ഖത്തര്‍ ഇടപെട്ടു; അഫ്ഗാനില്‍ വീണ്ടും വിമാനം പറന്നു... ഐഎസ്‌ഐ മേധാവി എത്തിയതില്‍ ദുരൂഹത
കാബൂള്‍: അഫ്ഗാനിലെ സമാധാന പുനസ്ഥാപനത്തിന് ഏറെ കാലമായി ശ്രമിക്കുന്ന രാജ്യമാണ് ഖത്തര്‍. യുദ്ധം കൊടുമ്പിരി കൊണ്ട വേളയിലും സമാധാന ദൗത്യവുമായി ഖത്തര്‍ ഇടപെട്ടിരുന്നു. അഫ്ഗാന്‍ വിടുന്നതിന് അമേരിക്ക ആലോചന തുടങ്ങിയ വേളയില്‍ യുഎസ് ഭരണകൂടം ആദ്യം സമീപിച്ചത് ഖത്തറിനെയാണ്. തുടര്‍ന്നാണ് ഖത്തറിലെ ദോഹയില്‍ താലിബാനും അമേരിക്കയും അഫ്ഗാന്‍ ഭരണകൂടവും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഈ ചര്‍ച്ചകളാണ് സമാധാന കരാറിലെത്താന്‍ സഹായിച്ചത്.
ഇപ്പോള്‍ അമേരിക്കന്‍ സൈന്യം രാജ്യം വിട്ടതിന് ശേഷം താലിബാന്‍ ഭരണകൂടം സമീപിച്ചതും ഖത്തറിനെയാണ്. താലിബാന്റെ ആവശ്യം ഖത്തര്‍ അംഗീകരിച്ചു. കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഇപ്പോള്‍ ഖത്തറിനാണ്. ആദ്യ വിമാനം വീണ്ടും ഇന്ന് കാബൂളില്‍ നിന്ന് പറന്നു. അതിനിടെ അഫ്ഗാനില്‍ ഇടപെടാന്‍ പാകിസ്താന്‍ ശ്രമം നടത്തുന്നുണ്ട്. ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുകയാണ് പാകിസ്താന്റെ ഇടപെടല്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

ആഗസ്റ്റ് 31വരെ കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്കയുടെയും തുര്‍ക്കിയുടെയും സൈന്യത്തിനായിരുന്നു. അവര്‍ രാജ്യം വിട്ടതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താലിബാന് അസാധ്യമായി. സഹായം തേടി തുര്‍ക്കിയെ സമീപിച്ചിരുന്നു താലിബാന്‍. എന്നാല്‍ തുര്‍ക്കി സഹായിച്ചില്ല. തുടര്‍ന്നാണ് ഖത്തറിനെ സമീപിച്ചത്.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിനുള്ള സാങ്കേതിക സഹായം നല്‍കുകയാണ് ഖത്തര്‍ ചെയ്യുന്നത്. കാബൂള്‍ വിമാനത്താവളം വഴിയാണ് അഫ്ഗാനിലേക്ക് വിദേശ സഹായം എത്തുന്നത്. യുദ്ധം കാരണം തകര്‍ന്നടിഞ്ഞ അഫ്ഗാനിലേക്ക് വിദേശ സഹായം എത്തണമെങ്കില്‍ വിമാനത്താവളം സജീവമാകണം. ഇക്കാര്യം പരിഗണിച്ചാണ് ഖത്തര്‍ ഇടപെട്ടത്.

ആഭ്യന്തര സര്‍വീസ് കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് ആരംഭിച്ചുവെന്ന് ഖത്തറിന്റെ അംബാസഡറെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ചരക്കുകടത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. വൈകാതെ യാത്രാ വിമാനവും പുറപ്പെടുമെന്നാണ് കരുതുന്നത്. അഫ്ഗാനിലെ പുതിയ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതെന്ന് അംബാസഡര്‍ പറഞ്ഞു.

കാബൂളില്‍ നിന്ന് രണ്ട് നഗരങ്ങളിലേക്ക് ഇന്ന് വിമാനം വീണ്ടും പറന്നു. മസാറെ ശരീഫ്, കാണ്ഡഹാര്‍ എന്നീ പ്രധാന നഗരങ്ങളിലേക്കാണ് വിമാന സര്‍വീസ് നടത്തിയത്. വൈകാതെ കൂടുതല്‍ സര്‍വീസ് നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍. വിമാനത്താവളം സജീവമായാല്‍ വിദേശ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളും ഇടപാടുകളും വേഗത്തിലാകുമെന്നാണ് താലിബാന്റെ പ്രതീക്ഷ.

അതേസമയം, പാകിസ്താന്റെ ചാര സംഘടനയായ ഐഎസ്‌ഐയുടെ ഡയറക്ടര്‍ ജനറല്‍ ഫായിസ് ഹമീദ് ഇന്ന് കാബൂളിലെത്തി. താലിബാനുമായി ചര്‍ച്ച നടത്തുകയാണ് ലക്ഷ്യം. അഫ്ഗാന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാരില്‍ പാകിസ്താനുമുണ്ട് എന്ന് വിശ്വസിക്കുന്ന നിരവധി അഫ്ഗാനികളുണ്ട്. രാജ്യം തകരാന്‍ കാരണം പാകിസ്താനാണ് എന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

താലിബാന്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ച തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാല്‍ അന്തിമ ധാരണയിലെത്താന്‍ ഇതുവരെ അവര്‍ക്ക് സാധിച്ചിട്ടില്ല. പുതിയ സര്‍ക്കാരില്‍ മറ്റു സംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കില്ല എന്ന താലിബാന്റെ നിലപാടാണ് സര്‍ക്കാര്‍ രൂപീകരണം വൈകാന്‍ കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനിടെയാണ് ഐഎസ്‌ഐ മേധാവിയുടെ സന്ദര്‍ശനം. പാകിസ്താന്‍ അഫ്ഗാനിലെ പുതിയ സര്‍ക്കാരിനെ വരുതിയിലാക്കാന്‍ ശ്രമിക്കുമോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

അതേസമയം, മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, വൈസ് പ്രസിഡന്റ് അബ്ദുല്ല അബ്ദുല്ല എന്നിവര്‍ക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിക്കാന്‍ താലിബാന്‍ തീരുമാനിച്ചു എന്നാണ് വിവരം. കാബൂളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ വനിതാ ആക്ടിവിസ്റ്റുകളെ താലിബാന്‍ മര്‍ദ്ദിച്ചു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. പഞ്ചഷീര്‍ താഴ്‌വരിയില്‍ താലിബാനും വടക്കന്‍ സഖ്യവും തമ്മിലുള്ള യുദ്ധം തുടരുകയാണ്. മേഖല നിയന്ത്രണത്തിലാക്കി എന്ന താലിബാന്റെ വാദം വടക്കന്‍ സഖ്യം തള്ളി.












Click it and Unblock the Notifications