കൊറോണ വൈറസിനെ ജൈവായുധമാക്കാന്‍ 'സവര്‍ണരുടെ' ചര്‍ച്ച; ഞെട്ടിപ്പിക്കുന്ന വര്‍ണവെറി... രഹസ്യവിവരം
വാഷിങ്ടണ്‍: അമേരിക്കയിലെ വര്‍ണവെറിയന്‍മാരുടെ ക്രൂരതയുടെ കഥകള്‍ പറഞ്ഞാല്‍ തീരില്ല. അടിമത്തവും വര്‍ണ വിവേചനവും എല്ലാം അവസാനിപ്പിച്ചിട്ടും ഇപ്പോഴും മനസ്സില്‍ വര്‍ണവെറി കൊണ്ടുനടക്കുന്നവര്‍ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഒരുപാടുണ്ട്. അത്തരക്കാരുടെ കൂട്ടായ്മകള്‍ പോലും അവിടെ സജീവമാണ്.
കൊറോണ ഭീതിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍, ആ വൈറസിനെ എങ്ങനെ തങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഉപയോഗിക്കാം എന്നമട്ടിലാണത്രെ ഈ വര്‍ണവെറിയന്‍മാര്‍ ചര്‍ച്ച ചെയ്തത്. കൊറോണ വൈറസിനെ ഒരു ജൈവായുധം ആക്കി മാറ്റുന്നതിനെ കുറിച്ച് 'വൈറ്റ് സുപ്രീമസിസ്റ്റുകള്‍' ചര്‍ച്ച ചെയ്തു എന്നാണ് അമേരിക്കയിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെറുതേയുള്ള ഒരു ചര്‍ച്ച ആയിരുന്നില്ല അത്. എത്തരത്തില്‍ ഈ വൈറസുകളെ പരത്താം എന്നത് സംബന്ധിച്ച് ഗഹനമായ ആശയ വിനിമയം തന്നെയാണ് ഇവര്‍ നടത്തിയിരുന്നത് എന്നാണ് വിവരം.

തുപ്പലോ, സ്പ്രേ ബോട്ടിലോ
തുപ്പല്‍ വഴിയോ, സ്പ്രേ ബോട്ടില്‍ വഴിയോ കൊറോണോ വൈറസ് തങ്ങളുടെ ശത്രുക്കള്‍ക്ക് മേല്‍ പരത്തുക എന്ന രീതിയില്‍ ആയിരുന്നു വര്‍ണ വെറിയന്‍മാരുടെ ചര്‍ച്ചകള്‍ എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ടെലഗ്രാമിലാണ് ഇവരുടെ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ശക്തമായതിനാല്‍ ടെലഗ്രാമില്‍ നിന്ന് വിരങ്ങള്‍ ചോര്‍ത്തുക എളുപ്പമല്ല. ഐസിസും അവരുടെ ആശയ വിനിമയങ്ങള്‍ ടെലഗ്രാം വഴി ആയിരുന്നു നടത്തിയിരുന്നത്.

കറുത്തവരും പോലീസുകാരും
നിയമപാലകരേയും വെളുത്തവര്‍ഗ്ഗക്കാര്‍ അല്ലാത്ത എല്ലാവരേയും ലക്ഷ്യ വച്ച് ആക്രമണം നടത്താന്‍ ആയിരുന്നത്രെ ചര്‍ച്ചയിലെ പ്രധാന ആഹ്വാനം. അങ്ങനെ വെളുത്തവര്‍ഗ്ഗക്കാര്‍ക്ക് മാത്ര ആധിപത്യമുള്ള ലോകം സൃഷ്ടിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇത്തരം തീവ്രവാദികള്‍ക്കിടയില്‍ ഈയിടെയായി 'ബയോ ടെററിസം' ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ആയി മാറിയിട്ടുണ്ട്.

പിടിപെട്ടാല്‍ പരത്തണം
തങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കെങ്കിലും വൈറസ് ബാധ ഉണ്ടായാല്‍ അവര്‍, അത് വെളുത്തവര്‍ഗ്ഗക്കാര്‍ അല്ലാത്തവരിലേക്ക് പരത്തുക എന്നത് ഒരു ഉത്തരവാദിത്തമായി ഏറ്റെടുക്കണം എന്നാണ് ഇവരുടെ ആഹ്വാനം,
എഫ്ബിഐ പാര്‌ദേശിക ഓഫീസുകളുടെ വാതില്‍ പിടികളില്‍ ഉമിനീര്‍ തേച്ച് പിടിപ്പിച്ചും, ഇലവേറ്റര്‍ ബട്ടണുകളില്‍ തുപ്പിവച്ചും എല്ലാം രോഗം വ്യാപിപ്പിക്കണം എന്നാണ് ആഹ്വാനം.
ഹോം ലാന്‍ഡ് സെക്യൂരിറ്റിയുടെ ഭാഗമായ ഫെഡറല്‍ പ്രൊട്ടക്ടീവ് സര്‍വ്വീസ് ആണ് ഈ വിവരങ്ങള്‍ രഹസ്യമായി ശേഖരിച്ചത്.

ഗുരുതരാവസ്ഥ
അമേരിക്ക വലിയ ഗുരുതരമായ ഒരു സ്ഥിതി വിശേഷത്തിലൂടെ ആണ് കടന്നുപോകുന്നത്. കോവിഡ് 19 നെ ആദ്യ ഘട്ടത്തില്‍ ഗൗരവത്തില്‍ എടുക്കാതിരുന്നതാണ് അമേരിക്കയെ ഇപ്പോള്‍ ഭയപ്പെടുത്തുന്ന രീതിയിലേക്ക് നയിച്ചിട്ടുള്ളത്. ഇപ്പോള്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ 50 സ്‌റ്റേറ്റുകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓരോ ദിവസും മരണം കൂടിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടെയാണ് വര്‍ണ വെറിയന്‍മാരുടെ ഇത്തരം ചര്‍ച്ചകള്‍ എന്നതും ഏറെ ഭയപ്പെടുത്തുന്ന ഒന്നാണ്.












Click it and Unblock the Notifications