41 ബില്യണ്‍ ഡോളര്‍ : ട്വിറ്ററിന് വിലയിട്ട് എലോണ്‍ മസ്‌ക്
സാന്‍ ഫ്രാന്‍സിസ്‌കോ : സമൂഹ മാധ്യമമായ ട്വിറ്റര്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്. 41 ബില്യന്‍ ഡോളറാണ് ട്വിറ്ററിന് മസ്‌ക് വിലയിട്ടിരിക്കുന്നത്. ട്വിറ്ററിന്റെ ചെയര്‍മാന്‍ ബ്രറ്റ് ടെയ്ലറിന് അയച്ച കത്തിലാണ് എലോണ്‍ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്. ട്വിറ്ററിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ അംഗമാകാനില്ലെന്ന് കഴിഞ്ഞ ദിവസം എലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ വാങ്ങാനുള്ള സന്നദ്ധത അറിയിച്ചത്.
'ട്വിറ്ററില്‍ നിക്ഷേപം നടത്തിയതിനുശേഷം, കമ്പനി അതിന്റെ നിലവിലെ രൂപത്തില്‍ ഈ സമൂഹത്തിന്റെ അനിവാര്യതയെ അഭിവൃദ്ധിപ്പെടുത്തുകയോ സേവിക്കുകയോ ചെയ്യില്ലെന്ന് ഞാന്‍ മനസ്സിലാക്കി. ട്വിറ്ററിനെ ഒരു സ്വകാര്യ കമ്പനിയായി മാറ്റേണ്ടതുണ്ട്. എന്റെ ഓഫര്‍ ഏറ്റവും മികച്ചതും അവസാനത്തേതുമാണ്. അത് സ്വീകരിച്ചില്ലെങ്കില്‍, ഒരു ഓഹരിയുടമ എന്ന നിലയിലുള്ള എന്റെ സ്ഥാനം ഞാന്‍ പുനഃപരിശോധിക്കേണ്ടി വരും.'- മസ്‌ക് കത്തില്‍ പറയുന്നു.

എലോണ്‍ മസ്‌ക് ഇതിനകം തന്നെ ട്വിറ്ററിന്റെ 9.2% ഓഹരി സ്വന്തമാക്കിയിട്ടുണ്ട്. ജനുവരി മുതലാണ് മസ്‌ക് ട്വിറ്ററിന്റെ ഓഹരി വാങ്ങാന്‍ ആരംഭിച്ചത്. അതേ സമയം മസ്‌ക് ഓഹരി സ്വന്തമാക്കിയത് യുഎസിലെ വിപണി നിയമങ്ങള്‍ ലംഘിച്ചാണെന്ന് പരാതി ഉയര്‍ന്നിരുന്നു.
മസ്‌ക് ട്വിറ്ററിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ അംഗമാകുമെന്ന് കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ തീരുമാനം മാറ്റിയതായി ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാള്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു. 2009ലാണ് എലോണ്‍ മസ്‌ക് ട്വിറ്ററില്‍ ചേരുന്നത്. നിലവില്‍ മസ്‌കിന് 80 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ട്വിറ്ററിലുള്ളത്.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications