യുപിയില്‍ ഉയര്‍ന്ന് വന്ന ദളിത് മുഖം; ആരാണ് യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ദിനേശ് ഖതിക്
ലഖ്‌നൗ: കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ നിന്ന് ജലശക്തി സഹമന്ത്രി ദിനേഷ് ഖതിക് രാജി വെച്ചത്. സംഘടനാ തലത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയായ ദിനേഷ് ഖതികിന്റെ രാജി യോഗി ആദിത്യനാഥിനും യു പി ബി ജെ പിക്കും കനത്ത തിരിച്ചടിയാണ്.
തന്റെ മന്ത്രാലയത്തില്‍ അഴിമതിയുണ്ടെന്നും ദളിത് വ്യക്തിത്വത്തിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ തന്നെ അവഗണിക്കുകയാണെന്നുംമാണ് ദിനേഷ് ഖതിക് രാജി കത്തില്‍ ആരോപിച്ചിരിക്കുന്നത്. ഖതിക്കിന്റെ രാജിക്കത്ത് ലഭിച്ചതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചെങ്കിലും ബുധനാഴ്ച രാത്രി വരെ അദ്ദേഹത്തിന്റെ രാജി സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

മീററ്റിലെ ഹസ്തിനപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എം.എല്‍.എയായ 45 കാരനായ ഖതിക് പടിഞ്ഞാറന്‍ യുപിയിലെ ബി ജെ പിയുടെ പ്രമുഖ ദളിത് നേതാക്കളില്‍ ഒരാളാണ്. തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദിത്യനാഥ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ എട്ട് ദളിത് മുഖങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.

പിതാവിനെപ്പോലെ തന്നെ രാഷ്ട്രീയ സ്വയം സേവക് സംഘുമായി (ആര്‍ എസ് എസ്) അടുത്ത ബന്ധമുണ്ട് ഖതിക്കിന്. രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ ഉയര്‍ച്ച ശ്രദ്ധേയമാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ആദ്യമായി ഹസ്തിനപുരില്‍ നിന്ന് എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, പ്രാദേശിക പ്രശ്നങ്ങള്‍ നിരന്തരം ഏറ്റെടുത്ത്, വിവിധ ക്ഷേമപദ്ധതികളും മറ്റുമായി തന്റെ അനുനായികളെ അടുപ്പിച്ച് നിര്‍ത്തി അദ്ദേഹം മീററ്റ് രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു.

അതിനാല്‍ 2022 ഫെബ്രുവരി-മാര്‍ച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആദിത്യനാഥ് തന്റെ മന്ത്രിസഭാ വികസനം നടത്തിയപ്പോള്‍, പുതുമുഖം ജിതിന്‍ പ്രസാദ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം അദ്ദേഹം ഖതിക്കിനെ മന്ത്രിയാക്കി.

തന്റെ ആദ്യ മന്ത്രിപദത്തിലും ഖതിക്കിന് ജലശക്തി വകുപ്പിന്റെ സഹമന്ത്രി സ്ഥാനം തന്നെയാണ് അനുവദിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആദിത്യനാഥ് ഭരണത്തിനെതിരെ ഖതിക്ക് വിമര്‍ശനം ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മീററ്റിലെ ഗംഗാനഗര്‍ പോലീസ് സ്റ്റേഷനിലെത്തി രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവിടെ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

പ്രദേശവാസിയായ യുവാവിനെ മര്‍ദിച്ചതില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതികളായ പൊലീസുകാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഖത്തിക്കിനെ സമാധാനിപ്പിക്കാനും അദ്ദേഹത്തെ കേള്‍ക്കുമെന്ന് ഉറപ്പുനല്‍കാനും ബി ജെ പി നേതൃത്വം ഡെപ്യൂട്ടി മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ മീററ്റിലേക്ക് അയച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

താന്‍ ആദ്യമായി സഹമന്ത്രിയാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്, മീററ്റ് ആസ്ഥാനമായുള്ള ഒരു അഭിഭാഷകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന ആരോപണവും ഖതിക്ക് നേരിടേണ്ടി വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2021 ഫെബ്രുവരിയില്‍ ചില അഭിഭാഷകര്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

എന്നിരുന്നാലും, ഖാതിക് മീററ്റ് ബെല്‍റ്റില്‍ ഒരു ജനപ്രിയ നേതാവാണ്, യുപിയിലെ ഒരു പ്രധാന ദളിത് മുഖമായി അദ്ദേഹത്തെ വളര്‍ത്തിയെടുക്കാന്‍ ബി ജെ പി പദ്ധതിയിട്ടിരുന്നു. 2017ലെയും 2022ലെയും തെരഞ്ഞെടുപ്പുകളില്‍ ബി എസ് പി സ്ഥാനാര്‍ത്ഥി യോഗേഷ് വര്‍മ്മയെ പരാജയപ്പെടുത്തിയാണ് ബിജെപി ടിക്കറ്റില്‍ ഗുജ്ജറുകളും മുസ്ലീങ്ങളും കൂടുതലായി അധിവസിക്കുന്ന ഹസ്തിനപൂരില്‍ ജയിച്ചത്.

പാര്‍ട്ടി നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ രണ്ടാം ഭരണകാലത്ത് അദ്ദേഹം 'വലിയ പങ്ക്' പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹവും സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ കൂടിയായ ജല്‍ ശക്തി കാബിനറ്റ് മന്ത്രി സ്വതന്ത്ര ദേവ് സിംഗും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിന് കാരണമായതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
ചിരിയാണ് സാറെ മെയിന്‍...സ്ലീവ് ലെസ് ഫ്രോക്കില്‍ തിളങ്ങി മീനാക്ഷി, കിടിലന്‍ ചിത്രങ്ങള്‍












Click it and Unblock the Notifications