പെണ്‍കുട്ടിയുടെ കൈകളില്‍ പിടിച്ച് സെല്‍ഫി, പിന്നാലെ അതിക്രമം; സിംഗപ്പൂരില്‍ ഇന്ത്യന്‍ ഷെഫിന് തടവുശിക്ഷ
സിങ്കപ്പൂര്‍: സിങ്കപ്പൂരില്‍ രണ്ട് കൗമാരക്കാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഇന്ത്യയില്‍ നിന്നുള്ള 44 കാരനായ ഷെഫിന് തടവ് ശിക്ഷ. നാല് മാസത്തെ തടവ് ശിക്ഷയാണ് സുശീല്‍ കുമാര്‍ എന്ന ഇന്ത്യക്കാരന് കോടതി വിധിച്ചിരിക്കുന്നത്. രണ്ട് സാമനാമയ കേസുകളിലാണ് കോടതി വിധി. പൊതുസ്ഥലത്ത് വച്ച് പെണ്‍കുട്ടികളെ അനുവാദമില്ലാതെ സ്പര്‍ശിച്ചെന്നും ചുംബിക്കുകയും ചെയ്‌തെന്നുമാണ് കേസ്.
മൂന്ന് മാസത്തിനിടെ 14ഉം 19ഉം വയസുള്ള പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ഇയാളുടെ അതിക്രമം. 2022 ആഗസ്റ്റ് മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നഗരത്തിലെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന 14കാരിയെ തടഞ്ഞുനിര്‍ത്തി കയറിപ്പിടിക്കുകയായിരുന്നു. റെയില്‍വെ സ്റ്റേഷനിലേക്കുള്ള വഴി ചോദിക്കുകയാണെന്നാണ് യുവതി ആദ്യം കരുതിയത്. എന്നാൽ പ്രതി പെണ്‍കുട്ടിയുടെ കൈകളിലും ചുമലിലും പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയെ ചുംബിക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചുവാങ്ങിയ പ്രതി സെല്‍ഫി പകര്‍ത്തുകയും ചെയ്തു. തനിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ച പ്രതി പണത്തിന് ആവശ്യമുണ്ടെങ്കില്‍ തന്നെ ബന്ധപ്പെടാനും പറഞ്ഞു. സംഭവത്തില്‍ ഞെട്ടല്‍ മാറാതെ വീട്ടിലെത്തിയ പെണ്‍കുട്ടി മാതാവിനോട് കാര്യങ്ങള്‍ പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ പ്രതി അന്നേ ദിവസം തന്നെ രണ്ട് തവണ വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നതായി കണ്ടെത്തി. രണ്ട് തവണ വീഡിയോ കോള്‍ ചെയ്യാനും ശ്രമിച്ചു. കൂടാതെ മോശം സ്‌മൈലികള്‍ വാട്‌സാപ്പ് വഴി അയക്കുകയും ചെയ്തു. ഈ കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിക്ക് ജാമ്യം ലഭിച്ചു. മൂന്ന് മാസത്തിന് ശേഷമാണ് രണ്ടാമത്തെ പെണ്‍കുട്ടി അതിക്രമത്തിനിരയാകുന്നത്.
ഒരു അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റിനുള്ളില്‍ വച്ചായിരുന്നു രണ്ടാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ലിഫ്റ്റില്‍ വച്ച് ഇയാള്‍ 19കാരിയെ മോശമായി സ്പര്‍ശിച്ചു. പിന്നാലെ തനിക്ക് പ്രണയം തോന്നുന്നെന്ന് പറഞ്ഞ് കൈകളില്‍ പിടിച്ചു. ഈ സംഭവത്തില്‍ ഇയാളെ അന്നേ ദിവസം തന്നെ പൊലീസ് പിടികൂടി. ലിഫ്റ്റിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇപ്പോള്‍ രണ്ട് കേസുകളിലും കൂടിയാണ് കോടതി ശിക്ഷിച്ചത്. ചെയ്ത കാര്യങ്ങളില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ജഡ്ജി ശിക്ഷ വിധിക്കുകയായിരുന്നു. പശ്ചാത്താപമുണ്ടെങ്കില്‍ സമാന കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്നായിരുന്നു ജഡ്ജി മറുപടി നല്‍കിയത്.












Click it and Unblock the Notifications