ദിർഹം കൊടുത്തോളൂ, പക്ഷെ യുവാന്‍ പറ്റില്ല: റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ
ഡല്‍ഹി: കൂടുതല്‍ ഇളവുകള്‍ ലഭിച്ചതോടെ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി വീണ്ടും വർധിച്ചിരിക്കുകയാണ്. എട്ട് മുതല്‍ 10 വരെ ഡോളർ കിഴിവില്‍ ഇന്ത്യക്ക് എണ്ണ നല്‍കാനാണ് റഷ്യന്‍ കമ്പനികള്‍ ഇപ്പോള്‍ തയ്യാറായിട്ടുള്ളത്. കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചതോടെ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയിൽ റഷ്യൻ എണ്ണയുടെ വിഹിതം ഓഗസ്റ്റിലെ 33% ൽ നിന്ന് സെപ്റ്റംബറിൽ 38% ആയിട്ടാണ് ഉയർന്നത്.
റഷ്യൻ ഇറക്കുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും പൊതുമേഖല റിഫൈനറുകളാണ് നടത്തുന്നത്. അതായത് ഭാരത് പെട്രോളിയം കോർപ്പറേഷൻ വാങ്ങുന്ന മൊത്തം ക്രൂഡിന്റെ പകുതിയും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും വാങ്ങുന്ന ക്രൂഡിന്റെ മൂന്നിലൊന്നും റഷ്യൻ എണ്ണയാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

റഷ്യന്‍ വിതരണക്കാരുടെ താല്‍പര്യം കണക്കിലെടുത്ത് ഡോളറും യുഎഇ ദിർഹവും, ചൈനീസ് യുവാനും ഉപയോഗിച്ചാണ് ഇന്ത്യന്‍ റിഫൈനർമാർ റഷ്യൻ എണ്ണയ്ക്ക് പണം നൽകുന്നത്. എന്നാല്‍ ഈ നീക്കത്തോട് കേന്ദ്ര സർക്കാറിന് അത്ര താല്‍പര്യമില്ല. ഇത് സംബന്ധിച്ച് സർക്കാർ തങ്ങളുടെ അതൃപ്തി റിഫൈനർമാരെ അറിയിക്കുകയും ചെയ്തു.
ഇന്ത്യന്‍ സർക്കാർ എതിർപ്പ് അറിയിച്ചതോടെ ഏറ്റവും കുറഞ്ഞത് ഏഴ് ഷിപ്പ്‌മെന്റുകൾക്കുള്ള പേയ്‌മെന്റെങ്കിലും വൈകാന്‍ കാരണമായെന്നാണ് ചില സ്രോതസ്സുകള്‍ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പേയ്‌മെന്റ് സംബന്ധിച്ച് തർക്കം ഉണ്ടെങ്കിലും, റോസ്‌നെഫ്റ്റ് പോലുള്ള റഷ്യൻ കമ്പനികൾ ഇന്ത്യൻ റിഫൈനറുകൾക്ക് എണ്ണ നൽകുന്നത് തുടരുന്നുണ്ട്.
ഡോളറും ദിർഹവും ഉപയോഗിക്കുന്നതിന് പ്രശ്നം ഇല്ലെങ്കില്‍ ചൈനീസ് യുവാന്റെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് ഇന്ത്യന്‍ സർക്കാർ സ്വീകരിക്കുന്നത്. ചൈന തങ്ങളുടെ കറൻസി അന്താരാഷ്ട്രവൽക്കരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഈ നീക്കത്തിന് ഇന്ത്യയില്‍ നിന്ന് തന്നെ പിന്തുണ ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ താല്‍പര്യപ്പെടുന്നില്ല. പരമാവധി പ്രാദേശിക കറന്‍സിയിലുള്ള വ്യാപാരത്തിനാണ് ഇന്ത്യക്ക് താല്‍പര്യം.
ഉക്രെയ്ൻ സംഘർഷത്തെത്തുടർന്ന് ചില പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിവച്ചതിനെത്തുടർന്ന് കിഴിവ് വില മുതലെടുത്ത് ഈ വർഷം റഷ്യയില്‍ നിന്നും കടൽ വഴിയുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന മുൻനിര രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്.
ജൂലൈയിലാണ് ഇന്ത്യൻ റിഫൈനർമാർ ചില റഷ്യൻ എണ്ണ പേയ്‌മെന്റുകൾക്കായി ചൈനീസ് യുവാൻ ഉപയോഗിക്കാൻ തുടങ്ങിയത്. അതേസമയം മിക്ക ഇടപാടുകള്‍ക്കും ഡോളറും ദിർഹവും ഉപയോഗിക്കുന്നത് തുടരുകയായിരുന്നു. ഇതിനിടയില്‍ തന്നെയാണ് പണമിടപാടുകൾക്കായി യുവാൻ ഉപയോഗിക്കുന്നതിൽ ഇന്ത്യൻ സർക്കാർ അസ്വസ്ഥത പ്രകടിപ്പിച്ചതായി രണ്ട് ധനമന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഏഴ് ഷിപ്പ്‌മെന്റുകൾക്കുള്ള പേയ്‌മെന്റ് ഇപ്പോഴും പൂർത്തികരിച്ചിട്ടില്ല. ഇവയിൽ ചിലത് സെപ്റ്റംബർ അവസാനം മുതലുള്ള കുടിശ്ശികയുമാണ്. യുവാൻ ഉപയോഗിക്കുന്നത് നിർത്താൻ സർക്കാർ സംസ്ഥാന റിഫൈനറുകളോട് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. എന്നിരുന്നാലും ഈ രീതിയോട് കേന്ദ്രത്തിന് താല്‍പര്യമില്ല. യുവാനിലെ ഇടപാട് നിരോധിച്ചിട്ടില്ലെങ്കിലും സർക്കാർ അത്തരം കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയോ സുഗമമാക്കുകയോ ചെയ്യുന്നില്ലെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനും പറഞ്ഞു.
ഇന്ത്യൻ റിഫൈനർമാർ വാങ്ങുന്ന റഷ്യൻ എണ്ണയുടെ ഭൂരിഭാഗവും വ്യാപാരികളിൽ നിന്നാണ് വരുന്നത്, ചിലത് റഷ്യൻ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് വാങ്ങുന്നു. വ്യാപാരികൾ ദിർഹത്തിൽ ഇടപാടുകൾ നടത്താൻ തയ്യാറായപ്പോൾ, റഷ്യൻ വിൽപ്പനക്കാർ യുവാനിനായി നിർബന്ധിക്കുകയായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുമ്പ് റഷ്യൻ എണ്ണയുടെ ഇടപാടിനായി മറ്റ് കറൻസികളും ഉപയോഗിച്ചിരുന്നു. ഇതുവരെ പണമിടപാടുകൾക്കായി യുവാൻ ഉപയോഗിച്ചിട്ടില്ലാത്ത ഭാരത് പെട്രോളിയം കോർപ്പറേഷനോടും ഹിന്ദുസ്ഥാൻ പെട്രോളിയത്തോടും ചൈനീസ് കറൻസിയിൽ ഇടപാട് നടത്താന്‍ റഷ്യൻ വിതരണക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.
മറുവശത്ത്, സ്വകാര്യ ഇന്ത്യൻ റിഫൈനർമാർ റഷ്യൻ എണ്ണ ഇറക്കുമതിക്കായി യുവാനും മറ്റ് കറൻസികളും ഉപയോഗിക്കുന്നത് തുടരുന്നുണ്ട്. നിലവില്‍ റഷ്യൻ എണ്ണയുടെ ഇന്ത്യൻ വാങ്ങലുകളിൽ ഭൂരിഭാഗവും ദിർഹത്തിലാണ് നടപ്പിലാക്കുന്നത്. യുവാനിൽ പണമടയ്ക്കുന്നത് അധിക ചെലവുകൾക്കും ഇടയാക്കുന്നു. കാരണം രൂപ ആദ്യം ഹോങ്കോംഗ് ഡോളറിലേക്കും പിന്നീട് യുവാനിലേക്കും പരിവർത്തനം ചെയ്യേണ്ടതാണ് ചിലവ് വർധിപ്പിക്കുന്നത്. ദിർഹത്തിൽ സെറ്റിൽ ചെയ്യുന്നതിനെ അപേക്ഷിച്ച് 2-3% അധിക ചിലവ് വരും ഇത്.












Click it and Unblock the Notifications