പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളില്‍ ബാന്‍ഡേജ് മറന്നു വച്ചു; അണുബാധയെതുടന്ന് യുവതി മരിച്ചു: അന്വേഷണം
ഡെറാഡൂണ്‍: ശസ്ത്രക്രിയയ്ക്കിടെ ഉപകരണങ്ങള്‍ വയറിനുള്ളില്‍ മറന്നുവച്ച് തുന്നിക്കെട്ടുന്ന സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. സമീപ കാലത്ത് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ ഫോര്‍സെപ്‌സ് എന്ന ഉപകരണം മറന്നുവച്ച് തുന്നിക്കെട്ടിയ സംഭവം ആരും മറക്കാന്‍ ഇടയില്ല. കോഴിക്കോട് ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ഉണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. ഇത്തരം ഗുരുതരമായ അനാസ്ഥകള്‍ ആവര്‍ത്തിക്കുന്നതിന്റെ ഒരു റിപ്പോര്‍ട്ടാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്ന് പുറത്തുവരുന്നത്.
ഡെറാഡൂണിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് രോഗിയുടെ മരണത്തിന് വരെ കാരണമായ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളില്‍ ബാന്‍ഡേജ് മറന്നു വച്ചതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം അണുബാധ മൂലം യുവതി മരിച്ചു. 26 കാരിയായ ജ്യോതിപാലിന്റെ ജീവനാണ് അധികൃതരുടെ അനാസ്ഥ മൂലം പൊലിഞ്ഞത്.

പ്രസവസമയത്ത് ഡോക്ടര്‍മാര്‍ വയറ്റിനുള്ളില്‍ ബാന്‍ഡേജ് വച്ച് മറന്നുവെന്ന ഭര്‍ത്താവിന്റെ ആരോപണത്തെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഡെറാഡൂണ്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മനോജ് ശര്‍മയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് ജ്യോതിപാലിന്റെ മരണത്തില്‍ അന്വേഷണം നടത്തുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് സിസേറിയനിലൂടെ ജ്യോതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഐ ആന്‍ഡ് മദര്‍ കെയര്‍ സെന്റര്‍ എന്ന സ്ഥാപനത്തിലായിരുന്നു പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ ജ്യോതിയുടെ വയറിനുള്ളില്‍ ബാന്‍ഡേജ് വെച്ച് മറന്ന് തുന്നിക്കെട്ടിയതായി ഭര്‍ത്താവ് ആരോപിച്ചു. ഈ വീഴ്ചയാണ് തന്റെ ഭാര്യയുടെ മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
പ്രസവത്തിനു ശേഷം ജ്യോതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. ഇതേത്തുടര്‍ന്ന് പ്രസവം നടന്ന ആശുപത്രിയില്‍ തന്നെ ജ്യോതിയെ കൊണ്ടുപോയി. എന്നാല്‍ അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് കാരണം കണ്ടെത്താനായില്ലെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.
ജ്യോതിയുടെ അവസ്ഥ വഷളായതോടെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് വയറിനുള്ളില്‍ ബാന്‍ഡേജ് ഉള്ളതായി കണ്ടെത്തിയത്. ഇത് വയറ്റില്‍ ഗുരുതരമായ അണുബാധയ്ക്ക് കാരണമായി. കടുത്ത അണുബാധ മൂലമാണ് ജ്യോതി മരിച്ചത്.
ഇത്തരം മെഡിക്കല്‍ അനാസ്ഥകള്‍ ഇത് ആദ്യത്തെ സംഭവമല്ല. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഒരു സംഭവത്തില്‍ സി-സെക്ഷന് വിധേയയായ ഒരു സ്ത്രീയുടെ വയറിനുള്ളില്‍ പഞ്ഞിക്കെട്ട് മറന്നുവെച്ചതിന് മീററ്റിലെ ഒരു ഡോക്ടര്‍ക്ക് എതിരെ കേസ് എടുത്തിരുന്നു. ഈ സംഭവത്തില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ഡോക്ടര്‍ ശിഖ ജെയിനിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മറ്റൊരു കേസില്‍ ഫെബ്രുവരിയില്‍ കര്‍ണാടകയിലെ ഒരു സ്വകാര്യ ആശുപത്രിയിലും സമാനമായ സംഭവം ഉണ്ടായി. സി സെക്ഷന്‍ ചെയ്യുന്ന സമയത്ത് ഒരു സ്ത്രീയുടെ വയറ്റില്‍ സര്‍ജിക്കല്‍ മോപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. പിന്നീട് അവരുടെ ജീവന്‍ രക്ഷിക്കാനായി അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു.












Click it and Unblock the Notifications