വിമാനം തകർന്ന് 40 ദിവസം ആമസോണ്‍ കാടുകളില്‍: ഒടുവില്‍ ആ 4 കുട്ടികള്‍ക്ക് അത്ഭുത രക്ഷപ്പെടല്‍
ബൊഗോട്ട്: വിമാന അപകടത്തെതുടർന്ന് കൊളംബിയന്‍ ആമസോണ്‍ കാടുകളില്‍ അകപ്പെട്ടുപോയ നാല് കുട്ടികളെ കണ്ടെത്തി. നാല്‍പ്പത് ദിവസത്തിന് ശേഷമാണ് അത്ഭുതകരമായ രക്ഷപ്പെടല്‍. ഒരു മാസത്തിലേറെയായി നീണ്ടുനിന്ന വലിയ രക്ഷാപ്രവർത്തനം ഒടുവില്‍ വിജയം കണ്ട വിവരം കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പങ്കുവെച്ചത്. നാല് കുട്ടികളും ജീവനോടെയിരിക്കുന്നുവെന്ന സന്തോഷ വാർത്ത ഞാന്‍ ലോകത്തെ അറിയിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
"രാജ്യത്തിനാകെ സന്തോഷം! കൊളംബിയൻ കാട്ടിൽ 40 ദിവസം മുമ്പ് നഷ്ടപ്പെട്ട നാല് കുട്ടികളെ ജീവനോടെ കണ്ടെത്തി," പെട്രോ ട്വിറ്ററിൽ കുറിച്ചു. ഇതൊരു അത്ഭുത ദിനമാണ്. അവർ പൂർണ്ണമായും കാട്ടില്‍ ഒറ്റപ്പെട്ടു. പക്ഷെ അവർ അതിജീവിച്ചു. ചരിത്രം ഈ അതിജീവനത്തെ എക്കാലവും അടയാളപ്പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.

കുട്ടികള്‍ക്ക് മികച്ച വൈദ്യ സഹായം നല്‍കുകയാണ്. ഞാന്‍ അവരുടെ മുത്തച്ഛനുമായി സംസാരിച്ചിട്ടുണ്ട്. ആ കുട്ടികള്‍ ഇനി മുതല്‍ കൊളംബിയയുടെ മക്കളാണ്. അതോടൊപ്പം സമാധാനത്തിന്റേയും. രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ട മുഴുവന്‍ സേനാംഗങ്ങളേയും അഭിനന്ദിക്കുന്നുവെന്നും പ്രസിഡന്റ് പെട്രോ കൂട്ടിച്ചേർത്തു.
പതിമൂന്ന് ഒമ്പത്, നാല്, ഒന്ന് വയസ്സുകളുള്ള സഹോദരങ്ങളായിരുന്നു വിമാനപകടത്തെ തുടർന്ന് കാട്ടില്‍ അകപ്പെട്ടുപോയത്. മെയ് 1 ന് നടന്ന വിമാന അപകടത്തില്‍ കുട്ടികളുടെ അമ്മ, പൈലറ്റ്, കോ-പൈലറ്റ് എന്നിവർ മരണപ്പെട്ടു. ഇവരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. കുട്ടികള്‍ ജീവനോടെയുണ്ടോ എന്ന ഉറപ്പില്ലാതെയായിരുന്നു സൈന്യം തിരച്ചില്‍ ആരംഭിച്ചത്. കുട്ടികളെ കണ്ടെത്തിയതിന് പിന്നാലെ സൈന്യത്തോടൊപ്പം നില്‍ക്കുന്ന ഇവരുടെ നിരവധി ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്.
കുട്ടികളും അവരുടെ അമ്മയും സഞ്ചരിച്ചിരുന്ന സെസ്‌ന 206 എന്ന ചെറുവിമാനം ആമസോണസ് പ്രവിശ്യയിലെ അരരാകുവാരയിൽ നിന്ന് സാൻ ജോസ് ഡെൽ ഗ്വാവിയറിലേക്ക് പറക്കുന്നതിനിടെയാണ് അപകടമുണ്ടാവുന്നത്. എഞ്ചിന്‍ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായി. ഇവർക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ സൈന്യം അപകടസ്ഥലത്ത് നിന്ന് കണ്ടെത്തുകയുമായിരുന്നു.
കുട്ടികള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഉടന്‍ തന്നെ ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു. തിരച്ചിലിനിടയില്‍ കുട്ടികള്‍ ഉപേക്ഷിച്ച വാട്ടർ ബോട്ടില്‍, ഒരു ജോടി കത്രിക, മുടികുടുക്കി, താൽക്കാലിക ഷെൽട്ടർ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെടുത്തു. കാടുകളില്‍ ചെറിയ കാല്‍പ്പാടുകള്‍ കണ്ടെത്താന്‍ സാധിച്ചതും തിരച്ചിലില്‍ സഹായകമായി. സൈന്യത്തോടൊപ്പം പ്രാദേശിക നിവാസികളും തിരച്ചിലില്‍ പങ്കുചേർന്നിരുന്നു.












Click it and Unblock the Notifications