ഖുറാന്‍ കത്തിച്ചുവെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ ഫര്‍ഖുന്ദയുടെ ഘാതകരുടെ വധശിക്ഷ റദ്ദാക്കി
കാബൂള്‍: ലോകമനസാക്ഷിയെ ഞെട്ടിച്ച ഫര്‍ഖുന്ദ മാലിക്‌സാദയുടെ കൊലപാതകികളുടെ വധശിക്ഷ അഫ്ഗാന്‍ കോടതി റദ്ദാക്കി. ഖുറാന്‍ കത്തിച്ചുവെന്നാരോപിച്ചാണ് 27കാരിയായ ഫര്‍ഖുന്ദയെ അക്രമാസക്തരായ ജനക്കൂട്ടം മര്‍ദ്ദിച്ചവശയാക്കിയ ശേഷം ജീവനോടെ തീയിട്ട് കൊന്നത്. ഫര്‍ഖുന്ദയുടെ കൊലപാതകം ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
അതീവ രഹസ്യമായിട്ടാണ് കോടതി പ്രതികളുടെ വധശിക്ഷ റദ്ദാക്കിയത്. വധശിക്ഷയ്ക്ക് പകരം 20വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. വാതിലുകള്‍ അടച്ചിട്ടാണ് കോടതി വിധി പ്രഖ്യാപിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വധശിക്ഷ റദ്ദാക്കിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ഫര്‍ഖുന്ദയുടെ ഘാതകരെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തിയ കോടതി വിധിയില്‍ സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. ഒരു സ്ത്രീ ആയതിനാല്‍ മാത്രമാണ് ഫര്‍ഖുന്ദ കൊല്ലപ്പെട്ടതെന്നും ക്രൂരമായി നീതി നിഷേധിയ്ക്കപ്പെട്ടതെന്നും സ്ത്രീപക്ഷ പ്രവര്‍ത്തക വസ്മ ഫ്രോഖ് പറഞ്ഞു.
വിധിയ്‌ക്കെതിരെ അഫ്ഗാനിലെങ്ങും പ്രതിഷേധം ഉയരുന്നുണ്ട്. അഫ്ഗാനിലെ നീതിപീഠത്തെ നോക്കി ജനങ്ങള്‍ പുച്ഛത്തോടെ ചിരിയ്ക്കുകയാണെന്ന് ഫര്‍ഖുന്ദയുടെ സഹോദരന്‍ നജീബുള്ള പറഞ്ഞു. കേസില്‍ പൊലീസുകാര്‍ ഉള്‍പ്പടെ എട്ട് പ്രതികളാണുണ്ടായിരുന്നത്. നാല് പേരെ വധശിക്ഷയ്ക്കും മറ്റുള്ളവര്‍ക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു. ഇതില്‍ വധശിക്ഷയാണ് മേല്‍ക്കോടതി റദ്ദാക്കിയത്.












Click it and Unblock the Notifications