ഹിമാചലിൽ കോൺഗ്രസ് സർക്കാർ വിശ്വാസം നേടുമോ?; കണക്കിലെ കളികൾ ഇങ്ങനെ
ഷിംല: രാജ്യസഭ തിരഞ്ഞെടുപ്പിൽ എം എൽ എമാർ കാലുമറിയതോടെ ഹിമാചലിൽ കോൺഗ്രസ് സർക്കാരിന്റെ ഭാവി തുലാസിലായിരിക്കുകയണ്. കോൺഗ്രസിലെ 6 എം എൽ എമാരും 3 സ്വതന്ത്രരും ബി ജെ പിയുടെ ഹർഷ് മഹാജന് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിങ്‌വി അപ്രതീക്ഷിത തോൽവി നേരിട്ടു.
കൂറുമാറ്റത്തോടെ ഇരുപക്ഷത്തിനും 34 പേരുടെ പിന്തുണയാണ് നിലവിൽ
ഉള്ളത്. ഈ സാഹചര്യത്തിൽ വിശ്വാസ വോട്ടെടുപ്പ് നടന്നാൽ അതിനെ മറികടക്കാൻ കോൺഗ്രസിന് കഴിയുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ഹിമാചൽ പ്രദേശിൽ ആകെ 68 അംഗ സഭയാണ് ഉള്ളത്. ഇതിൽ 35 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 2022 ലെ തിരഞ്ഞെടുപ്പിൽ 40 സീറ്റുകൾ നേടിയായിരുന്നു ഹിമാചലിൽ കോൺഗ്രസ് വിജയിച്ചത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയും പാർട്ടിക്ക് ലഭിച്ചിരുന്നു. ബി ജെ പിക്ക് ലഭിച്ചതാകട്ടെ 25 സീറ്റുകളും.
കൂറുമാറ്റത്തിന് പിന്നാലെ ഇന്ന് നിയമസഭയിലെ 15 ബി ജെ പി അംഗങ്ങളെ സ്പീക്കർ പുറത്താക്കിയിരുന്നു. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും സംഘവും ഗവർണറെ കണ്ടതിന് പിന്നാലെയായിരുന്നു നടപടി. സഭയില്‍ മുദ്രാവാക്യം വിളിച്ചതിനും മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി സ്വീകരിച്ചത് .
അതേസമയം എം എൽ എമാരെ പുറത്താക്കിയതോടെ സസ്പെന്റ് ചെയ്തതാണോയെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. പുറത്താക്കിയതാണെങ്കിൽ സഭയുടെ അംഗബലം 53 ആയി ചുരുങ്ങും. അതായത് കേവല ഭൂരിപക്ഷത്തിന് വെറും 27 പേരുടെ പിന്തുണ മാത്രമായിരിക്കും ആവശ്യം.
നിലവിലെ സാഹചര്യത്തിൽ 34 പേരുടെ പിന്തുണയുള്ള കോൺഗ്രസിന് ഈ സംഖ്യ എളുപ്പം മറികടക്കാം എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഈ 34 പേരും കോൺഗ്രസിനെ പിന്തുണയ്ക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അതേസമയം എം എൽ എമാരെ സസ്പെന്റ് ചെയ്തതാണെങ്കിൽ സഭയുടെ അംഗബലം 68 ആയിരിക്കും. അതായത് കേവല ഭൂരിപക്ഷത്തിന് 35 പേരാണ് ആവശ്യം. കോൺഗ്രസിന് 34 പേരുടെ പിന്തുണയും. അത്തരമൊരു സാഹചര്യത്തിൽ വിശ്വാസവോട്ട് വിജയിക്കാൻ കോൺഗ്രസിന് സാധിക്കില്ല. എന്ന് മാത്രമല്ല രാജ്യസഭ തിരഞ്ഞെടുപ്പിൽ നടന്ന രീതിയിലുള്ള വമ്പൻ അട്ടിമറികൾക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതുകൊണ്ട് തന്നെ ഹിമാചൽ ഭരണവും ബി ജെ പിയുടെ കൈകളിൽ എത്താൻ അധികം വൈകില്ലെന്നുള്ള വിലയിരുത്തലുകളും ശക്തമാണ്.












Click it and Unblock the Notifications