പാകിസ്ഥാനെ നടുക്കി ഭീകരാക്രമണം; പൊലീസ് മേധാവിയുടെ ഓഫീസില്‍ കയറി ഭീകരരുടെ വെടിവെപ്പ്
ചാവേറാക്രമണമാണ് നടന്നത് എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന രാജ്യത്തിന് ഇരട്ടി പ്രഹരമാണ് ഭീകരാക്രമണം

കറാച്ചി: പാകിസ്ഥാനെ നടുക്കി വീണ്ടും ഭീകരാക്രമണം. പാകിസ്ഥാനിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ കറാച്ചിയില്‍ പോലീസ് മേധാവിയുടെ ഓഫീസില്‍ ആണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് നാല് മണിക്കൂറായി ഏറ്റുമുട്ടല്‍ തുടരുകയാണ്.
പൊലീസ് വേഷത്തില്‍ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് ഇരച്ച് കയറിയ പത്തോളം പേരടങ്ങുന്ന ഭീകരസംഘമാണ് ആക്രമണം നടത്തിയത്. അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഓഫീസ് വളഞ്ഞ അര്‍ദ്ധസൈനിക വിഭാഗവും പൊലീസും ആണ് പ്രത്യാക്രമണം നടത്തുന്നത്.
പൊലീസ് മേധാവിയുടെ ഹെഡ് ഓഫീസ് ആക്രമണത്തിനിരയായതായി കറാച്ചി പൊലീസ് വക്താവ് സ്ഥിരീകരിച്ചു. ഓഫീസ് കെട്ടിടത്തിന്റെ പ്രധാന കോമ്പൗണ്ടിലേക്ക് ഭീകരര്‍ ഗ്രനേഡുകള്‍ എറിഞ്ഞ ശേഷം ഇരച്ച് കയറുകയായിരുന്നു. കറാച്ചിയിലെ പ്രധാന ആര്‍ട്ടറി റോഡിന് സമീപമാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ താലിബാന്‍ എന്ന ഭീകരസംഘടന ഏറ്റെടുത്തിട്ടുണ്ട്. പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായുള്ള മാസങ്ങള്‍ നീണ്ട വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച നവംബര്‍ മുതല്‍ രാജ്യത്ത് തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടക്കുന്നുണ്ട്.

കഴിഞ്ഞ മാസം, പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പെഷവാര്‍ നഗരത്തിലെ സുരക്ഷാ മേഖലയില്‍ പള്ളിയില്‍ താലിബാന്‍ ചാവേര്‍ സ്‌ഫോടനം നടത്തി 100-ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും പൊലീസുകാരായിരുന്നു.












Click it and Unblock the Notifications