വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം, കേന്ദ്രം വഴങ്ങി; ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: വഖഫ് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. മേയ് അഞ്ചിന് കേസ് വീണ്ടും ഹര്‍ജി പരിഗണിക്കും. വഖഫ് സ്വത്തുക്കളില്‍ അത് വരെ തല്‍സ്ഥിതി തുടരണം എന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വഖഫ് ബോര്‍ഡുകളിലും കൗണ്‍സിലിലും മുസ്ലീങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള വിവാദ വഖഫ് നിയമത്തിലെ ശുപാര്‍ശകളില്‍ പലതും കോടതി നിര്‍ത്തിവെച്ചിട്ടുണ്ട്.
വഖഫ് സ്വത്തുക്കള്‍ അതുവരെ ഡീനോട്ടിഫൈ ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. അതേസമയം വഖഫ് ബോര്‍ഡുകളിലേക്ക് നിയമനങ്ങള്‍ നടത്തില്ലെന്ന് കേന്ദ്രം സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കി. പുതിയ നിയമം വഖഫ് ബോര്‍ഡുകളുടെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്നതും മുസ്ലീങ്ങളല്ലാത്തവരെ അംഗങ്ങളായി ഉള്‍പ്പെടുത്തുന്നത് നിര്‍ബന്ധമാക്കുന്നതുമാണ്.

എന്നാല്‍ കോടതി ഇക്കാര്യങ്ങളില്‍ എല്ലാം സംശയം ഉന്നയിക്കുകയും കേന്ദ്രത്തോട് വ്യക്തത തേടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. '2025 ലെ നിയമപ്രകാരം ബോര്‍ഡ്, കൗണ്‍സിലുകള്‍ എന്നിവയിലേക്ക് അടുത്ത തീയതി വരെ നിയമനം നടക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉറപ്പുനല്‍കി. വിജ്ഞാപനത്തിലൂടെയോ ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോ ആയ വഖഫ് ഉള്‍പ്പെടെയുള്ള വഖഫുകളുടെ പദവി മാറ്റില്ലന്നും അദ്ദേഹം ഉറപ്പുനല്‍കുന്നു,' കോടതി ഉത്തരവില്‍ പറഞ്ഞു.
കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മറുപടി നല്‍കാന്‍ ഏഴ് ദിവസത്തെ സമയം ആവശ്യപ്പെട്ടു. അതിനുശേഷം അഞ്ച് ദിവസത്തിനുള്ളില്‍ പ്രതിവാദം സമര്‍പ്പിക്കാന്‍ കോടതി ഹര്‍ജിക്കാര്‍ക്ക് അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി വി സഞ്ജയ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കേസ് വീണ്ടും പരിഗണിക്കും.
മെയ് 5 ന് അടുത്ത വാദം കേള്‍ക്കല്‍ ആരംഭിക്കും. അന്ന് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നിയമത്തെ എതിര്‍ക്കുന്ന ഹര്‍ജിക്കാരുടെയും പ്രതികരണങ്ങള്‍ സമര്‍പ്പിക്കും. അഞ്ച് ഹര്‍ജികള്‍ പ്രധാന ഹര്‍ജികളായി തിരഞ്ഞെടുക്കേണ്ടത് ഏതെല്ലാം ആയിരിക്കണം എന്നത് ഹര്‍ജിക്കാര്‍ തീരുമാനിക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. അതേസമയം 1995 ലെയും 2013-ലെയും മുന്‍ വഖഫ് നിയമങ്ങള്‍ ചോദ്യം ചെയ്ത് ഹിന്ദു കക്ഷികള്‍ സമര്‍പ്പിച്ച കേസുകള്‍ സുപ്രീം കോടതി വേര്‍തിരിച്ചു.
2025-ലെ നിയമത്തെ ചോദ്യം ചെയ്യുന്ന അഞ്ച് ഹര്‍ജികളും 'ഇന്‍ റീ: വഖഫ് ഭേദഗതി നിയമം 2025' എന്ന പൊതു തലക്കെട്ടില്‍ പട്ടികപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു. ബുധനാഴ്ച ഹര്‍ജി പരിഗണിച്ചപ്പോഴും ുപ്രീം കോടതി ബെഞ്ച് വഖഫ് ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications