'എന്റെ രാമനെ ബിജെപിക്ക് വിട്ടുകൊടുക്കില്ല'; രാമക്ഷേത്ര ഉദ്‌ഘാടനം കോൺഗ്രസ് ഒഴിവാക്കിയതിൽ ശശി തരൂർ
ന്യൂഡൽഹി: രാമക്ഷേത്ര ഉദ്‌ഘാടന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാത്തതിന്റെ അർഥം രാമനെ വിട്ടുകൊടുത്തു എന്നല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായി ശശി തരൂർ. "കുട്ടിക്കാലം മുതൽ രാമനോട് പ്രാർത്ഥിക്കുന്ന ഒരാളെന്ന നിലയിൽ, ഞാൻ എന്റെ രാമനെ ബിജെപിക്ക് അടിയറവ് വയ്ക്കാൻ പോകുന്നില്ല. രാമന്റെയോ ആ ദിവ്യത്വത്തിന്റെ മറ്റേതെങ്കിലും അംശത്തിന്റെയോ പകർപ്പവകാശം ബിജെപിക്ക് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല." എന്നായിരുന്നു ശശി തരൂർ പ്രതികരിച്ചത്. ഇന്ത്യാ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇത് ആർഎസ്എസ്/ബിജെപി പരിപാടിയായതിനാൽ പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. രാമക്ഷേത്രത്തിലേക്ക് തന്റേതായ സമയത്ത് പോവുമെന്നായിരുന്നു ശശി തരൂർ പറഞ്ഞത്.

"ഞാൻ ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കാൻ പോകുന്നത് എന്നതിനാൽ ഇതിന് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. ഞാൻ രാഷ്ട്രീയം കളിയ്ക്കാൻ പോകുന്നില്ല." അദ്ദേഹം പറഞ്ഞു. ഹിന്ദുമതത്തെക്കുറിച്ചോ രാമനെക്കുറിച്ചോ കോൺഗ്രസ് ഒരിക്കലും മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രതിഷ്‌ഠാ ചടങ്ങ് രാഷ്ട്രീയവൽക്കരിച്ചുവെന്ന് മാത്രമാണ് പാർട്ടി ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമർശകരുടെ ഹിന്ദു വിരുദ്ധ ആരോപണത്തെ കുറിച്ചും തരൂർ പ്രതികരിച്ചു. "ഞങ്ങൾ പരിപാടിക്ക് വരാത്തതിനാൽ ഹിന്ദു വിരുദ്ധരാണെന്ന് അവർ പറയുന്നത് അസംബന്ധമാണ്. ഇന്ത്യയിലെ എൺപത് ശതമാനവും ഹിന്ദുക്കളാണ്. കോൺഗ്രസിലെ 80 ശതമാനവും ഹിന്ദുക്കളാണ്." ശശി തരൂർ ചൂണ്ടിക്കാട്ടി. "പ്രധാനമന്ത്രിയെ നായകനാക്കി ബിജെപി നടത്തുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്നതിലൂടെയാണ് ഹിന്ദുമതം നിർവചിക്കപ്പെടുന്നത് എന്ന ആശയം ശക്തിപ്പെടുത്താൻ ഞങ്ങൾക്ക് യാതൊരു താൽപര്യവുമില്ല. അതാണ് ഹിന്ദുമതമെന്ന് ഞാൻ കരുതുന്നില്ല." തരൂർ പറയുന്നു.
ഇന്ത്യ സഖ്യത്തിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, സഖ്യത്തിന്റെ ശ്രദ്ധ പ്രധാന വിഷയങ്ങളിലാണെന്നും, വ്യക്തിത്വങ്ങളിലല്ലെന്നും കോൺഗ്രസ് എംപി പറഞ്ഞു. "ഒരു പാർലമെന്ററി സംവിധാനത്തിൽ നിങ്ങൾ ഒരു പാർട്ടിയെ തിരഞ്ഞെടുക്കുന്നു. നിങ്ങൾ ഒരു കൂട്ടം നയങ്ങളാണ് തിരഞ്ഞെടുക്കുന്നത്. മോദിക്ക് വോട്ട് ചെയ്യുന്നത് വാരാണസിയിലെ ജനങ്ങൾ മാത്രമാണ്. മറ്റെല്ലായിടത്തും നിങ്ങളെ പ്രതിനിധീകരിക്കുന്ന സ്വന്തം സ്ഥാനാർത്ഥിയുണ്ട്." തരൂർ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications