പോണ്‍ താരത്തിന് പണം നല്‍കിയ കേസ്: ട്രംപ് അറസ്റ്റില്‍, യുഎസ് ചരിത്രത്തില്‍ ആദ്യം
ന്യൂയോര്‍ക്ക്: വിവാഹേതര ബന്ധം പുറത്തുപറയാതിരിക്കാന്‍ അശ്ലീല ചിത്ര താരത്തിന് പണം നല്‍കിയ കേസില്‍ മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. ക്രിമിനല്‍ കേസില്‍ മാന്‍ഹാട്ടന്‍ കോടതിയിൽ ട്രംപ് ഹാജരായതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യമായി ക്രിമിനല്‍ കേസ് നേരിടുന്ന അമേരിക്കന്‍ പ്രസിഡന്റ് കൂടിയാണ് ഡൊണാള്‍ഡ് ട്രംപ്. 2016ലെ തിരഞ്ഞെടുപ്പ് കാമ്പെയ്നിനിടെ പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയെന്നാണ് കേസ്.
ട്രംപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് കോടതി പരിസരങ്ങളില്‍ ഏര്‍പ്പെടുത്തിയത്. കോടതി പരിസരങ്ങളില്‍ ട്രംപ് അനുകൂലികള്‍ തടിച്ചു കൂടിയിരുന്നു. ഈ സാഹചര്യത്തില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ കനത്ത ജാഗ്രതയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോടതിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് നടപടി ക്രമങ്ങളുടെ ഭാഗമായി ട്രംപിന്റെ വിരലടയാളവും മുഖത്തിന്റെ ചിത്രവും എടുത്തിരുന്നു. എന്നാല്‍ അദ്ദേഹത്തെ വിലങ്ങുവയ്ക്കാതെയാണ് കോടതിയില്‍ പ്രവേശിപ്പിച്ചത്.

കോടതിയില്‍ ഹാജരായ ട്രംപിനെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും. നേരത്തെ ആരോപണം നിഷേധിച്ചിട്ടുണ്ടെങ്കിലും കുറ്റസമ്മതം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി പരിസരങ്ങളില്‍ പ്രതിഷേധ സാധ്യത കാണുന്നുണ്ട്. 36.000 പൊലീസുകാരെയാണ് സുരക്ഷ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് ഒരു മുന്‍ യു എസ് പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നത്. 1.30 ലക്ഷം യു എസ് ഡോളറാണ് സ്‌റ്റോമി ഡാനിയല്‍സിന് നല്‍കിയത്. ഇത് ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. 2006ല്‍ താനും ട്രംപും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ഡാനിയല്‍സ് വെളിപ്പെടുത്തിയിരുന്നു.
താനും ട്രംപും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഇക്കാര്യം ആരോടും പറയാതിരിക്കാന്‍ 2016 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപിന്റെ മുന്‍ അഭിഭാഷകനില്‍ നിന്ന് 130,000 ഡോളര്‍ താന്‍ കൈപ്പറ്റി എന്നുമാണ് സ്റ്റോമി ഡാനിയല്‍സ് പറയുന്നത്. 2006 ജൂലൈയില്‍ ഒരു ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റില്‍ വെച്ചാണ് താന്‍ ട്രംപിനെ കണ്ടുമുട്ടിയത് എന്നായിരുന്നു സ്റ്റോമി ഡാനിയല്‍സ് വെളിപ്പെടുത്തിയത്.
കാലിഫോര്‍ണിയയ്ക്കും നെവാഡയ്ക്കും ഇടയിലുള്ള ലേക് താഹോയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന കാര്യവും സ്റ്റോമി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സ്റ്റോമി ഡാനിയേലിന് പണം നല്‍കിയിട്ടുണ്ടെന്നും ആരോപണം മൂടിവയ്ക്കാനല്ലെന്നുമാണ് ട്രംപ് പറഞ്ഞത്. 2018ല്‍ വാള്‍സ്ട്രീറ്റ് ജേണലാണ് ട്രംപ് പണം നല്‍കിയെന്ന വാര്‍ത്ത പുറത്തുകൊണ്ടുവരുന്നത്. അടുത്ത വര്‍ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ആളാണ് ട്രംപ്. എന്നാല്‍ ഈ കേസ് അദ്ദേഹത്തെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.












Click it and Unblock the Notifications