ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി തുടർന്നാൽ മരണ സംഖ്യ കൊവിഡിനേക്കാളും ഉയരും; മുന്നറിയിപ്പ്
കൊളംബോ; ശ്രീലങ്കയിൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധി കോവിഡ് മൂലമുണ്ടായ മരണങ്ങളിലും കൂടുതൽ മരണങ്ങൾ ഉണ്ടാക്കാൻ കാരണമായേക്കാം എന്ന് മുന്നറിയിപ്പുമായി ലങ്കൻ ഡോക്ടർമാർ. ജീവൻ രക്ഷാ മരുന്നുകൾ തീർന്നുപോയതിൽ പ്രതികരണം അറിയിക്കുകയായിരുന്നു ഇവർ. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവക്കെല്ലാം കടുത്ത ക്ഷാമം ആണ് രാജ്യത്ത് നേരിടുന്നത്. പത്ത് മണിക്കൂറിലധികം നീളുന്ന വൈദ്യുതി തടസവും ജനങ്ങളെ ഇവിടെ ബുദ്ധിമുട്ടിലാക്കുന്നു.
രാജ്യത്തെ എല്ലാ ആശുപത്രികൾക്കും ഇനി ഇറക്കുമതി ചെയ്ത മെഡിക്കൽ ഉപകരണങ്ങളും സുപ്രധാന മരുന്നുകളും ലഭ്യമാകില്ല. എന്ന് ശ്രീലങ്കൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഡോക്ടർമാരുടെ പ്രതികരണം. മരുന്നുകളും ആവശ്യവസ്തുക്കളും ലഭിക്കാത്തതിനാൽ നിരവധി ശസ്ത്രക്രിയകൾ രാജ്യത്തുനീളം നിർത്തിവെച്ചിരിക്കുകയാണ്. വിഷയത്തിൽ അടിയന്തര നടപടിക്രമങ്ങൾ പോലും ഉടൻ സാധ്യമാകില്ല എന്നാണ് മെഡിക്കൽ അസോസിയേഷൻ അറിയിച്ചിരിക്കുന്നത്.

"ഞങ്ങൾ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം അറിയിക്കാൻ താൽപര്യപ്പെടുന്നു." സാഹചര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി സംഘം ദിവസങ്ങൾക്ക് മുമ്പ് പ്രസിഡന്റ് ഗോതബയ രാജപക്‌സെയ്ക്ക് അയച്ച കത്തിൽ പറയുന്നു. "ദിവസങ്ങൾക്കുള്ളിൽ സ്വകര്യങ്ങൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ, അപകടങ്ങൾ പകർച്ചവ്യാധിയേക്കാൾ വളരെ മോശമായിരിക്കും," കത്തിൽ പറയുന്നു. പ്രതിസന്ധിയെച്ചൊല്ലി ജനരോഷം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധങ്ങളാണ് രാജ്യത്ത് നടക്കുന്നത്.
തലസ്ഥാനമായ കൊളംബോയിലെ രാജപക്‌സെയുടെ ഓഫീസിന് പുറത്ത് രണ്ടാം ദിവസവും പ്രകടനത്തിനായി ആയിരക്കണക്കിന് ആളുകൾ എത്തി. അതേസമയം സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ 42 സ്വതന്ത്ര എംപിമാർ അടങ്ങുന്ന 11 പാർട്ടി സഖ്യ സഖ്യകക്ഷികളെ രാജപക്‌സെ ക്ഷണിച്ചതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരം ആയിരിക്കും ഈ യോ ഗം നടക്കുക. എന്നാൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയെ പുറത്താക്കാനും പുതിയ മന്ത്രിസഭയെ നിയമിക്കാനും ആയിരിക്കും എംപിമാർ ഈയോ ഗത്തിൽ ആവശ്യപ്പെടുക.
1948-ൽ യുകെയിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി ആണ് നിലവിലത്തേത്. ഇതേ തുടർന്ന് പ്രധാനമന്ത്രി ഒഴികെ മറ്റ് മന്ത്രിമാർ എല്ലാവരും തന്നെ രാജി വെച്ചിരുന്നു. അതേ സമയം പ്രതിസന്ധിയിൽ നിന്ന് കരകയറണമെങ്കിൽ ശ്രിലങ്കക്ക് ആറ് മാസത്തിനുള്ളിൽ 3 ബില്യൺ ഡോളർ ആവശ്യമായി വരുമെന്ന് ശ്രീലങ്കൻ ധനമന്ത്രി അലി സാബ്രി കഴിഞ്ഞ ദിവസം അറിയിച്ചു. ഇന്ധനവും മരുന്നുകളും ഭക്ഷണവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം പുനഃസ്ഥാപിക്കാൻ ആയിരിക്കും ഈ തുക പ്രധാനമായും പ്രയോജനപ്പെടുത്തുക എന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications