തുര്‍ക്കിയും സമ്മതം മൂളി; ഫിന്‍ലന്‍ഡിന് നാറ്റോ സൈനിക അംഗത്വം; 31ാം രാജ്യം
നാറ്റോ സൈനിക സഖ്യത്തിന്റെ 31ാം അംഗമായി ഫിന്‍ലന്‍ഡ്. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് ആണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതല്‍ ഫിന്‍ലന്‍ഡ് സഖ്യത്തില്‍ പൂര്‍ണ അംഗമാകുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. സഖ്യത്തില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്റെ അപേക്ഷ തുര്‍ക്കി പാര്‍ലമെ്ന്റ് അംഗീകരിച്ചിരുന്നു. ഇതോടെ 30 അംഗ രാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. പിന്നാലെയാണ് അംഗത്വം ലഭിച്ചത്. സഖ്യത്തിലെ 31ാം രാജ്യമാകുകയാണ് ഫിന്‍ലന്‍ഡ്.
ജൂലായില്‍ ലിത്വാനിയില്‍ നടക്കുന്ന നാറ്റോ യോഗത്തിലാണ് ഔദ്യോഗികമായി അംഗത്വം നല്‍കുക. റഷ്യ- യുക്രെയിന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ മേയിലാണ് ഫിന്‍ലന്‍ഡ് നാറ്റോ സഖ്യത്തില്‍ ചേരാന്‍ അപേക്ഷ നല്‍കിയത്. ഇതോടൊപ്പം സ്വീഡനനും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സ്വീഡന്റെ അപേക്ഷ തുര്‍ക്കി ഇതുവരെയായും പരിഗണിച്ചിരുന്നില്ല.

മുഴുവന്‍ അംഗങ്ങളുടെയും പിന്തുണയുണ്ടെങ്കില്‍ മാത്രമാണ് അംഗത്വം ലഭിക്കുകയുള്ളൂ. സ്വീഡന്റെ കാര്യത്തില്‍ 29 രാജ്യങ്ങളും പിന്തുണച്ചപ്പോള്‍ തുര്‍ക്കി മാത്രമാണ് എതിര്‍ത്തത്. റഷ്യയുമായി 1340 കിലോ മീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡിനെ സംബന്ധിച്ച് നാറ്റോ അംഗത്വം ഒരു ആശ്വാസമാണ്. ഫിന്‍ലാന്‍ഡജിന്റെ വരവിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും നാറ്റോ കൂടുതല്‍ ശക്തമാകുമെന്നും സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോര്‍ട്ടന്‍ ബര്‍ഗ് പറഞ്ഞു.
റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തിന് പിന്നാലെയാണ് ഫിന്‍ലന്‍ഡും സ്വീഡനും സഖ്യത്തില്‍ ചേരാനുള്ള ശ്രമം ആരംഭിച്ചത്. കുര്‍ദിഷ് ഗ്രൂപ്പുകളോട് സ്വീഡന്‍ സമീപിക്കുന്ന മൃദുസമീപനമാണ് തുര്‍ക്കിയെ ചൊടിപ്പിച്ചത്. സ്വീഡനിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ നിന്ന് ഖുറാന്‍ കത്തിച്ചതോടെ തുര്‍ക്കി കടുത്ത നിലപാടിലേക്ക് കടക്കുകയായിരുന്നു. എന്നാല്‍ ഫിന്‍ലന്‍ഡിന്റെ അംഗത്വ നീക്കോട് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു.












Click it and Unblock the Notifications