ആമസോണില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍: ഒഴിവാക്കുന്നത് ഈ വിഭാഗം ജീവനക്കാരെ: ടെക് ലോകത്ത് ആശങ്ക
സിയാറ്റില്‍: ടെക് ലോകത്ത് വീണ്ടും ആശങ്ക വിതച്ച്, ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് ഭീമനായ ആമസോണില്‍ കൂട്ടപിരിച്ചുവിടല്‍. ഈ വര്‍ഷത്തെ ആദ്യത്തെ പിരിച്ചുവിടലുകള്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും. കോര്‍പ്പറേറ്റ് വിഭാഗത്തില്‍ നിന്നാണ് ജീവനക്കാരെ ഒഴിവാക്കുന്നത്.
ആകെ 30,000 ജീവനക്കാരെ കുറയ്ക്കാനാണ് പദ്ധതി. കഴിഞ്ഞ വര്‍ഷമാണ് കമ്പനി ഈ കടുത്ത തീരുമാനം എടുത്തത്. ഇപ്പോഴുള്ള ഏകദേശം 16,000 പേരെയാണ് ഈ ഘട്ടത്തില്‍ പിരിച്ചുവിടുകയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത ചൊവ്വാഴ്ച മുതല്‍ നടപടികള്‍ ആരംഭിക്കാനാണ് സാധ്യത. ആമസോണിന്റെ 30 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലാണിത്. 2022-ല്‍ കമ്പനി 27,000 പേരെ പിരിച്ചുവിട്ടിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് കൂട്ട പിരിച്ചുവിടലുകള്‍ ശക്തമാക്കിയത്. ഒക്ടോബറില്‍ ആമസോണ്‍ ആദ്യ ഘട്ടമായി 14,000 വൈറ്റ് കോളര്‍ ജോലികള്‍ വെട്ടിക്കുറച്ചിരുന്നു. ഇതിന്റെ ബാക്കിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതോടെ, രണ്ടു ഘട്ടമായി ആസൂത്രണം ചെയ്ത 30,000 പിരിച്ചുവിടലുകള്‍ പൂര്‍ത്തിയാകും. ഒക്ടോബറില്‍ പിരിച്ചുവിടപ്പെട്ടവര്‍ക്ക് 90 ദിവസം കൂടി കമ്പനിയില്‍ തുടരാന്‍ അനുവാദം നല്‍കിയിരുന്നു. ആ സമയത്ത്, കമ്പനിക്കുള്ളിലെ മറ്റ് ജോലികള്‍ക്ക് അപേക്ഷിക്കാനോ മറ്റെവിടെയെങ്കിലും ജോലി അന്വേഷിക്കാനോ അവര്‍ക്ക് അനുവാദമുണ്ട്. 90 ദിവസ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്നതോടെയാണ് രണ്ടാം റൗണ്ട് പിരിച്ചുവിടലുകളിലേക്ക് കമ്പനി കടക്കുന്നത്. അതേസമയം ആമസോണ്‍ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇപ്പോള്‍ നടപ്പാക്കുന്ന പിരിച്ചുവിടലുകള്‍ ആമസോണിന്റെ പ്രധാനപ്പെട്ട പല വിഭാഗങ്ങളെയും ബാധിക്കും. ആമസോണ്‍ വെബ് സര്‍വീസസ്, റീട്ടെയില്‍ ബിസിനസ്, പ്രൈം വീഡിയോ, എച്ച്ആര്‍ വിഭാഗമായ പീപ്പിള്‍ എക്‌സ്പീരിയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ആകെ 1.58 ദശലക്ഷം ജീവനക്കാരാണ് ആമസോണിലുള്ളത്. നിലവിലെ വെട്ടിക്കുറയ്ക്കല്‍ കോര്‍പ്പറേറ്റ് ജീവനക്കാരുടെ ഏകദേശം 10 ശതമാനം വരും. വെയര്‍ ഹൗസുകളില്‍ ജോലി ചെയ്യുന്നവരെ ഈ പിരിച്ചുവിടല്‍ ബാധിക്കില്ല.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) കടന്നുവരവ് പിരിച്ചുവിടലുകള്‍ക്ക് കാരണമായി ആമസോണ്‍ ആദ്യം സൂചിപ്പിച്ചിരുന്നു. ആവര്‍ത്തന സ്വഭാവമുള്ള ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ ചെലവ് കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എഐയില്‍ അനുദിനം വലിയ വളര്‍ച്ചയാണ് ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ടെക് കമ്പനികളില്‍ മനുഷ്യര്‍ ചെയ്യുന്ന പല ജോലികളും കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യാന്‍ എഐയ്ക്കു സാധിക്കുന്നുണ്ട്.
അതേസമയം, എഐ കാരണമാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് കമ്പനി അധികൃതര്‍ ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. കോര്‍പറേറ്റ് ഉദ്യോഗസ്ഥരുടെ എണ്ണം കൂടുതലാണെന്നും പ്രവര്‍ത്തനക്ഷമത കൂട്ടാനാണ് പിരിച്ചുവിടലുകള്‍ നടത്തുന്നതെന്നും ആമസോണ്‍ സിഇഒ ആന്‍ഡി ജാസി വ്യക്തമാക്കി.












Click it and Unblock the Notifications