വഖഫ് ബില്‍: ജെപിസി യോഗത്തിനിടെ വാക്കേറ്റം; തൃണമൂല്‍ എംപിക്ക് പരിക്ക്
ന്യൂഡല്‍ഹി: വഖഫ് ബില്ലിന്മേലുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ വാക്കേറ്റം. ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും കല്യാണ്‍ ബാനര്‍ജിയും തമ്മിലാണ് രൂക്ഷമായ വാക്കേറ്റമുണ്ടായത്. തര്‍ക്കത്തിനിടെ കല്യാണ്‍ ബാനര്‍ജിക്ക് ഗ്ലാസ് വാട്ടര്‍ ബോട്ടില്‍ പൊട്ടി കൈക്ക് പരിക്കേറ്റു. തര്‍ക്കം രൂക്ഷമായപ്പോള്‍ കല്യാണ്‍ ബാനര്‍ജി ഒരു ഗ്ലാസ് വാട്ടര്‍ ബോട്ടില്‍ എടുത്ത് മേശയില്‍ ഇടിക്കുകയായിരുന്നു.
ഇതിനിടെ അദ്ദേഹത്തിന്റെ കൈക്ക് തന്നെ പരിക്കേല്‍ക്കുകയായിരുന്നു എന്ന് വൃത്തങ്ങള്‍ പറയുന്നു. കല്യാണ്‍ ബാനര്‍ജിയുടെ കൈയില്‍ നാല് സ്റ്റിച്ചിടേണ്ടി വന്നതായാണ് വിവരം. ബാനര്‍ജിയുടെ വലതു തള്ളവിരലിന് 1.5 സെന്റീമീറ്റര്‍ പൊട്ടലും ചെറുവിരലില്‍ മുറിവുമേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിയും എഎപി നേതാവ് സഞ്ജയ് സിംഗും ചേര്‍ന്ന് അദ്ദേഹത്തെ യോഗം നടന്ന ഹാളില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു.

പാര്‍ലമെന്റ് അനക്സില്‍ നടന്ന യോഗം പിന്നീട് അല്‍പനേരം നിര്‍ത്തിവെക്കേണ്ടി വന്നു. ബിജെപിയുടെ ജഗദാംബിക പാല്‍ അധ്യക്ഷയായ സമിതി വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേള്‍ക്കുന്നതിനിടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചത്. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ കല്യാണ്‍ ബാനര്‍ജി ശ്രമിക്കുമ്പോഴെല്ലാം ബിജെപിയുടെ അഭിജിത് ഗംഗോപാധ്യായ ഇതിനെ എതിര്‍ത്തു.
തുടര്‍ന്ന് ബാനര്‍ജി അദ്ദേഹത്തിനെതിരെ അണ്‍പാര്‍ലമെന്ററി ഭാഷ ഉപയോഗിച്ചു എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതാണ് പിന്നീട് വാക്ക് തര്‍ക്കത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ആഴ്ചയും കല്യാണ്‍ ബാനര്‍ജി ബിജെപി എംപിമാരായ നിഷികാന്ത് ദുബെ, ദിലീപ് സൈകിയ, അഭിജിത് ഗാംഗുലി എന്നിവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണ് വിവരം.
ബിജെപി എംപിമാര്‍ അപകീര്‍ത്തികരമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ജഗദാംബിക പാല്‍ ചട്ടങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ബിജെപി എംപിമാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം പ്രതിപക്ഷം ജെപിസി ചെയര്‍പേഴ്‌സനെ ഭീഷണിപ്പെടുത്തുകയാണ് ബിജെപി ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ എംപിമാര്‍ ചില രേഖകള്‍ വലിച്ചുകീറിയെന്ന് ആരോപിച്ച് ബിജെപി നേതാവ് തേജസ്വി സൂര്യ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ചിട്ടുണ്ട്. ജൂലൈ 28 നാണ് വഖഫ് (ഭേദഗതി) ബില്‍ കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പ് കണക്കിലെടുത്ത് ബില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.












Click it and Unblock the Notifications