യുപിയില്‍ രണ്ടാം ഇന്നിംഗ്‌സിനൊരുങ്ങി യോഗി ആദിത്യനാഥ്; എല്ലാ കണ്ണുകളും മന്ത്രിസഭയിലേക്ക്, അറിയേണ്ട കാര്യങ്ങള്‍
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ പങ്കെടുക്കുന്ന വലിയ ചടങ്ങില്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ തിരിച്ചെത്തുന്ന പാര്‍ട്ടിയുടെ റെക്കോര്‍ഡ് ബിജെപി സ്ഥാപിച്ചതിനാല്‍ ആയിരക്കണക്കിന് അതിഥികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരെയും, ഭരണകക്ഷിയിലെ മറ്റ് വലിയ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് പാര്‍ട്ടിയുടെ ശക്തിപ്രകടനമായാണ് ബിജെപി കണക്കാക്കുന്നത്. 273 സീറ്റുകളുമായാണ് ബിജെപി അധികാരത്തിലേറിയത്.
വ്യാഴാഴ്ച നടന്ന നിര്‍ണായക യോഗത്തിലാണ് യോഗി ആദിത്യനാഥിനെ വീണ്ടും ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ആളുകളുടെ പ്രതീക്ഷകള്‍ എത്രത്തോളം ശരിയാക്കാം എന്നതിന്റെ പരീക്ഷണമാണിതെന്ന് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുപിയില്‍ പരിഷ്‌കാരങ്ങളും സദ്ഭരണവും നിക്ഷേപങ്ങളും സാധ്യമാക്കിയത് കേന്ദ്ര നേതൃത്വം കാണിച്ച മികച്ച ടീം വര്‍ക്ക് മാതൃകയാണ്. പ്രധാനമന്ത്രിയുടെ ഇരട്ട എഞ്ചിന്‍ വിവരണത്തെ ആളുകള്‍ വ്യക്തമായി പിന്തുണച്ചെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങളും യോഗി ആദിത്യനാഥ് അനുസ്മരിക്കുകയും 2017ല്‍ അധികാരമേറ്റപ്പോള്‍ പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും മാര്‍ഗനിര്‍ദേശം തേടിയതെങ്ങനെയെന്ന് ഓര്‍മിക്കുകയും ചെയ്തു. 2017ന് മുമ്പ് കേന്ദ്രത്തിന്റെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ യുപി ഏറ്റവും താഴെയായിരുന്നു. ഇന്ന് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഏറ്റവും മികച്ച സംസ്ഥാനമായി ഉത്തര്‍ പ്രദേശ് മാറി.
അതേസമയം, ഗുജറാത്തിലെ ഭൂപേന്ദ്ര പട്ടേല്‍, ഹരിയാനയുടെ മനോഹര്‍ ലാല്‍ ഖട്ടര്‍, മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍, കര്‍ണാടകയിലെ ബസവരാജ് ബൊമ്മൈ, അസമിലെ ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവരാണ് ചടങ്ങിനെത്തുമെന്ന് പ്രതീക്ഷിക്കുന്ന മുഖ്യമന്ത്രിമാര്‍. ബിഹാര്‍, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ചടങ്ങിനായി ക്ഷണിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ വീണ്ടും രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍, എല്ലാ കണ്ണുകളും പുതിയ യോഗി ആദിത്യനാഥ് മന്ത്രിസഭയിലേക്കാണ്.
യോഗിക്ക് ആദ്യ ടേമില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടായിരുന്നു. അവരില്‍ കേശവ് പ്രസാദ് മൗര്യ തന്റെ മണ്ഡലത്തില്‍ നാണംകെട്ട തോല്‍വി നേരിട്ടപ്പോള്‍, ദിനേഷ് ശര്‍മ്മ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ബേബി റാണി മൗര്യയാണ് ഈ സ്ഥാനത്തേക്ക് ഇത്തവണ വിലയിരുത്തപ്പെടുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങള്‍ക്കൊപ്പം വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചായ സല്‍ക്കാരം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Recommended Video
സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയും നടന്‍ അനുപം ഖേറും ഉള്‍പ്പെടെയുള്ള 'കശ്മീര്‍ ഫയല്‍സ്' ടീമും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. അതേസമയം, ബിജെപിയുടെ എതിരാളിയായ അഖിലേഷ് യാദവ് ചടങ്ങില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 2017ലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അസംഗഢില്‍ നിന്നുള്ള ലോക്സഭാ എംപി സ്ഥാനം രാജിവച്ച അദ്ദേഹം കര്‍ഹാല്‍ നിയമസഭാ സീറ്റ് നിലനിര്‍ത്തിയിരുന്നു.


Click it and Unblock the Notifications