രാഷ്ട്രീയത്തിലും യുവാക്കള്‍ നയിക്കണം, കുടുംബ സ്വത്തായി കരുതുന്നവര്‍ക്ക് രാഷ്ട്രീയം വിട്ടുകൊടുക്കാനാകില്ല: മോദി
ന്യൂഡല്‍ഹി: രാഷ്ട്ര നിര്‍മ്മാണത്തിന്റെ എല്ലാ മേഖലകളിലും യുവാക്കള്‍ നേതൃ നിരയിലേക്ക് എത്തണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കള്‍ രാജ്യത്തെ രാഷ്ട്രീയത്തില്‍ നയിക്കണമെന്നും രാഷ്ട്രീയത്തെ തങ്ങളുടെ കുടുംബ സ്വത്തായി കരുതുന്നവര്‍ക്ക് രാഷ്ട്രീയം വിട്ടുകൊടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ രാമകൃഷ്ണ മഠം സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാഷ്ട്രനിര്‍മ്മാണത്തിന്റെ എല്ലാ മേഖലകളിലും യുവത്വത്തെ നേതൃനിരയിലേക്ക് നയിക്കാന്‍ നാം തയ്യാറെടുക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയും മറ്റ് മേഖലകളും പോലെ നമ്മുടെ യുവാക്കള്‍ രാഷ്ട്രീയത്തിലും രാജ്യത്തെ നയിക്കണം. രാഷ്ട്രീയം കുടുംബത്തിന്റെ സ്വത്തായി കരുതുന്നവര്‍ക്ക് രാഷ്ട്രീയം വിട്ടുകൊടുക്കാനാവില്ല. അതുകൊണ്ടാണ് 2025-ല്‍ ഞങ്ങള്‍ ഒരു പുതിയ തുടക്കം കുറിക്കാന്‍ പോകുന്നത്,' പ്രധാനമന്ത്രി പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12ന് ഡല്‍ഹിയില്‍ യുവ നേതാക്കളുടെ സംവാദം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവജന ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ യുവ നേതാക്കളുടെ സംവാദം സംഘടിപ്പിക്കും. ഇതില്‍ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട 2000 യുവാക്കളെ ക്ഷണിക്കും. വികസിത ഇന്ത്യയുടെ പ്രമേയം യുവാക്കളുടെ വീക്ഷണകോണില്‍ നിന്ന് ചര്‍ച്ചചെയ്യും എന്നും മോദി പറഞ്ഞു.
സ്വാമി വിവേകാനന്ദനെപ്പോലൊരു മഹാനായ സന്യാസിയുടെ അനന്തമായ ഊര്‍ജം അടങ്ങിയ വിത്തില്‍ നിന്നുതിര്‍ന്ന വൃക്ഷമാണ് രാമകൃഷ്ണമഠമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, ഞാന്‍ നിങ്ങളുടെ ഇടയിലേക്ക് വരാന്‍ ശ്രമിക്കുന്നു, നിങ്ങളുമായി ബന്ധപ്പെടാന്‍,'' മോദി പറഞ്ഞു. വിജ്ഞാന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ന് ഞങ്ങള്‍ അമൃതകാലിന്റെ ഒരു പുതിയ യാത്ര ആരംഭിച്ചു, ഞങ്ങള്‍ 'വികസിത് ഭാരത്' എന്ന ഉറച്ച തീരുമാനമെടുത്തു. അത് നിറവേറ്റുകയും നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുകയും വേണം. ഇന്ത്യയുടെ യുവത്വം അതിന്റെ കഴിവും ശേഷിയും ലോകത്ത് തെളിയിച്ച് കഴിഞ്ഞിരിക്കുന്നു,' മോദി കൂട്ടിച്ചേര്‍ത്തു. പരിഷ്‌കരണം, പ്രകടനം, പരിവര്‍ത്തനം എന്നീ മന്ത്രങ്ങളിലൂടെ ഇന്ത്യ വിവിധ മേഖലകളില്‍ വിജയം കൈവരിച്ചു.
ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി. 'ഇന്ന്, ലോകം രാജ്യത്തിന്റെ എല്ലാ മേഖലകളിലെയും വികസനം ഉറ്റുനോക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി. ലോകത്തിലെ എല്ലാ നിക്ഷേപകരും ഇന്ന് ഇന്ത്യയെക്കുറിച്ച് ആവേശഭരിതരാണ്, പ്രധാനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications