തിരഞ്ഞെടുപ്പ് അട്ടിമറി കേസ്: ഡോണൾഡ് ട്രംപ് ഇന്ന് ജോർജിയ ജയിലിൽ കീഴടങ്ങും
ന്യൂയോർക്ക്: 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ജോർജിയ ജയിലിൽ കീഴടങ്ങും. ബോണ്ടും റിലീസ് വ്യവസ്ഥകളും അംഗീകരിച്ചതിനാൽ വിചാരണ നേരിടാൻ സ്വയം കീഴടങ്ങുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. അതേസമയം ഏത് സമയത്താണ് ട്രംപ് കീഴടങ്ങുക എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
കേസിൽ ഈ മാസം 25 വരെയാണ് കീഴടങ്ങാൻ കോടതി സമയം അനുവദിച്ചത്.
ട്രംപ് ഫുൾട്ടൺ കൗണ്ടി ജയിലിലാണ് റിപ്പോർട്ട് ചെയ്യുക. ഇവിടെ വെച്ച് പേപ്പർ നടപടികൾ ആരംഭിക്കും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് 200,000 ഡോളർ ബോണ്ട് നൽകണമെന്ന വ്യവസ്ഥ ട്രംപ് കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശങ്ങൾ പങ്കുവയ്ക്കരുതെന്ന കോടതി നിർദ്ദേശവും ട്രംപ് അംഗീകരിച്ചിരുന്നു. സപ്റ്റംബർ ആദ്യത്തോടെയായിരിക്കും കേസിൽ ട്രംപിന് ഹർജി ഫയൽ ചെയ്യാൻ സാധിക്കുക.

ട്രംപിനും മറ്റ് 18 പ്രതികൾക്കുമെതിരെ 41 ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു മുൻ അമേരിക്കൻ പ്രസിഡന്റ് തുടർച്ചയായി ക്രിമനൽ കേസുകളിൽ പ്രതിയാകുന്നത്.
വിചാരണ എന്ന്?
കേസിൽ മാർച്ച് 4 ന് വിചാരണ ആരംഭിക്കണമെന്നാണ് പ്രോസിക്യൂട്ടർമാരുടെ നിർദ്ദേശം. എന്നാൽ കേസിന്റെ സ്വഭാവം പരിഗണിച്ച് വിചാരണ നടപടികൾ നീണ്ട് പോയാക്കാമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. വിചാരണ നീട്ടാനുള്ള ശ്രമങ്ങളാണ് ട്രംപിന്റെ അഭിഭാഷകർ നടത്തുന്നത്. വിചാരണ നീളുന്നത് ട്രംപിന് ഗുണകരമായേക്കുമെന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
73% വോട്ടുകൾ നേടി ബൈഡൻ വിജയിച്ച ഫോൾട്ടൺ കൗണ്ടിയിൽ വിചാരണ തുടർന്നാൽ ജൂറി പൂൾ തനിക്കെതിരെ പക്ഷപാതപരമായി പ്രവർത്തിക്കുമെന്ന് ആരോപിച്ച് ഇവിടെ നിന്ന് കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യം ട്രംപ് കോടതിയിൽ ഉന്നയിച്ചേക്കും.
കേസ് വിചാരണയ്ക്ക് പോയാൽ എന്ത് സംഭവിക്കും?
ജൂറിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ദൈർഘ്യമേറിയതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫോൾട്ടൺ കൗണ്ടിയിൽ നിന്നുള്ള 12 പേരടങ്ങുന്ന ജൂറി, ട്രംപ് കുറ്റക്കാരനാണെന്ന് സംശയാതീതമായി അംഗീകരിക്കണം.ജൂറിക്ക് ഏകകണ്ഠമായ വിധിയിൽ എത്തിച്ചേരാൻ കഴിയുന്നില്ലെങ്കിൽ, ജഡ്ജിക്ക് മിസ് ട്രയൽ പ്രഖ്യാപിക്കാം.ട്രംപ് കുറ്റക്കാനെന്ന് കണ്ടെത്തുകയാണെങ്കിൽ നിയവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പുതിയ വിചാരണ ട്രംപ് ആവശ്യപ്പെട്ടേക്കാം












Click it and Unblock the Notifications