മോദി-ബൈഡന്‍ കൂടിക്കാഴ്ച്ച പ്രതിരോധ മേഖലയില്‍ നേട്ടമാകുമോ? ഇന്ത്യക്ക് എന്തെല്ലാം പ്രതീക്ഷിക്കാം
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറെ തന്ത്രപ്രധാനപ്പെട്ട യുഎസ് സന്ദര്‍ശനം ജൂണ്‍ 21ന് ആരംഭിക്കുകയാണ്. ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് ഈ സന്ദര്‍ശനത്തെ കാണുന്നത്. അതിന് ഏറെ കാരണങ്ങളുമുണ്ട്. പ്രതിരോധ വ്യവസായ സഹകരണത്തിന് പ്രാധാന്യം നല്‍കുന്നതായിരിക്കും മോദി-ബൈഡന്‍ കൂടിക്കാഴ്ച്ച.
ആയുധങ്ങള്‍ വാങ്ങുന്നതും, അതുപോലെ നിര്‍മിക്കുന്നതുമായ പദ്ധതികള്‍ക്കാണ് മോദിയുടെ സന്ദര്‍ശനത്തില്‍ മുന്‍ഗണന നല്‍കുക. ദീര്‍ഘ ദൂര ആയുധങ്ങള്‍, ജെറ്റ് എഞ്ചിനുകള്‍, സൈനിക വാഹനങ്ങള്‍ എന്നിവയെല്ലാം ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധ്യത ഏറെയാണ്. അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക് ഇന്ത്യയില്‍ സൈനിക ജെറ്റുകള്‍ ഉല്‍പ്പാദിപ്പിക്കും. ഇത് ഇന്ത്യയുടെ സഹകരണത്തോടെയായിരിക്കും.

ജനറല്‍ ഇലക്ട്രിക്‌സും-ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും ചേര്‍ന്നാണ് ജെറ്റ് എഞ്ചിനുകള്‍ സംയുക്തമായി നിര്‍മിക്കുക. ഈ സാങ്കേതികവിദ്യയാണ് ആദ്യം യുഎസ് ഇന്ത്യക്ക് കൈമാറുക. എംക്യൂ-9ബി ആംഡ് ഡ്രോണുകളും യുഎസ്സില്‍ നിന്ന് ഇന്ത്യ വാങ്ങും.
മോദി-ബൈഡന്‍ കൂടിക്കാഴ്ച്ചയില്‍ ഇതിനുള്ള ധാരണയുണ്ടാവും. ഇരുവരും ചേര്‍ന്നായിരിക്കും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇക്കാര്യം പ്രഖ്യാപിക്കുക. ഈ കരാറുകളൊന്നും പ്രഖ്യാപിക്കുമെന്ന് ഇതുവരെ ഔദ്യോഗികമായി ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവ യുഎസ്സും ഇന്ത്യയും സജീവമായി പരിഗണിക്കുണ്ടെന്നാണ് പറയുന്നത്.
കൂടുതല്‍ മികച്ച സാങ്കേതിക വിദ്യ യുഎസ്സില്‍ നിന്ന് ഇന്ത്യ സ്വന്തമാക്കാനും സാധ്യതയേറെയാണ്. പ്രതിരോധ-ഹൈ ടെക് വ്യാപാര മേഖലയിലെ നൂതനമായ സാങ്കേതികവിദ്യകളിലുള്ള തടസ്സങ്ങള്‍ ഇതിലൂടെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡ്രോണുകള്‍ക്കായുള്ള രണ്ട് മുതല്‍ മൂന്ന് ബില്യണ്‍ വരെയുള്ള കരാറായിരിക്കും മോദിയുടെ സന്ദര്‍ശനത്തില്‍ പ്രഖ്യാപിക്കപ്പെടാന്‍ സാധ്യതയുള്ള പദ്ധതികളില്‍ പ്രധാനപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിര്‍ത്തിയിലെ നിരീക്ഷണങ്ങള്‍ക്കും, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ഈ ഡ്രോണുകള്‍ ഇന്ത്യക്ക് സഹായകരമാകും.
അതേസമയം യുഎസ്സില്‍ ചില നിര്‍ണായക പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിന ആഘോഷങ്ങളില്‍ പങ്കെടുത്താണ് സന്ദര്‍ശനം ഔദ്യോഗികമായി ആരംഭിക്കുക. ന്യൂയോര്‍ക്കില്‍ പ്രമുഖ വ്യക്തികളെ അദ്ദേഹം കാണും. കപ്പാസിറ്റി-ബിള്‍ഡിംഗ് ഇവന്റിലും അദ്ദേഹം പങ്കെടുക്കും.
അതിന് ശേഷമാണ് വാഷിംഗ്ടണ്‍ ഡിസിയിലേക്ക് മടങ്ങുക. വൈറ്റ് ഹൗസിലെ വിരുന്നിനും, സ്വാഗത ചടങ്ങുകള്‍ക്കും ശേഷം മോദി ബൈഡനുമായുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. യുഎസ്സിലെ വമ്പന്‍ കമ്പനികളുമായി അതിന് ശേഷം അദ്ദേഹം സംസാരിക്കും.
ഈ കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാവും. റീഗന്‍ സെന്ററില്‍ ഇന്ത്യന്‍-അമേരിക്കന്‍ വംശജരെയും അദ്ദേഹം അഭിസംബോധന ചെയ്യും.












Click it and Unblock the Notifications