നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലെ 'ബുദ്ധികേന്ദ്രം', ആരാണ് സഞ്ജീവ് മുഖിയ; എന്‍ഡിഎയുമായി വരെ ബന്ധം
നീറ്റ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദം രാജ്യമാകെ കത്തിനില്‍ക്കുകയാണ്. കേസ് ഇതിനോടകം സിബിഐക്ക് കൈമാറി കഴിഞ്ഞു. എന്നാല്‍ ബീഹാര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെയും സിബിഐയും അന്വേഷണത്തില്‍ മുഖ്യ സൂത്രധാരനായി കണ്ടെത്തിയിരിക്കുന്നത് ഒരാളാണ്. സഞ്ജീവ് കുമാര്‍ മുഖിയ എന്നാണ് ഇയാളുടെ പേര്.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചത് സഞ്ജീവ് കുമാറാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സോള്‍വര്‍ ഗ്യാങ് എന്ന് അന്വേഷണ സംഘം വിളിക്കുന്ന സംഘത്തിന്റെ തലവനാണ് അദ്ദേഹമെന്നാണ് സംശയിക്കപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഒരു ശൃംഖലയാണിത്. പണം നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് ചോദ്യപ്പേപ്പര്‍ എത്തിച്ച് നല്‍കുന്നതാണ് ഇവരുടെ ശൈലി.

51കാരനായ മുഖിയ അഞ്ചോളം സുപ്രധാന ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പങ്കാളിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ബീഹാറിലെ അധ്യാപക റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയടക്കം ഇതില്‍ വരും. നേരത്തെ അധ്യാപക റിക്രൂട്ട്‌മെന്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ സഞ്ജീവ് കുമാറിന്റെ മകന്‍ ഡോ ശിവ് അഥവാ ബിട്ടു അറസ്റ്റിലായിരുന്നു.
നളന്ദ സ്വദേശിയായ മുഖിയ നിലവില്‍ ഒളിവിലാണ്. ബീഹാറിലെ കോടതിയില്‍ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. നളന്ദയിലെ ഭൂട്ടഹക്കാര്‍ പഞ്ചായത്തിന്റെ മുന്‍ ഗ്രാമമുഖ്യയായിരുന്നു മുഖിയയുടെ ഭാര്യ. രണ്ട് ദശാബ്ദത്തോളമായി ചോദ്യപ്പേപ്പര്‍ ചോര്‍ത്തുന്ന റാക്കറ്റിന്റെ ഭാഗമാണ് ഇയാള്‍.
1990കളില്‍ രഞ്ജീത്ത് ഡോണ്‍ എന്നയാളുടെ അനുയായി ആയിരുന്നു മുഖിയ. രഞ്ജീത്ത് നിരവധി പരീക്ഷാ റാക്കറ്റുകളുടെ ഭാഗമായിരുന്നു. ഇത് രണ്ടായിരത്തിന്റെ തുടക്കത്തിലും തുടര്‍ന്നു. അതിന് ശേഷമാണ് സ്വന്തം നിലയില്‍ റാക്കറ്റ് ആരംഭിച്ചത്. നളന്ദ നൂര്‍സരായിയിലെ ഉദ്യാന്‍ വിദ്യാലയത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റായിരുന്നു മമുഖിയ പത്ത് വര്‍ഷക്കാലം.
ബീഹാറിന് അകത്തും പുറത്തുമായി കുറഞ്ഞ് നാല് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലെങ്കിലും ഇയാള്‍ പങ്കാളിയായിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നു. രണ്ട് തവണ മുഖിയ അറസ്റ്റിലായിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് ബ്ലോക് തലത്തിലുള്ള പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയിലായിരുന്നു ആദ്യ അറസ്റ്റ്. 2016ല്‍ ഉത്തരാഖണ്ഡിലെ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു രണ്ടാമത്തെ അറസ്റ്റ്.
മുഖിയയുടെ മകന്‍ ശിവ് ഡോക്ടറായിരുന്നു. ബീഹാര്‍ അധ്യാപക റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ ഇയാള്‍ ക്രമക്കേടുകള്‍ കാണിച്ചുവെന്നായിരുന്നു ആരോപണം. മുഖിയയും ആരോപണവിധേനായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.
മുഖിയയുടെ അടുത്തയാളായ ബല്‍ദേവ് കുമാറിനാണ് ചോദ്യപ്പേപ്പറിന്റെ പകര്‍പ്പ് ലഭിച്ചത്. പരീക്ഷയുടെ അന്ന് ഇയാള്‍ ഉത്തരം അടക്കം മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു. ബല്‍ദേവ് കേസിലെ പ്രതികളില്‍ ഒരാളാണ്. ജാര്‍ഖണ്ഡില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
അതേസമയം മുഖിയക്ക് രാഷ്ട്രീയ ബന്ധങ്ങളുമുണ്ട്. പലരെയും ഉപയോഗിച്ചായിരുന്നു രാഷ്ട്രീയത്തില്‍ ഇയാള്‍ സ്വാധീനം ചെലുത്തിയിരുന്നത്. മുഖിയയുടെ ഭാര്യ മമത ദേവി 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജെഡിയു വിട്ട് ലോക്ജനശക്തി പാര്‍ട്ടിയിലെത്തിയിരുന്നു.
നളന്ദയിലെ ഹര്‍നോട്ടില്‍ നിന്ന് മത്സരിച്ചെങ്കിലും അവര്‍ പരാജയപ്പെട്ടു. ആര്‍ജെഡി നേരത്തെ മമത ദേവിയും ജെഡിയു നേതാക്കളും, എന്‍ഡിഎയിലെ മറ്റ് നേതാക്കളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ വിഷയത്തില്‍ ജെഡിയുവും ചിരാഗ് പാസ്വാനും പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications