സൗദി അറേബ്യക്ക് എഫ്–35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ: ചർച്ചയിലുണ്ടെന്ന് തുറന്ന് പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്
എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ സൗദി അറേബ്യക്ക് കൈമാറുന്നത് പരിഗണിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. "അവർ വളരെ വിമാനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നു. ഞാൻ അതിനെക്കുറിച്ച് പരിശോധിക്കുകയാണ്. അവർ '35' വാങ്ങാൻ ആഗ്രഹിക്കുന്നു" എയർഫോഴ്സ് വണ്ണിൽ പത്രപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ട്രംപ് പറഞ്ഞു..
അടുത്ത ആഴ്ച വൈറ്റ് ഹൗസിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. സന്ദർശനത്തിൽ സാമ്പത്തികവും പ്രതിരോധവുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങൾ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകളെക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് ഒരു സാധാരണ കൂടിക്കാഴ്ചയല്ല, സൗദിയെ ആദരിക്കുന്നതുമാണ്," എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.

ഇസ്രായേലുമായി ബന്ധങ്ങൾ സാധാരണമാക്കിയ അബ്രഹാം അകോഡ്സിലേക്കു് സൗദിയും ഉടൻ ചേരുമെന്ന പ്രതീക്ഷയും അദ്ദേഹം ആവർത്തിച്ചു. എന്നാൽ ഫലസ്തീൻ വിഷയത്തില്‍ വ്യക്തമായ ഒരു തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ ഇതുവരെ അതിന് തയ്യാറാകാത്തത്.
അതേസമയം, എഫ്-35 കരാറിനെക്കുറിച്ച് പേന്റഗൺ തയ്യാറാക്കിയ ഒരു ഇന്റലിജൻസ് റിപ്പോർട്ട് ആശങ്ക ഉയർത്തുന്നുണ്ട്. കരാർ നടപ്പായാൽ ചൈന യുദ്ധവിമാനത്തിന്റെ നിർണ്ണായക സാങ്കേതികവിദ്യ ലഭ്യമാക്കാനുള്ള സാഹചര്യം ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. ഈ വിവരം വിഷയവുമായി പരിചയമുള്ളവരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും നൂതനമായ അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റായ എഫ്-35 ലൈറ്റ്നിംഗ് II സൗദി അറേബ്യയ്ക്ക് ലഭിക്കാനുള്ള നീക്കം അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ വേഗത്തിൽ പുരോഗമിക്കുന്നുവെന്ന് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ മിഡിൽ ഈസ്റ്റിൽ എഫ്-35 പ്രവർത്തിപ്പിക്കുന്ന ഏക രാജ്യം എന്ന പദവി ഇസ്രായേലിന് നഷ്ടമാകും.
അറബ് ലോകത്ത് ആദ്യമായി അഞ്ചാം തലമുറ സ്റ്റെൽത്ത് ജെറ്റ് സ്വന്തമാക്കുന്ന രാജ്യമായും സൗദി അറേബ്യ മാറും. ഈ വർഷം മേയിൽ തന്നെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് സൗദിക്ക് 142 ബില്യൺ ഡോളറിന്റെ (ഏകദേശം 11.9 ലക്ഷം കോടി രൂപ) ഭീമൻ ആയുധ കരാറിന് അംഗീകാരം നൽകിയിരുന്നു. ആദ്യം എഫ്-35 ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും ഇപ്പോൾ പ്രതിരോധ സെക്രട്ടറി തലത്തിലേക്ക് കാര്യങ്ങൾ എത്തിയതായും സൂചനയുണ്ട്.
2017-ൽ തന്നെ 48 എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാൻ സൗദി ഔദ്യോഗിക അഭ്യർഥന നൽകിയിരുന്നു. ഇസ്രായേലിന്റെ സൈനിക മേൽക്കോയ്മക്ക് ഭീഷണി ഉയരുമെന്ന ആശങ്കയിൽ അമേരിക്ക അതിനെത്തോട് മടി കാട്ടുകയായിരുന്നു. എന്നാൽ ഇപ്പോൾ ആ നിലപാട് മാറിയതായി കാണുന്നു. സൗദി-ഇസ്രായേൽ ബന്ധങ്ങളുടെ സാധാരണീകരണവുമായി ബന്ധപ്പെടുത്തി വാഷിംഗ്ടൺ ഈ ഇടപാട് മുന്നോട്ട് കൊണ്ടുപോകുകയാണെന്നതാണ് റിപ്പോർട്ടുകളുടെ സൂചന. അങ്ങനെ, 2023-ൽ പരാജയപ്പെട്ട ഈ ശ്രമത്തെ ട്രംപ് വീണ്ടും അബ്രഹാം അകോഡിന്റെ ഭാഗമായി പുനരുജ്ജീവിപ്പിക്കുകയാണെന്ന് വ്യക്തമാണ്.












Click it and Unblock the Notifications