'ഇതൊക്കെ എന്ത്': 37 മിനിറ്റില്‍ 160 നിലകളുള്ള ബൂര്‍ജ് ഖലീഫയുടെ പടവുകള്‍ കയറി ദുബായ് രാജകുമാരന്‍
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ 160 ഓളം നിലകള്‍ നടന്നുകയറി ദുബായ് രാജകുമാരന്‍. 160 നിലകളുള്ള കെട്ടിടത്തിന്റെ പടവുകള്‍ വെറും 37 മിനിറ്റും 38 സെക്കന്റും എടുത്താണ് ദുബായ് രാജകുമാരന്‍ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടന്നുകയറിയത്. ബുര്‍ജ് ഖലീഫ ചലഞ്ച് എന്ന അടിക്കുറിപ്പോടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

തന്റെ സാഹസികമായ കായിക പ്രവര്‍ത്തനത്തിലൂടെ 710 കലോറി കുറഞ്ഞെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. 10 പേര്‍ അടങ്ങുന്ന സംഘം നടത്തിയ തയ്യാറെടുപ്പുകളുടെ വീഡിയോയും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇതാദ്യമായല്ല, ദുബായ് രാജകുമാരന്‍ ഇത്തരം സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത്.

ആരോഗ്യകരമായ ജീവിതത്തിന് വ്യായാമശീലം പ്രോത്സാഹിപ്പിക്കുന്നതിന് ദുബായ് ഫിറ്റ്‌നെസ് ചലഞ്ചിനും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. കൂടാതെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന ഒരുപാട് സംരംഭങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്. സ്‌കൈ ഡൈവിംഗ്, ഹൈക്കിംഗ്, സ്‌കൂബ ഡൈവിംഗ് തുടങ്ങിയ സാഹസിക കായിക പ്രവൃത്തികളുടെ വീഡിയോയും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ലോകത്തെ തന്നെ ഏറ്റവും ഉയരും കൂടിയ കെട്ടിടമാണ് ബുര്‍ജ് ഖലീഫ. 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത 160 നിലകളോടു കൂടിയ ഈ ടവര്‍ 95 കിലോമീറ്റര്‍ ദൂരെ നിന്നു കാണാനാവും. 828 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ള മനുഷ്യനിര്‍മ്മിതികളില്‍ ഏറ്റവും ഉയരം കൂടിയതാണ്. ഇതിന്റെ നിര്‍മ്മാണം തുടങ്ങിയത് 21 സെപ്റ്റംബര്‍ 2004 ന് ആയിരുന്നു. ആറ് വര്‍ഷം എടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കിഡ്‌മോര്‍, ഓവിങ്‌സ് ആന്റ് മെറില്‍ എന്ന സ്ഥാപനമാണ് ബൂര്‍ജ് ഖലീഫയുടെ എഞ്ചിനീയറിംഗും ആര്‍ക്കിടെക്ചറും ചെയ്തിരിക്കുന്നത്. ലോകപ്രശസ്തരായ ബില്‍ ബേക്കര്‍ എന്ന ചീഫ് സ്ട്രക്ച്വറല്‍ എഞ്ചിനീയറും, അഡ്രിയന്‍ സ്മിത്ത് എന്ന ചീഫ് ആര്‍ക്കിടെക്റ്റും ചേര്‍ന്നാണ് ഇതിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്.

ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ്ങ് ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രധാന കോണ്‍ട്രാക്റ്റര്‍. ലോകത്തിലെ മറ്റു രണ്ട് സുപ്രധാന അംബരചുംബികളായ തായ്‌പേയ് 101, മലേഷ്യയിലെ ട്വിന്‍ ടവറുകള്‍ എന്നിവ നിര്‍മ്മിച്ച പരിചയമാണ് സാംസങ്ങിനെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്.


Click it and Unblock the Notifications