'എന്താണ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട? ഈ 9 വിഷയങ്ങൾ ചർച്ച ചെയ്യണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി
ഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്താതെയാണ് സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നതെന്നും സമ്മേളനത്തിന്റെ അജണ്ടയെ കുറിച്ച് ആർക്കും വ്യക്തതയില്ലെന്നും സോണിയ കത്തിൽ പറഞ്ഞു. വരുന്ന സമ്മേളനത്തിൽ ചർച്ച ചെയ്യേണ്ട 9 വിഷയങ്ങളും സോണിയ കത്തിൽ ചൂണ്ടിക്കാട്ടി.
'ഈ വിഷയങ്ങളിൽ ചർച്ചയ്ക്കും സംവാദത്തിനും ഉചിതമായ നിയമങ്ങൾക്കനുസരിച്ച് സമയം അനുവദിക്കുമെന്ന്ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു',എന്ന് പറഞ്ഞാണ് കത്ത്. കത്തിൽ പ്രതിപാദിക്കുന്ന വിഷയങ്ങൾ ഇങ്ങനെ

1.അവശ്യസാധനങ്ങളുടെ വിലക്കയറ്റം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, അസമത്വം, എംഎസ്എംഇകൾ നേരിടുന്ന പ്രതിസന്ധി എന്നിവയിൽ ഊന്നിയുള്ള നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച്
2.കർഷകരോടും കർഷക സംഘടനകളോടും എംഎസ്പിയെ സംബന്ധിച്ച് സർക്കാർ നൽകിയ ഉറപ്പിനെ കുറിച്ച്
3. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അദാനി ബിസിനസ് ഗ്രൂപ്പിന്റെ ഇടപാടുകൾ അന്വേഷിക്കാൻ ജെപിസി വേണമെന്ന ആവശ്യം
4.മണിപ്പൂരിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ദുരിതവും സംസ്ഥാനത്തെ ഭരണഘടനാ സംവിധാനങ്ങളുടെയും സാമൂഹിക ഐക്യത്തിന്റെയും തകർച്ചയും
5.ഹരിയാന പോലുള്ള വിവിധ സംസ്ഥാനങ്ങളിൽ വർഗീയ സംഘർഷം വർദ്ധിക്കുന്ന സാഹചര്യം
6. ഇന്ത്യൻ പ്രദേശത്തേക്കുള്ള ചൈനയുടെ തുടർച്ചയായ അധിനിവേശവും ലഡാക്കിലെയും അരുണാചൽ പ്രദേശിലെയും അതിർത്തികളിൽ നമ്മുടെ പരമാധികാരത്തിനെതിരായ വെല്ലുവിളികളും.
7.ജാതി സെൻസസ്
8. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾക്കിടയിലെ തകർച്ച
9.വിവിധ സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങളുടെ ആഘാതം', കത്തിൽ സോണിയ ഗാന്ധി പറഞ്ഞു.
അതേസമയം സോണിയയ്ക്ക് മറുപടിയുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി രംഗത്തെത്തി. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാൻ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തുന്ന പതിവ് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിന്റെ പ്രവർത്തനത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് സോണിയ ഗാന്ധി ശ്രമിക്കുന്നതെന്നും പ്രഹ്ളാദ് ജോഷി ആരോപിച്ചു.
സപ്റ്റംബർ 18 മുതൽ 22 വരെയാണ് കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. ഫലപ്രദമായ ചർച്ചകൾ നടത്താനാണ് സമ്മേളനം എന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേള്ളനത്തിൽ ഉണ്ടാകും എന്നും മന്ത്രി പറഞ്ഞിരുന്നു.
പ്രത്യേക സമ്മേളനം വിളിച്ച് ചേർത്തതിന് പിന്നിലുള്ള അജണ്ടകൾ എന്താണെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച ബിൽ ഉൾപ്പെടെ പല ബില്ലുകളും പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications