കൊവിഡ് 19; ലോകത്ത് മരണം 16,000 കവിഞ്ഞു!! സ്പെയിനിലും മരണ സംഖ്യ ഉയരുന്നു! 35 രാജ്യങ്ങൾ അടച്ച് പൂട്ടി!
ദില്ലി; കർശന നിയന്ത്രണങ്ങൾക്കിടയിലും ആഗോളതലത്തിൽ കൊറോണ മരണം ഉയരുന്നു. ലോകത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16,098 ആയി. ആകെ 366,866 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ തിങ്കളാഴ്ച 602 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6077 ആയി. അതേസമയം കൊവിഡ് മരണങ്ങളിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇറ്റലിയിലെ പ്രതിദിന മരണനിരക്ക് കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് മരണനിരക്കിൽ കുറവ് സംഭവിക്കുന്നത്.
ഇറ്റലിയില്‍ 63,927 പേർക്കാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചത്.കോവിഡ് അനിയന്ത്രിതമായി തുടരുന്നതോടെ രാജ്യത്ത് നിയന്ത്രണങ്ങൾ ഏപ്രിൽ 3 വരെ നീട്ടിയിട്ടുണ്ട്. ബ്രിട്ടണിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 335 ആയി. 6650 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടൺ നിയന്ത്രണങ്ങൾ കർശനമാക്കി. ജനങ്ങൾ നിർബന്ധിത ഗൃഹവാസത്തിൽ തുടരണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു.

യുഎസിൽ മരണ സംഖ്യ 495 ആയി ഉയർന്നു. 35,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്പെയിനിൽ മരണസംഖ്യ 2182 ആയി. 33,089 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 462 പേരാണ് സ്പെയിനിൽ മരിച്ചത്. പുതിയ 4500 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതേസമയം പ്രതിരോധത്തിന്റെ ഭാഗമായി നിലവിൽ 35 രാജ്യങ്ങൾ നിലവിൽ അടച്ച് പൂട്ടി. ഫ്രാൻസ്, അർജന്റീന ഇറ്റലി, ഇറാഖ്, റുവാണ്ട, എന്നീ രാജ്യങ്ങളാണ് പൂർണമായും അടച്ചത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസ് ബ്രിട്ടനുമായുള്ള അതിർത്തിയും അടച്ചു.
അതിനിടെ ചൈനയിൽ നിന്നും ആശ്വാസ വാർത്തകളാണ് പുറത്ത് വരുന്നത്. കൊവിഡ് ബാധ സ്ഥിരീകരിച്ച 89 ശതമാനം പേരും രോഗമുക്തി നേടി. കഴിഞ്ഞ ഡിസംബർ മുതൽ ഞായറാഴ്ച വരെ 81,093 പേർക്കാണ് ചൈനയിൽ രോഗം സ്ഥിരീകരിച്ചത്. അതിൽ 72,703 പേർ രോഗമുക്തി നേടിയതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷനെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്നലെ ചൈനയിൽ 9 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
Recommended Video
അതേസമയം ലോകത്ത് രോഗവ്യാപനത്തിന്റെ തോത് ഗണ്യമായി ഉയരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ആദ്യ കേസിൽ നിന്ന് ഒരുലക്ഷമാകാൻ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാൻ 11 ദിവസവും മൂന്ന് ലക്ഷമാകാൻ വെറും നാല് ദിലസവുമാണ് എടുത്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആഗോള വെടിനിർത്തൽ പ്രഖ്യാപിച്ച് കൊവിഡിനെതിരെ പോരാടണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.












Click it and Unblock the Notifications