ഗുലാം നബിയുടെ പാർട്ടി തകരുമോ? കൂടുതൽ പേർ കോൺഗ്രസിലേക്കെന്ന് ജയ്റാം രമേശ്
ഭാരത് ജോഡോ യാത്ര കാശ്മീരിലേക്ക് കടക്കാനിരിക്കവെ ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് ആസാദ് പാർട്ടിയിൽ നിന്നും കൂടുതൽ പേർ കോൺഗ്രസിൽ എത്തുമെന്ന് മുതിർന്ന നേതാവ് ജയ്റാം രമേശ്. ഈ മാസം ആദ്യം കോൺഗ്രസ് വിട്ട് ആസാദിനൊപ്പം ചേർന്ന 17 പേർ കോൺഗ്രസിലേക്ക് മടങ്ങിയിരുന്നു. മുൻ ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരാണ് പാർട്ടിയിലേക്ക് തിരിച്ചെത്തിയത്.

തങ്ങളുടെ ലീവ് അവസാനിപ്പിച്ച് ആസാദിന്റെ പാർട്ടിയിൽ നിന്നും നാളെ കൂടുതൽ പേർ കോൺഗ്രസിലേക്ക് മടങ്ങിയെത്തു. 19 ന് ഭാരതd ജോഡോ യാത്രയെ സ്വാഗതം ചെയ്യാനിരിക്കുന്ന ജമ്മുവിൽ നിന്നും ഇത്തരം വാർത്തകൾ നമ്മുക്ക് പ്രതീക്ഷിക്കാം',ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്,മുൻ മന്ത്രിമാരായ പിർസാദ മുഹമ്മദ് സയിദ്, മനോഹർ ലാൽ, ബൽവാൻ സിംഗ്, എം എൽ മാരടക്കമുള്ളവരാണ് കോൺഗ്രസിൽ തിരിച്ചെത്തിയിത്.

കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് രാജി വെച്ച ആസാദ് തൊട്ട് പിന്നാലെയാണ് ജമ്മുകാശ്മീർ കേന്ദ്രമായി സ്വന്തം പാർട്ടി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കോൺഗ്രസിൽ നിന്നും ആസാദിന്റെ പാർട്ടിയിലേക്ക് നേതാക്കൾ ഒഴുകുകയായിരുന്നു. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരായിരുന്നു കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ആസാദിനൊപ്പം ചേർന്നത്. ഇതോടെ ആത്മവിശ്വാസം ഉയർന്ന നിലയിലായിരുന്നു ആസാദും ക്യാമ്പും. നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ ശക്തമായ മത്സരത്തിന് തയ്യാറെടുക്കുകയാണെന്നും ഇതിന് പിന്നാലെ ഗുലാം നബി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ പാർട്ടി പ്രഖ്യാപിച്ച് രണ്ട് മാസം തികയും മുൻപാണ് കോൺഗ്രസിലേക്ക് നേതാക്കൾ ഇങ്ങനെ കൂട്ടത്തോടെ മടങ്ങുന്നത്. നിയമസഭ മോഹവുമായി പ്രവർത്തനങ്ങൾ തുടരുന്ന ആസാദിനെ സംബന്ധിച്ച് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങൾ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ കഴിഞ്ഞ ദിവസം പാർട്ടി ഭാരവാഹികളുടെ യോഗം ജമ്മുവിൽ ആസാദ് വിളിച്ച് ചേർത്തു. കോൺഗ്രസിനെപ്പോലെ ഗ്രൂപ്പിസം പാർട്ടിയിൽ ഉണ്ടാകില്ലെന്നും കൂട്ടായ പ്രവർത്തനവും സംസ്കാരവുമാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതെന്നും യോഗത്തിൽ ഗുലാം നബി പറഞ്ഞു.

സ്വജനപക്ഷപാതവും പ്രീണനവും ഗ്രൂപ്പിസത്തിന്റെ സംസ്‌കാരവും തനിക്ക് സ്വീകാര്യമല്ലെന്നും മെറിറ്റിനെ പ്രോത്സാഹിപ്പിക്കാനാണ് താൻ പാർട്ടി രൂപീകരിച്ചതെന്നും ആസാദ് വ്യക്തമാക്കി. സമാധാനവും വികസനവുമായിരിക്കണം പാർട്ടിയുടെ പ്രധാന അജണ്ട. താഴെത്തട്ടിൽ ജനങ്ങളുമായി ഇടപഴകുകയും പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിക്കുകയും വേണം. ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനും പ്രവർത്തകർ തയ്യാറാകാണമെന്നും ആസാദ് പറഞ്ഞു.












Click it and Unblock the Notifications