26/11: സാജിദ് മിറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞ് ചൈന
ബീജിംഗ്: മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ലഷ്‌കറെ ത്വയ്ബ ഭീകരന്‍ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞ് ചൈന. അമേരിക്കയും ഇന്ത്യയും യു എന്നില്‍ നടത്തിയ നീക്കത്തിനാണ് ചൈന തടയിട്ടത്. സാജിദ് മിറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും ആസ്തി മരവിപ്പിക്കല്‍, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്ക്ക് വിധേയമാക്കാനും അമേരിക്കയും ഇന്ത്യയും നീക്കം നടത്തിയിരുന്നു.
യു എന്‍ രക്ഷാസമിതിയുടെ 1267 ലെ അല്‍ ഖ്വയ്ദ ഉപരോധ സമിതിക്ക് കീഴിലായിരുന്നു ഇത്. ഈ നിര്‍ദേശമാണ് ചൈന നിരാകരിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിലെ പങ്കിന് അമേരിക്ക സാജിദ് മിറിന്റെ തലയ്ക്ക് 5 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണില്‍ പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി തീവ്രവാദത്തിന് ധനസഹായം നല്‍കിയെന്ന സാജിദ് മിറിനെ കേസില്‍ 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

നേരത്തെ സാജിദ് മിര്‍ മരിച്ചു എന്ന് പാകിസ്ഥാന്‍ അധികാരികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ അത് അംഗീകരിച്ചില്ല. മാത്രമല്ല അദ്ദേഹത്തിന്റെ മരണത്തിന് തെളിവ് ആവശ്യപ്പെടുകയും ചെയ്തു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ ത്വയ്ബയിലെ മുതിര്‍ന്ന അംഗമാണ് സാജിദ് മിര്‍. ആക്രമണങ്ങളുടെ ആസൂത്രണത്തിലും തയ്യാറെടുപ്പിലും നിര്‍വ്വഹണത്തിലും പ്രധാന പങ്ക് വഹിച്ച സാജിദ് മിര്‍ ലഷ്‌കറിന്റെ ഓപ്പറേഷന്‍സ് മാനേജരായിരുന്നു എന്നാണ് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നത്.
2022 സെപ്തംബറിലും സാജിദ് മിറിനെ കരിമ്പട്ടികയിലുള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചപ്പോള്‍ ചൈന തടഞ്ഞിരുന്നു. അന്ന് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമാണെന്നും താല്‍ക്കാലികമായി നിര്‍ദേശത്തെ എതിര്‍ക്കുന്നു എന്നുമായിരുന്നു ചൈന പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിര്‍ദേശത്തെ ചൈന പൂര്‍ണമായും എതിര്‍ക്കുകയാണ്. അമേരിക്കയിലെ രണ്ട് ജില്ലാ കോടതികളില്‍ സാജിദ് മിറിനെതിരെ 2011 ല്‍ കേസെടുത്തിരുന്നു.
2008 നവംബര്‍ 26 നാണ് കടല്‍മാര്‍ഗമെത്തിയ പത്ത് ലഷ്‌കര്‍ ഭീകരവാദികള്‍ മുംബൈയുടെ പല ഭാഗങ്ങളിലായി പൊടുന്നനെ ആക്രമണം നടത്തിയത്. താജ് ഹോട്ടല്‍, ഒബ്റോയി ഹോട്ടല്‍, ലിയോപോള്‍ഡ് കഫെ, നരിമാന്‍ ഹൗസ്, ഛത്രപതി ശിവജി ടെര്‍മിനസ് എന്നിവിടങ്ങളിലായി നടത്തിയ ആക്രമണങ്ങളില്‍ 166 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ആക്രമണം നടത്തിയ ഒമ്പത് തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണത്തില്‍ കൊലപ്പെടുത്തുകയിരുന്നു, രക്ഷപ്പെട്ട അജ്മല്‍ അമീര്‍ കസബിനെ പിടികൂടി പിന്നീട് വധശിക്ഷയ്ക്ക് വിധേയനാക്കുകയായിരുന്നു.












Click it and Unblock the Notifications