മോദി സർക്കാർ 'കുലുങ്ങുന്നു'! ആദ്യത്തെ അവിശ്വാസ പ്രമേയം; ലോക്സഭയിൽ നിർണ്ണായക നീക്കങ്ങൾ...
ലോക്സഭയിൽ വൈഎസ്ആർ കോൺഗ്രസിന് ഒമ്പത് അംഗങ്ങളാണുള്ളത്. എൻഡിഎ വിട്ട ടിഡിപിയ്ക്ക് 16 അംഗങ്ങളും.
ദില്ലി: മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ മോദി സർക്കാരിനെതിരെ ആദ്യത്തെ അവിശ്വാസ പ്രമേയത്തിന് നീക്കം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകാൻ വിമുഖത കാണിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെയാണ് വൈഎസ്ആർ കോൺഗ്രസും തെലുങ്കു ദേശം പാർട്ടിയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
അതേസമയം, അവിശ്വാസ പ്രമേയ നോട്ടീസിന് അനുമതി ലഭിക്കണമെങ്കിൽ 50 അംഗങ്ങളുടെ പിന്തുണ വേണമെന്നതാണ് ടിഡിപിയെയും വൈഎസ്ആർ കോണ്‍ഗ്രസിനെയും കുഴപ്പിക്കുന്നത്. ലോക്സഭയിൽ വൈഎസ്ആർ കോൺഗ്രസിന് ഒമ്പത് അംഗങ്ങളാണുള്ളത്. എൻഡിഎ വിട്ട ടിഡിപിയ്ക്ക് 16 അംഗങ്ങളും. അതിനാൽ 25 അംഗങ്ങളുടെ കൂടി പിന്തുണയുണ്ടെങ്കിലേ അവിശ്വാസ പ്രമേയ നോട്ടീസിന് അനുമതി ലഭിക്കു.

ഈ സാഹചര്യത്തിൽ ടിഡിപിയും വൈഎസ്ആർ കോൺഗ്രസും തൃണമൂൽ, ബിഎസ്പി, ബിജെഡി, കോൺഗ്രസ്, സിപിഎം തുടങ്ങിയ പ്രതിപക്ഷ കക്ഷികളോട് പിന്തുണ തേടിയിട്ടുണ്ട്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാത്ത കേന്ദ്ര നടപടിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനാണ് കോൺഗ്രസിന്റെയും, സിപിഎമ്മിന്റെയും തീരുമാനംതൃണമൂൽ കോൺഗ്രസും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകാത്തതിനെ ചൊല്ലിയുള്ള അമർഷമാണ് ടിഡിപിയെ എൻഡിഎ വിടാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. നേരത്തെ രണ്ട് കേന്ദ്രമന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും പിൻവലിച്ച ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു, തങ്ങൾ എൻഡിഎ വിടുമെന്ന് കഴിഞ്ഞദിവസം സൂചന നൽകിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് മുന്നോടിയായാണ് എൻഡിഎ സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനം ചന്ദ്രബാബു നായിഡു എംപിമാരെ അറിയിച്ചത്. എൻഡിഎയിൽ നിന്നും പുറത്തുപോകുന്നത് സംബന്ധിച്ച് അമരാവതിയിലെ പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications