കാബൂളിലെ സ്കൂളിൽ സ്ഫോടനം, 100 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു
കാബുള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ സ്കൂളിൽ സ്ഫോടനം. 100 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നഗരത്തിന്‍റെ പടിഞ്ഞാറന്‍ പ്രദേശമായ ദഷ്-ഇ-ബർചി ഏരിയയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്.
വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നത്. മരിച്ചവരിൽ കൂടുതലും പെൺകുട്ടികളാണ്. സ്ഫോടനത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.

സ്ഫോടന സ്ഥലത്തുനിന്ന് ചോരയിൽ കുളിച്ച നിലയിൽ ആളുകളെ മാറ്റുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. മരണം ഇനിയും ഉയരുമെന്നുമാണ് റിപ്പോർട്ടുകൾ. സുരക്ഷാ ഉദ്യോഗസ്ഥർ തലസ്ഥത്തെത്തിയിട്ടുണ്ട്.
സ്ഫോടനം നടന്ന പടിഞ്ഞാറന്‍ പ്രദേശം ഹസാര ന്യൂനപക്ഷത്തിലുള്ളവര്‍ ഏറെയുള്ള സ്ഥലമാണ്. താലിബാന്‍റെ രണ്ടാം വരവിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഹസാര ന്യൂനപക്ഷങ്ങള്‍ക്കെതിരെ അടുത്തകാലത്തായി വംശീയ അക്രമണങ്ങള്‍ ഏറിയിരുന്നു. മരിച്ചവരില്‍ അധികവും കൗമാരക്കാരായ വിദ്യാര്‍ത്ഥികളാണ്. ഇരകളിൽ കൂടുതലും പെൺകുട്ടികളാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടക്കുമ്പോൾ മുറിയിൽ 600 ഓളം പേർ ഉണ്ടായിരുന്നതായി പരിക്കേറ്റ ഒരു വിദ്യാർത്ഥി എഎഫ്‌പിയോട് പറഞ്ഞു.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും അവകാശപ്പെട്ടിട്ടില്ല. അക്രമണത്തെ അപലപിക്കുന്നതായി താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. സിവിലിയൻ ലക്ഷ്യങ്ങൾ ആക്രമിക്കുന്നത് ശത്രുവിന്‍റെ മനുഷ്യത്വരഹിതമായ ക്രൂരതയും ധാർമ്മിക നിലവാരമില്ലായ്മയുമാണ് തെളിയിക്കുന്നതെന്ന് അബ്ദുൾ നാഫി ടാക്കൂർ പറഞ്ഞു."പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ നിറഞ്ഞ ഒരു മുറിയെ ലക്ഷ്യമിടുന്നത് ലജ്ജാകരമാണ്; എല്ലാ വിദ്യാർത്ഥികൾക്കും സമാധാനത്തോടെയും ഭയമില്ലാതെയും വിദ്യാഭ്യാസം തുടരാൻ കഴിയണം," അഫ്ഗാനിസ്ഥാനിലേക്കുള്ള യുഎസ് മിഷനിലെ ചാർജ് ഡി അഫയർ കാരെൻ ഡെക്കർ ട്വീറ്റിൽ പറഞ്ഞു.












Click it and Unblock the Notifications