സന്തോഷം കൂടുതല്‍ ഫിന്‍ലന്‍ഡില്‍: എന്തുകൊണ്ട് ഇന്ത്യ ഇറാനും പാകിസ്ഥാനും പിന്നിലായി: പരിഗണിക്കുക ഈ 6 ഘടകങ്ങള്‍
ലോകരാജ്യങ്ങളുടെ സന്തോഷപട്ടിക പുറത്തു വന്നു. ഇക്കുറിയും, കൃത്യമായി പറഞ്ഞാൽ തുടർച്ചയായി എട്ടാം തവണയും ഫിൻലാൻഡിനാണ് ഒന്നാം റാങ്ക്. പത്തിൽ 7.74 സ്കോർ ചെയ്താണ് ഫിൻലൻഡ് ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്. തൊട്ടു പിന്നാലെയുള്ളവരും സന്തോഷത്തിന്റെ കണക്കു പട്ടികയിൽ എപ്പോഴും മുന്നിലുള്ളവർ തന്നെയാണ്. രണ്ടാം സ്ഥാനത്ത് ഡെൻമാർക്ക് . (7.58) . നേരിയ വ്യത്യാസത്തിൽ 7.53 സ്കോറുമായി ഐസ്‍ലൻഡ് തൊട്ടുപിന്നിൽ മൂന്നാമത്. നാലാമത് സ്വീഡൻ. നെതർലൻഡ്സ് അഞ്ചാമത്. യൂറോപ്യൻ രാജ്യങ്ങളുടെ കുത്തകയാണ് ആദ്യ അഞ്ച് റാങ്കുകളും. ഏഴാമതും ഒമ്പതാമതും യൂറോപ്പുകാർ തന്നെ. നോർവെയും ലക്സംബർഗും. സന്തോഷപ്പട്ടികയിലെ ഈ യൂറോപ്യൻ പെരുമ ഇപ്പോൾ സംഭവിച്ച ഒന്നല്ല. കുറച്ചുകാലമായുള്ള പൊതു ട്രെൻഡ് ആണത്.
ആറാം സ്ഥാനത്ത് എത്തിയ കോസ്റ്റാറിക്കയും എട്ടാമതുള്ള ഇസ്രായേലും പത്താം സ്ഥാനത്ത് എത്തിയ മെക്സിക്കോയും മാത്രമാണ് ആദ്യ പത്തു റാങ്കുകാരിൽ യൂറോപ്പുകാരല്ലാത്തവർ. അവർ ആദ്യ പത്തിലുൾപ്പെടുന്നതും ഇതാദ്യമായാണ്.

ഇനി ലോകത്തെ മുഴുവൻ മര്യാദ പഠിപ്പിക്കാനും എന്തിനും എപ്പോഴും ഞങ്ങൾ തന്നെ എന്ന് മേനി നടിക്കുകയും ചെയ്യുന്ന അമേരിക്കയുടെ സ്ഥാനം നോക്കാം. റാങ്ക് 24. ഇത്രയും മോശം റാങ്ക് ഇതാദ്യം. കാനഡ പതിനെട്ടാമതാണ് എന്നതും മെക്സിക്കോ ആദ്യ പത്തിലെത്തി എന്നതും ട്രംപിനെയും കൂട്ടരേയും കൂടുതൽ അൺഹാപ്പിയാക്കുമെന്ന് ഉറപ്പ്. പിന്നെ ഒരു സമാധാനം ഉള്ളത് ബ്രിട്ടൻ തൊട്ടുമുന്നിലായി ഒപ്പമുണ്ട് എന്നതാകും. നിരാശയും ഏകാന്തതയും കൂടുന്നതാണ് ഈ രണ്ട് വമ്പൻമാരെ സന്തോഷത്തിന്റെ കാര്യത്തിൽ പിന്നിലാക്കുന്നത്.
സന്തോഷം തീരെ ഇല്ലാത്ത രാജ്യങ്ങൾ അഫ്ഗാനിസ്ഥാനും സിയറ ലിയോണും ലെബനനും ആണ്. 1.364 ആണ് അഫ്ഗാനിസ്ഥാന്റെ സ്കോർ, അതു പിന്നെ വേറെ ആർക്കും അത്ഭുതം തോന്നാത്ത ഒരു കണക്കാണ്. 2.998 ആണ് സിയറ ലിയോണിന്റെ സ്കോർ. ലെബനന്റേത് 3.188ഉം.
147 രാജ്യങ്ങളുടെ പട്ടികയിൽ നമ്മുടെ നാടിന്റെ റാങ്ക് 118 ആണ്. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ നമ്മൾ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കൊല്ലം 126 ആയിരുന്നു ഇന്ത്യ. പക്ഷേ അപ്പോഴും റാങ്ക് പട്ടിക മൊത്തത്തിൽ ഒന്ന് നോക്കുമ്പോൾ നമ്മൾ ഒന്ന് ഞെട്ടും.യുദ്ധവും വറുതിയും ആയി പൊറുതി മുട്ടിയിരിക്കുന്ന ഇറാൻ, ഇറാഖ്, പലസ്തീൻ, കോംഗോ , ഉക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളൊക്കെ നമുക്ക് മുന്നിലുണ്ട്. അയൽ നാടുകളുടെ കാര്യമെടുത്താൽ നേപ്പാളും പാകിസ്ഥാനും നമ്മളേക്കാൾ മുന്നിലാണ്. നേപ്പാളിന്റെ റാങ്ക് 92 ആണ്. പാകിസ്ഥാന്റേത് 109ഉം. ശ്രീലങ്ക 133ാമതാണ്, ബംഗ്ലാദേശ് തൊട്ടുപിന്നിൽ 134ആം സ്ഥാനത്തും.
എങ്ങനെയാണ് സന്തോഷം കണക്കുകൂട്ടുന്നത്? ആരാണ് ഈ കണക്കുകൾ പരിശോധിച്ച് വിലയിരുത്തുന്നത്? എന്തടിസ്ഥാനത്തിലാണ് ഇറാനും ഇറാഖും പലസ്തീനും പാകിസ്ഥാനും ഒക്കെ നമുക്ക് മുന്നിലെത്തുന്നത്? എന്തുകൊണ്ടാണ് ഇന്ത്യയിൽ സന്തോഷം ഇത്ര കുറവ്? ചോദ്യങ്ങൾ പലതാണ് സന്തോഷപ്പട്ടിക കണ്ടാൽ മനസ്സിൽ വരിക.
പ്രധാനമായും ആറ് ഘടകങ്ങളാണ് സന്തോഷം വിലയിരുത്താൻ പരിഗണിക്കുന്നത്. സാമൂഹിക പിന്തുണ, പ്രതിശീർഷ വരുമാനം, ആരോഗ്യവും ആയുർദൈർഘ്യവും, സ്വാതന്ത്ര്യം, ഉദാരത അല്ലെങ്കിൽ ദാനശീലം, അഴിമതിയെ കുറിച്ചുള്ള ധാരണയും മനസ്സിലാക്കലും. ഇവയാണ് ആ ആറ് ഘടകങ്ങൾ. ഇതിൽ ആദ്യത്തേതിൽ ഇന്ത്യ ഉഷാറാണ്. എല്ലാവരും കൂടി ചേർന്നുള്ള ഒന്നാണ് നമ്മുടെ അടിസ്ഥാന ജീവിത സങ്കൽപം എന്നതും കൂട്ടുകുടുംബങ്ങളുടെ അടിത്തറയുമാണ് ആ നല്ല പ്രകടനത്തിന് കാരണം. പക്ഷേ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ നമ്മൾ പിന്നിലാണ്. മുന്നിലുള്ള അവസരങ്ങളുടെ കാര്യത്തിൽ അതുറപ്പാക്കുന്നതിൽ അതിനുള്ള തെരഞ്ഞെടുപ്പിനുള്ള സാധ്യതകളിൽ ഒക്കെ നമ്മൾ മോശമാണ്. അഴിമതിയെ കുറിച്ചുള്ള മനസ്സിലാക്കലിലും നമ്മൾ പിന്നിലാണ്.
മറ്റുള്ളവരുടെ കരുണയിലും ദയയിലും വിശ്വാസമുണ്ടായിരിക്കുക എന്നത് മനഃസമാധാനത്തിനും അതു വഴി സന്തോഷവും നൽകുന്ന ഘടകമാണെന്ന് പഠനം വിലയിരുത്തുന്നു. സർവേയിൽ ഉൾപെടുത്തിയ ഒരു ചോദ്യവും അതിന് പല നാടുകളിൽ നിന്ന് കിട്ടിയ ഉത്തരങ്ങളും അത് വ്യക്തമാക്കുന്നു. നിങ്ങളുടെ പേഴ്സ് കാണാതായെന്ന് വിചാരിക്കുക, അത് നിങ്ങളുടെ അയൽക്കാരനോ പൊലീസുകാരനോ അതല്ലെങ്കിൽ ഒരു അപരിചിതനോ കിട്ടിയെന്ന് കരുതുക. അത് നിങ്ങൾക്ക് തന്നെ തിരിച്ചു കിട്ടുമെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ചോദ്യം. റാങ്കിങ്ങിൽ മുന്നിലുള്ള നാടുകളിലുള്ളവർക്ക് അത് തിരിച്ചുകിട്ടുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. ആ ഉറപ്പ് സത്യമാണു താനും. പരോപകാരത്തിന്റെ ഈ ഉറപ്പ് സാമൂഹിക പിന്തുണയെന്ന ഘടകത്തിന്റെ കരുത്താണ് കാട്ടുന്നത്. ഇന്ത്യയുടെ കാര്യത്തിൽ റാങ്കിങ് ഇങ്ങനെ ആയിരുന്നു. അയൽക്കാർ തിരിച്ചു തരും എന്നതിൽ 115, അപരിചിതർ തിരിച്ചു തരും എന്നതിൽ 86, പൊലീസുകാർ തിരിച്ചുതരം എന്നതിൽ 93. ഭക്ഷണം പങ്കുവെക്കുന്ന കാര്യത്തിൽ 132ആം സ്ഥാനത്താണ് ഇന്ത്യ നഗരവത്കരണവും ജീവിതശൈലിയിലെ മാറ്റവും കാരണം കൂട്ടുകൂടിയിരുന്ന് ഭക്ഷണം പങ്കുവെച്ച് കഴിക്കുന്ന ശീലം മാറിയിരിക്കുന്നതിന്റെ സൂചന. സമ്പത്തും വളർച്ചയും മാത്രമല്ല സന്തോഷം തരിക മറിച്ച് , കരുതലും ഒപ്പം കൂട്ടലുംആണ് , പരസ്പരവിശ്വാസമാണ് എന്ന സിദ്ധാന്തം വെച്ച് നോക്കുമ്പോൾ നമ്മൾ പുറകെ പോയതിൽ അത്ഭുതമില്ലല്ലോ?
ഇനി കൗതുകമുള്ള മറ്റൊരു കാര്യം . ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമാണ് സന്തോഷത്തിന്റെ കണക്കെടുപ്പിലേക്ക് വഴി തുറന്നത്. ഭൂട്ടാൻ. വികസനത്തിലേക്ക് വഴി തുറക്കുന്ന ഘടകങ്ങളിൽ സന്തോഷം വേണമെന്ന ആശയം ഭൂട്ടാന്റേതായിരുന്നു. ജനതയുടെ സന്തോഷവും സമാധാനവുമാണ് നാടിന്റെ പുരോഗതിക്ക് വേണ്ടത് എന്നത് ആ രാജ്യത്തെ തന്നെ മുന്നോട്ട് നയിക്കുന്ന ചിന്തയും നയവുമാണ് . അതു കൊണ്ടു തന്നെ ഭൂട്ടാൻ ഏത് പട്ടികക്കും അപ്പുറം സന്തോഷമുള്ള നാടുമാണ്. ഇക്കുറി റാങ്കിങ്ങിൽ ഉൾപെടുത്താത്തും അതു കൊണ്ട് തന്നെ. (സന്തോഷം ഒരു തീരുമാനവും ലക്ഷ്യവുമായിരിക്കുന്ന ഒരു രാജ്യത്തെ അളക്കേണ്ടതില്ലല്ലോ).
സന്തോഷത്തെ ഒരു നാടിന്റെ പുരോഗതിയുടെയും വികസനത്തിന്റെയും ഘടകമായി പരിഗണിക്കമെന്ന് ഭൂട്ടാൻ ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഈ പ്രമേയം യുഎൻ പൊതുസഭ 2011 ജൂലൈ 19നാണ് അംഗീകരിച്ചത്. ആദ്യ റിപ്പോർട്ട് 2012ലായിരുന്നു. പിന്നീടിങ്ങോട്ട് എല്ലാ കൊല്ലവും ആഗോള സന്തോഷദിനായ മാർച്ച് 20ന് സന്തോഷ റാങ്കിങ് പട്ടിക പ്രസിദ്ധീകരിക്കുന്നു. ഓക്സ്ഫഡ് സർവകലാശാലയുടെ വെൽബീയിങ് റിസർച്ച് സെന്ററും ഗാലപും യുഎൻ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്കും ചേർന്നാണ് സർവേ നടത്തി റാങ്കിങ് പട്ടിക തയ്യാറാക്കുന്നത്.
സമ്പത്ത് വേണം, വികസനം വേണം, ആളോഹരി വരുമാനം കൂടണം. ഒപ്പം അടുത്തുള്ളവനെ കാണാൻ കണ്ണ് വേണം. വീണ് കിടക്കുന്നവന് കൈ നീട്ടണം. അതിന് മനസ്സുണ്ടാവണം. പേടിക്കേണ്ട, ആരെങ്കിലും കൈ തരുമെന്ന് വീണുപോയവന് വിശ്വാസം വേണം. ഒറ്റക്കല്ല ആരെങ്കിലുമൊക്കെ തുണയുണ്ടെന്ന തോന്നൽ വേണം. അപ്പോഴാണ് ഒരു നാട് ഒരു വീടാവുക. അപ്പോഴാണ് നാട്ടുകാരെന്ന വീട്ടുകാർക്ക് സമാധാനം വരിക, സന്തോഷം വരിക. ഇക്കൊല്ലവും സന്തുഷ്ടനാടുകളുടെ റാങ്ക് പട്ടിക നമ്മളോട് പറയുന്നത് അതാണ്.
-
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച












Click it and Unblock the Notifications