ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം; കൊവാക്‌സിന് ഓസ്‌ട്രേലിയയുടെ അംഗീകാരം, അറിയേണ്ട കാര്യങ്ങള്‍
ദില്ലി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്‍ കൊവാക്‌സിന് ഒസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. യാത്രക്കാര്‍ക്കുള്ള വാക്‌സിന്‍ എന്ന നിലയിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകാരം നല്‍കിയത്. തെറാപ്യൂട്ടിക് അഡ്മിനിസ്‌ട്രേഷനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കോവാക്‌സിന്‍ ( ഇന്ത്യയിലെ ഭാരത് ബയോടെക് നിര്‍മ്മിച്ചത്), B B I B P - CorV ( ചൈനയിലെ സിനോഫാം നിര്‍മ്മിച്ചത് ) വാക്‌സിനുകള്‍ ഒരു സഞ്ചാരിയുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് സ്ഥാപിക്കുന്നതിനായി അംഗീകാരം നല്‍കിയെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു .
കോവാക്‌സിന്‍ വാക്‌സിന്‍ എടുത്ത 12 വയസും അതില്‍ കൂടുതലുമുള്ള യാത്രക്കാര്‍ക്കും BBIBP-CorV വാക്‌സിനേഷന്‍ എടുത്ത 18 മുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്കുമാണ് ഈ അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അംഗീകൃത വാക്‌സിനുതളുടെ പട്ടികയിലാണ് ഈ വാക്‌സിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഇന്ത്യയിലെ കൊവിഷീല്‍ഡ് വാക്‌സിനും ഇതേ രീതിയിലുള്ള അംഗീകാരം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. നേരത്തെ ഈ വാക്‌സിന്‍ ഓസ്‌ട്രേലിയയുടെ അംഗീകൃത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഈ വാക്സിനുകള്‍ കൊവിഡിനെതിരെ സംരക്ഷണം നല്‍കുമെന്നും യാത്രക്കാരന്‍ ഓസ്ട്രേലിയയിലായിരിക്കുമ്പോള്‍ മറ്റുള്ളവരിലേക്ക് കൊവിഡ് അണുബാധ പകരാനുള്ള സാധ്യത കുറയ്ക്കുമെന്നും തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി ഓസ്ട്രേലിയയുടെ ചികിത്സാ ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണ അതോറിറ്റിയായ തെറാപ്പിറ്റിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു.
വാക്സിനേഷന്‍ എടുക്കാത്ത യാത്രക്കാര്‍ ഇപ്പോഴും ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരും, എല്ലാ യാത്രക്കാര്‍ക്കും ബോര്‍ഡിംഗിന് മുമ്പ് കോവിഡ്-19 നെഗറ്റീവ് ടെസ്റ്റിന്റെ തെളിവ് ആവശ്യമാണ്. ഓസ്ട്രേലിയ മുമ്പ് പരിമിതമായ എണ്ണം പൗരന്മാരെയും സ്ഥിര താമസക്കാരെയും വിദേശത്ത് നിന്ന് മടങ്ങാന്‍ അനുവദിച്ചിരുന്നു, അവരുടെ സ്വന്തം ചെലവില്‍ ഒരു ഹോട്ടലില്‍ നിര്‍ബന്ധിത 14 ദിവസത്തെ ക്വാറന്റൈന്‍ കാലയളവുമുണ്ടായിരുന്നു.
അതേസമയം, കൊവാക്‌സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തത് ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 118 ദശലക്ഷം കൊവിഡ് വാക്‌സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമാണ് മറ്റ് രാജ്യങ്ങള്‍ കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ തയ്യാറാകുക. ഇതുവരെ മോഡേണ, ആസ്ട്രസെനക്ക, ഫൈസര്‍, സിനോവാക്, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍, ചൈനീസ് വാക്‌സിനുകളായ സിനോഫാം, സിനോവാക് എന്നിവയ്ക്ക് മാത്രമാണ് അടിയന്തര അനുമതി ലഭിച്ചിട്ടുള്ളത്.












Click it and Unblock the Notifications