ചൂടേറിയ ചർച്ചകൾക്കും സാംസ്കാരിക ആഘോഷങ്ങൾക്കും വിരാമം; ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു
5 ദിവസം നീണ്ടുനിന്ന 18ാമത് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവെലിന് തിരശീല വീണു. ജയ്പൂരിലെ ഹോട്ടൽ ക്ലാർക്സ് അമേറിൽ വെച്ചായിരുന്നു സമാപന ചടങ്ങ്. നൊബേൽ സമ്മാന ജേതാക്കൾ, ബുക്കർ സമ്മാന വിജയികൾ, എഴുത്തുകാർ, കവികൾ, നയതന്ത്രജ്ഞർ എന്നിങ്ങനെ 300 ഓളം പ്രതിഭകളാണ് പരിപാടിയിൽ വിശിഷ്ടാതിഥികളായി എത്തിയത്.
നോബൽ സമ്മാന ജേതാവ് വെങ്കി രാമകൃഷ്ണൻ്റെ മുഖ്യ പ്രഭാഷണത്തോടെ ജനുവരി 30 നായിരുന്നു ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. കലയും ശാസ്ത്രവും സമന്വയിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. തുടർന്നുള്ള ദിവസങ്ങളിൽ സാഹിത്യം, രാഷ്ട്രീയം, മനുഷ്യാവകാശങ്ങൾ, ലിംഗസമത്വം, ആരോഗ്യം, സിനിമ, സംഗീതം, പ്രസിദ്ധീകരണ വ്യവസായം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ചർച്ചകളും സംവാദങ്ങളും നടന്നു.

നൊബേൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനർജി, ഫ്രഞ്ച്-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ എസ്തർ ഡഫ്‌ളോ, നടൻ അമോൽ പലേക്കർ, എഴുത്തുകാരികളായ ഇറാ മുഖോട്ടി, ഗീതാഞ്ജലി ശ്രീ, നാടകകൃത്ത് ഡേവിഡ് ഹാരെ, ക്യിവിൽ നിന്നുള്ള എഴുത്തുകാരൻ യാരോസ്ലാവ് ത്രോഫിമോവ്, ആന്ത്രോപോളജിസ്റ്റ് മുകുളിക ബാനർജി, മുൻ നയതന്ത്രജ്ഞൻ മൻപ്രീത് വോഹ്‌റ, എഴുത്തുകാരി സലിൽ ത്രിപാഠി, മാധ്യമപ്രവർത്തക ജോർജിന ഗോഡ്‌വിൻ, ഇസ്രായേലി പത്രപ്രവർത്തകൻ ഗിഡിയൻ ലെവി, ചലച്ചിത്ര സംവിധായകൻ മാനവ് കൗൾ, ഗാനരചയിതാവ് ജാവേദ് അക്തർ, നടൻ രാഹുൽ ബോസ്, എഴുത്തുകാരായ യുവാൻ ആവേസ്, ഷാഹു പടോലെ, കല്ലോൽ ഭട്ടാചാരി തുടങ്ങിയ പ്രമുഖരാണ് പരിപാടിയിൽ അതിഥികളായെത്തിയത്.
നിരവധി പുസ്തക പ്രകാശനങ്ങളും ഫെസ്റ്റിവെലിൽ നടന്നു. ദേവിയും അവതാരങ്ങളും, ഇന്ത്യൻ കലയുടെ മൂന്നാം കണ്ണ് തുടങ്ങിയ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. പരമ്പരാഗത കലയെ സംരക്ഷിക്കുന്നതിനുള്ള സംഭാവനകൾക്കായുള്ള ഓജസ് അവാർഡും സമ്മാനിച്ചു . ജയ്പൂർ ആസ്ഥാനമായുള്ള മിനിയേച്ചർ ആർട്ടിസ്റ്റുകളായ വിനിത ശർമ്മയ്ക്കും അജയ് ശർമ്മയ്ക്കുനാണ് പുരസ്കാരം നൽകിയ. കൈലാഷ് ഖേറിൻ്റെ മാസ്മരിക സംഗീത പ്രകടനത്തോടെയായിരുന്നു ഫെസ്റ്റിവൽ അവസാനിച്ചത്.












Click it and Unblock the Notifications