കാബൂളില്‍ കുടുങ്ങി 500ഓളം ഇന്ത്യക്കാര്‍; താലിബാന് വിട്ടുകൊടുക്കില്ല, വ്യോമസേനയുടെ ഇടപെടല്‍
കാബൂള്‍/ന്യൂഡല്‍ഹി: വിദേശികളും സ്വദേശികളുമായ നിരവധി പേര്‍ അഫ്ഗാനില്‍ നിന്നു രക്ഷപ്പെടുകയാണ്. താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ ഭയപ്പെട്ടാണ് ഇവര്‍ അഫ്ഗാന്‍ വിടുന്നത്. രക്ഷതേടി കാബൂള്‍ വിമാനത്താവളത്തിലെത്തിയവരുടെ തിക്കുംതിരക്കും കാരണം എട്ട് പേര്‍ മരിച്ചു. വെടിവയ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാബൂളില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ അവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
നിരവധി ഇന്ത്യക്കാരാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കുടുങ്ങിയിരിക്കുന്നത്. അര്‍ധസൈനികരും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമെല്ലാം ഇതില്‍പ്പെടും. അഫ്ഗാനിലെ വ്യോമ മേഖലയില്‍ നിരോധനം പ്രഖ്യാപിച്ചതോടെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സര്‍വീസ് അസാധ്യമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വ്യോമസേനയുടെ ഇടപെടല്‍. വ്യോമസേനാ വിമാനം കാബൂളില്‍ ഇറങ്ങി. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും അഫ്ഗാനിലുണ്ട്. നേരത്തെ കാണ്ഡഹാറിലെയും മസാറെ ശെരീഫിലെയും കാര്യാലയങ്ങളില്‍ നിന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. പലരെയും ദില്ലിയിലെത്തിക്കുകയും മറ്റുചിലരെ കാബൂളിലെ ഓഫീസിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തു. എന്നാല്‍ താലിബാന്‍ കാബൂളിലുമെത്തി.

ഇന്ത്യന്‍ കാര്യാലയങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് അര്‍ധസൈനിക വിഭാഗവും അഫ്ഗാനിലുണ്ട്. നേരത്തെ കാണ്ഡഹാറിലെയും മസാറെ ശെരീഫിലെയും ഐടിബിപി സുരക്ഷാ ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ബാക്കിയുള്ളവരാണ് ഇപ്പോള്‍ കാബൂളിലുള്ളത്. ഇവര്‍ എങ്ങനെ രക്ഷപ്പെടുത്തും എന്ന കാര്യത്തില്‍ ആശങ്ക പരക്കുകയും ചെയ്തു.

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാബൂളിലെ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇനിയുള്ള മറ്റൊരു വെല്ലുവിളി കാബൂളിലെ ഇന്ത്യന്‍ എംബസിയിലുള്ള ജീവനക്കാരെ എങ്ങനെ വിമാനത്താവളത്തിലെത്തിക്കും എന്നതാണ്. ഇവരെ സുരക്ഷിതമായി വിമാനത്താവളത്തില്‍ എത്തിച്ചാല്‍ ഡല്‍ഹിയിലേക്ക് പറക്കാന്‍ സാധിക്കും.

അതേസമയം, താലിബാന്‍ ഭരണം പിടിച്ചതോടെ തുടര്‍ ചര്‍ച്ചകള്‍ അഫ്ഗാനില്‍ പുരോഗമിക്കുകയാണ്. ചൈനയും പാകിസ്താനും താലിബാനെ അംഗീകരിക്കുമെന്ന് ഉറപ്പായി. നേരത്തെ താലിബാന്‍ അഫ്ഗാന്‍ ഭരിച്ച വേളയില്‍ ഖത്തറും സൗദിയും അവരെ അംഗീകരിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇവര്‍ വീണ്ടും താലിബാനെ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല.

അഫ്ഗാനില്‍ രാഷ്ട്രീയ അന്തരീക്ഷം വഷളായിട്ടുണ്ട്. ജനങ്ങള്‍ ഭീതിയിലാണ്. പലരും രാജ്യം വിടാന്‍ ശ്രമിക്കുന്നു. അതിനിടെ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത താലിബാന്‍ മുന്‍കൂട്ടി കാണുന്നു. ജനങ്ങളെ നിരായുധീകരിക്കാനുള്ള നടപടികള്‍ക്ക് അവര്‍ തുടക്കം കുറിച്ചു. എല്ലാ പൗരന്‍മാരുടെയും ആയുധങ്ങള്‍ താലിബാന്‍കാര്‍ കണ്ടുകെട്ടാന്‍ തുടങ്ങി.
നിറവയറുമായി നടി ഭാമ; അന്ന് ഞാന്‍ ആറ് മാസം ഗര്‍ഭിണി... നടിയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം

കാബൂളില്‍ താലിബാന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഇന്ത്യക്കാരെ എങ്ങനെ വിമാനത്താവളത്തിലെത്തിക്കുമെന്നാണ് ആശങ്ക. ഇന്ത്യയുമായി കൊമ്പുകോര്‍ക്കാന്‍ താലിബാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അവരുടെ ഇതുവരെയുള്ള പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് സുരക്ഷിത പാത ഒരുക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.

വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും ക്യാബിനറ്റ് സെക്രട്ടറിയും തമ്മില്‍ ചര്‍ച്ച നടത്തി. ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇന്ത്യക്കാരെ വിമാനത്താവളത്തിലെത്തിച്ച് വിമാനം പുറപ്പെടുകയാണ് ഇനി വേണ്ടത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ അന്തിമ ഘട്ടത്തിലാണ് എന്നാണ് വിവരം. ഇതിനിടെയാണ് അഫ്ഗാനിലെ വ്യോമപാത അടച്ചത്. എങ്കിലും പൗരന്മാരെ സുഗമമായി ഇന്ത്യയിലെത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍.












Click it and Unblock the Notifications