'സാക്ഷി മാലിക്ക് കോണ്‍ഗ്രസിന്റെ കളിപ്പാവ'; തുറന്നടിച്ച് ബിജെപി നേതാവ് ബബിത ഫൊഗട്ട്
ന്യൂഡല്‍ഹി: റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവന്‍ ബ്രജ് ഭൂഷണ്‍ സിംഗിനെതിരെയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ മുന്‍നിരയിലുള്ള സാക്ഷി മാലിക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗുസ്തി താരവും ബി ജെ പി നേതാവുമായ ബബിത ഫൊഗട്ട് രംഗത്ത്. സാക്ഷി മാലിക്ക് കോണ്‍ഗ്രസിന്റെ കളിപ്പാവയാണെന്നാണ് ബബിത ഫൊഗട്ട് പറയുന്നത്.
ലൈംഗികാരോപണത്തില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിഷേധത്തെ താന്‍ അനുകൂലിക്കുന്നില്ലെന്ന് ബബിത കൂട്ടിച്ചേര്‍ത്തു. ഗുസ്തിക്കാരുടെ പ്രതിഷേധത്തെ പിന്തുണച്ചതിനും തങ്ങള്‍ക്കും സര്‍ക്കാരിനുമിടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ചതിനും സാക്ഷി മാലിക്കും ഭര്‍ത്താവ് സത്യവര്‍ത് കാഡിയനും ഫൊഗട്ടിനോട് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.

സമരത്തില്‍ തങ്ങളെ പിന്തുണച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നന്ദി അറിയിക്കുന്നതായി സാക്ഷി മാലിക് പറഞ്ഞു. സംയുക്ത കിസാന്‍ മോര്‍ച്ച, ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ്, ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് സാക്ഷി മാലിക്കും സത്യവര്‍ത് കാഡിയനും നന്ദി അറിയിച്ചത്. തങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റണമെന്നും സാക്ഷി മാലിക്ക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നതടക്കമുള്ള ആരോപണങ്ങള്‍ക്കും അവര്‍ മറുപടി പറഞ്ഞിരുന്നു. ഇതോടൊപ്പം സമരത്തിന് പൊലീസ് നല്‍കിയ അനുമതി പത്രവും സാക്ഷിമാലിക് പുറത്തുവിട്ടിരുന്നു. ബി ജെ പി നേതാക്കളായ തിരാത് റാണയും ബബിത ഫൊഗട്ടുമാണ് സമരത്തിന് അനുമതി തേടിയതെന്നാണ് സാക്ഷി മാലിക് പറഞ്ഞു. ഇതിന് പിന്നാലെയാണ് സാക്ഷി മാലിക്കിന്റെയും ഭര്‍ത്താവിന്റെയും ആരോപണം തള്ളി ബബിത ഫൊഗട്ട് രംഗത്തെത്തിയത്.
സാക്ഷി മാലിക്കും ഭര്‍ത്താവും കാണിച്ച അനുമതി പത്രത്തിലെ ഒപ്പ് തന്റേതല്ലെന്നും ബബിത അനുമതിക്ക് വേണ്ടി യാതൊന്നും തന്നെ ചെയ്തിട്ടില്ലെന്നും ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു. 'സത്യം എന്തായാലും പുറത്തുവരും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും വിശ്വാസമുണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്. തുടക്കം മുതലെ ഞാന്‍ പ്രതിഷേധത്തിന് എതിരായിരുന്നു'- ബബിത ഫൊഗട്ട് പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പോയി കാണാന്‍ സമരം ചെയ്യുന്നവരോട് പറഞ്ഞിരുന്നു. അവിടെ നിന്നാണ് പരിഹാരം കാണാന്‍ സാധിക്കുക'- ബബിത ഫൊഗട്ട് ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാക്ഷി മാലിക്കും ബജ്റംഗ് പൂനിയയും വിനേഷ് ഫൊഗട്ടും അടക്കമുള്ള ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയത്.












Click it and Unblock the Notifications