശർമ്മ നേതാക്കളോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയിൽ ഇതുമായി ബന്ധപ്പെട്ട് ഉയർന്നേക്കാവുന്ന വിമത നീക്കങ്ങൾ അടിച്ചമർത്താനുള്ള തീവ്രശ്രമവും ശർമ്മയുടേയും പാർട്ടി ജനറൽ സെക്രട്ടറി സുഹാസ് ഭഗതിന്റേയും ഭാഗത്ത് നിന്ന് ആരംഭിച്ച് കഴിഞ്ഞു.

ദീപക് ജോഷിയെ വിളിപ്പിച്ചു
കഴിഞ്ഞ രണ്ടു ദിവസമായി ഇരുനേതാക്കളും ജില്ലാ അധ്യക്ഷൻമാരുമായി തുടർച്ചയായി ചർച്ചകൾ നടത്തി വരികയാണെന്നും റപ്പോർട്ടിൽ പറയുന്നു. അതിനിടെ കൂറുമാറിയെത്തിവരെ മത്സരിപ്പിക്കുന്നതിനെതിരെ പരസ്യമായി രംഗത്തെത്തിയ മുൻ മന്ത്രി ദീപക് ജോഷിയേയും ബിജെപി നേതൃത്വം വിളിപ്പിച്ചു.

പുതിയ സാധ്യത
വിമതരെ മത്സരിപ്പിച്ചാൽ രാഷ്ട്രീയ അട്ടിമറി തന്നെ ഉണ്ടാകുമെന്നായിരുന്നു ദീപക് ജോഷി വെല്ലുവിളിച്ചത്. മൂന്ന് തവണ എംഎൽഎ ആയ വ്യക്തിയാണ് ദീപക് ജോഷി. ഇപ്പോൾ താൻ പാർട്ടിക്ക് ഒപ്പമാണ്. എന്നാൽ എന്റെ മുൻപിൽ നിരവധി സാധ്യതകൾ ഉണ്ട്. ഈ രീതിയിലാണ് രാഷ്ട്രീയ സാഹചര്യങ്ങൾ നീങ്ങുന്നതെങ്കിൽ ആവശ്യം വന്നാൽ അക്കാര്യങ്ങൾ പരിഗണിക്കുമെന്നും ദീപക് പറഞ്ഞിരുന്നു.

സംതൃപ്തനല്ല
അതേസമയം ദീപകിനോട് നേതൃത്വം കാര്യങ്ങൾ ധരിപ്പിച്ചുവെന്നാണ് വിവരം. ഏറെ നേരത്തെ ചർച്ചകൾക്ക് ശേഷം താൻ ബിജെപി നേതൃത്വത്തിന്റെ തിരുമാനത്തെ അംഗീകരിക്കുന്നുവെന്നായിരുന്നു മാധ്യമങ്ങളോടുള്ള ദീപക് ജോഷിയുടെ പ്രതികരണം. എന്നാൽ ശരീരഭാഷയിലും പെരുമാറ്റത്തിലും തിരുമാനത്തിൽ സംതൃപ്തനല്ലെന്ന് വ്യക്തമാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിരവധി പേർ
പുതിയ തിരുമാനം ബിജെപിയിൽ വലിയ പൊട്ടിത്തെറികൾക്കാകും വഴിവെയ്ക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ദീപക് ജോഷിയെ പോലെ നിരവധി പേർ മത്സരിക്കാൻ മോഹവുമായി രംഗത്തുണ്ട്. ഇവർ പലരും തിരഞ്ഞെടുപ്പിൽ കാലുവാരുമെന്ന കാര്യത്തിൽ തർക്കമില്ല.

ബിജെപി വിടും?
അതേസമയം ചില നേതാക്കൾ ബിജെപി വിട്ടേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. 2018 ൽ ഗ്വാളിയാർ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രദ്യുമാൻ സിംഗ് തോമാറിനോട് പരാജയപ്പെട്ട ജയ്ഭാൻ സിംഗ് പൊവായിയും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കോൺഗ്രസിലേക്ക്
പ്രദ്യുമാനെ മത്സരിപ്പിക്കാൻ ബിജെപി തിരുമാനിച്ചാൽ പൊവായിയ കോൺഗ്രസിലേക്ക് ചേക്കേറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ പ്രഖ്യാപനത്തോടെ രാഷ്ട്രീയ കൂടുമാറ്റങ്ങൾ കൂടുതൽ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

പ്രതീക്ഷയോടെ കോൺഗ്രസ്
അതേസമയം ബിജെപിയുടെ പുതിയ തിരുമാനത്തിൽ ഏറെ പ്രതീക്ഷ കോൺഗ്രസിനാണ്. ബിജെപിയിലെ മുതിർന്ന നേതാക്കൾ ഇതിനോടകം തന്നെ കമൽനാഥുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. പാർട്ടി വിട്ട് വന്നാൽ ബിജെപി നേതാക്കളെ കോൺഗ്രസ് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയേക്കും.
'പുകഞ്ഞ കൊള്ളി പുറത്ത്'; മധ്യപ്രദേശിൽ വെട്ടിനിരത്തലുമായി കമൽനാഥ്!! തെറിച്ചത് പത്ത് പേർ