തലാഖ് വേണ്ട, മുസ്ലിം യുവതി കോടതിയില്‍
ബറേലി: മതാചാര പ്രകാരം തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ മുസ്ലിം യുവതി കോടതിയില്‍. ഭര്‍ത്താവ് മൊഴിചൊല്ലിയതിനെ അംഗീകരിക്കുന്നില്ലെന്നും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഖമര്‍ ജഹാന്‍ എന്ന 28കാരി കോടതിയെ സമീപിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഫരീദ്പൂര്‍ ബ്ലോക്കില്‍ ഭുട്ട ഗൗടിയയിലാണ് സംഭവം.
ഷാജഹാന്‍പൂര്‍ സ്വദേശിയായ ഭര്‍ത്താവ് അര്‍മാന്‍ 2012 ലാണ് ഖമര്‍ ജഹാനെ തലാഖ് ചൊല്ലിയത്. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ഇത്. മൂന്ന് തവണ തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ ഇക്കാര്യം രേഖാമൂലം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു അര്‍മാന്‍. എന്നാല്‍ വിവാഹമോചനത്തിന് ഖമര്‍ ജഹാന്‍ തയ്യാറായിരുന്നില്ല.

ഭര്‍ത്താവിനെയും ഭര്‍ത്തൃപിതാവിനെയും ഫോണില്‍ വിളിച്ച് ഖമര്‍ ജഹാന്‍ പല പ്രാവശ്യം തന്റെ നിലപാട് അറിയിച്ചിരുന്നു. തലാഖ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പോലീസിനെയും സമീപിച്ചിരുന്നു. ഖമര്‍ ജഹാന്റെ പരാതി പരിഗണിച്ച കോടതി ഭര്‍ത്താവ് അര്‍മാന്‍, ഭര്‍ത്തൃപിതാവ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായി പോലീസ് സൂപ്രണ്ട് രാജീവ് മല്‍ഹോത്ര പറഞ്ഞു.
കോടതിക്ക് മുന്‍പില്‍ വെച്ച് രണ്ട് വീട്ടുകാരും വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലാണ് ഇപ്പോള്‍. അര്‍മാന്റെ ഭാഗത്താണ് ന്യായമെന്ന വാദവുമായി മതനേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഖമര്‍ ജഹാനെ മറ്റാരെങ്കിലും വിവാഹം ചെയ്ത് മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയാല്‍ മാത്രമേ അര്‍മാന് വീണ്ടും ഖമര്‍ ജഹാനെ സ്വീകരിക്കാന്‍ കഴിയൂ എന്നാണ് അവര്‍ പറയുന്നത്. ഭര്‍ത്താവ് മൊഴി ചൊല്ലിയാല്‍ ഭാര്യ അത് അംഗീകരിച്ചേ പറ്റൂ എന്നും മതനേതാക്കള്‍ പറയുന്നു.












Click it and Unblock the Notifications