നിയന്ത്രണ രേഖയ്ക്ക് എതിർവശം ചൈന ഗ്രാമങ്ങൾ നിർമ്മിക്കുന്നു; 400 ഓളം വീടുകൾ പണിയുന്നുവെന്ന് റിപ്പോർട്ട്
ദില്ലി: നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന മാതൃക ഗ്രാമങ്ങൾ' നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ട്. മധ്യ-കിഴക്കൻ മേഖലകളിൽ നിയന്ത്രണ രേഖയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ മാറി ചൈന പുതിയ പോസ്റ്റുകൾ നിർമ്മിച്ചതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്തു.
മുൻ കാലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ഏറ്റുമുട്ടലകൾ ഉണ്ടായ ബരാഹോട്ടിക്ക് സമീപത്താണ് ചൈന ഗ്രാമങ്ങൾ നിർമ്മിക്കുന്നത്. കഴിഞ്ഞ 100 ദിവസമായി നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ട്. ബഹുനില ബ്ലോക്കുകളിലായി 300-400 വീടുകളാണ് നിർമ്മിക്കുന്നത്. മാത്രമല്ല ഇവിടെ ചൈന നിരീക്ഷണവും വർധിപ്പിച്ചിട്ടുണ്ട്. മന, നീതി, തങ്‌ല പ്രദേശങ്ങളിലും ചൈന പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

തോലിംഗ് ഏരിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തും ഒരു ഗ്രാമം നിർമ്മിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് .അതിനടുത്തായി ഒരു സൈനിക സമുച്ചയവും നിർമ്മാണത്തിലാണ്. രണ്ട് സ്ഥലങ്ങളിലെയും കെട്ടിടങ്ങളുടെ പണികൾ പൂർത്തിയായെന്നും റിപ്പോർട്ടിൽ പറയുന്നു.
അരുണാചൽ പ്രദേശിൽ, കമെങ് പ്രദേശത്തിന് എതിർവശത്തും 41 ഓളം പാർപ്പിട യൂണിറ്റുകളും സൗരോർജ്ജ വിളക്കുകളും അടങ്ങുന്ന രണ്ട് ഗ്രാമങ്ങൾ ചൈന നിർമ്മിച്ചിട്ടുണ്ട്.മെൻബ വംശീയ സമൂഹത്തിൽ നിന്നുള്ള 200 ഓളം നിവാസികളും ഇവിടെ ഉണ്ടെന്നാണ് റിപ്പോർട്ട്. മറ്റ് പല സ്ഥലങ്ങളിലെയും പോലെ തന്നെ ഗ്രാമത്തിനോട് ചേർന്ന് സിസിടിവികളും വാച്ച് ടവറുകളും ഉൾപ്പെടെയുള്ള സൈനിക ബഹുനില സമുച്ചയങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
അതേസമയം നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് തുടരുന്ന പശ്ചാത്തലത്തിൽ മധ്യമേഖലയിലെ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യയും വികസിപ്പിച്ചിട്ടുണ്ട്. ഈ മേഖലകളിൽ നിരീക്ഷണവും ഇന്ത്യ ശക്തമാക്കി.
2020 ഏപ്രിലിൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ തന്നെ ചൈനീസ് സൈന്യത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കണ്ടെത്തിയിരുന്നു. മാത്രമല്ല ചൈനീസ് സൈന്യം ഈ മേഖലകളിൽ കൂടുതൽ സൈനിക വിന്യാസവും നടത്തിയിട്ടുണ്ട്.
ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മേഖലകളിൽ ഇന്ത്യയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉയർന്ന സാങ്കേതിക ഉപകരണങ്ങളും ഇതിനായി ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ഫോർവേഡ് ഏരിയകളിൽ ഇവ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു
ഫോർവേഡ് മേഖലയിൽ ഉള്ള സൈനികർക്ക് റേഷനും മറ്റ് ആവശ്യ സാധനങ്ങളും എത്തിക്കുന്നതിനായി പുതിയ വാഹന സൗകര്യങ്ങളും ഉടൻ ആരംഭിക്കും.കൂടാതെ സ്നോ സ്കൂട്ടറുകൾ, ലേസർ ഡാസ്ലറുകൾ, ന്യൂ ജനറേഷൻ സ്നിപ്പർ റൈഫിളുകൾ എന്നിവയും ഉടൻ എത്തിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.












Click it and Unblock the Notifications