കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; അടിയന്തര നടപടി സ്വീകരിക്കണം, പേര് രജിസ്റ്റര്‍ ചെയ്യണം
ന്യൂഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ, കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഖലിസ്താന്‍ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉടലെടുത്തത്. ഖലിസ്താനി നേതാവിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട് എന്നാണ് കാനഡയുടെ ആരോപണം.
ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്കെതിരെ വിദ്വേഷ പ്രചാരണത്തിനുള്ള സാധ്യത കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി കാണുന്നു. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കാനഡയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് പൗരന്മാരുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

സിഖ് വംശജനായ കനേഡിയന്‍ പൗരന്‍ ഹര്‍ദീപ് സിങ് നജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് പങ്കുണ്ട് എന്നാണ് കാനഡയുടെ ആരോപണം. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇക്കാര്യം പാര്‍ലമെന്റില്‍ പറയുകയും ചെയ്തു. തൊട്ടുപിന്നാലെ ഇന്ത്യന്‍ സ്ഥാനപതിയെ കാനഡയില്‍ നിന്ന് പുറത്താക്കി. ഇതിന് മറുപടിയായി കാനഡയുടെ പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി.
ഇന്ത്യക്കാര്‍ക്കെതിരെ വിദ്വേഷ ആക്രമണങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് കാനഡ. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. രാഷ്ട്രീയപ്രേരിതമായ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് സംശയിക്കുന്നത്.
കാനഡയിലെ ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി നിലനില്‍ക്കുന്നുണ്ട്. കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും കാനഡയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവരും ജാഗ്രത പാലിക്കണം. നേരത്തെ ഇന്ത്യക്കാര്‍ക്ക് നേരെ ആക്രമണം നടന്ന സ്ഥലങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇന്ത്യക്കാരുടെ സുരക്ഷ ഉറക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനും കോണ്‍സല്‍ ജനറല്‍മാരും കനേഡിയല്‍ സര്‍ക്കാരുമായി ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇന്ത്യക്കാരും ഇന്ത്യന്‍ വിദ്യാര്‍ഥികളും ഇന്ത്യന്‍ കാര്യാലയങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ്, ടൊറണ്ടോ, വാന്‍കുവര്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകള്‍ എന്നിവിടങ്ങളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മഡാഡ് പോര്‍ട്ടല്‍ വഴിയോ കാര്യാലയങ്ങളുടെ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അടിയന്തര ഘട്ടങ്ങളില്‍ വേഗത്തില്‍ ബന്ധപ്പെടുന്നതിനാണ് പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത്.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ സുഗമമായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചുപോയ പിന്നാലെയാണ് അദ്ദേഹം പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയതും ഇന്ത്യന്‍ പ്രതിനിധിയെ പുറത്താക്കിയതും. സിഖ് വിഭാഗത്തിന് സ്വാധീനമുള്ള പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ജസ്റ്റിന്‍ ട്രൂഡോ ഭരണം നടത്തുന്നത്.












Click it and Unblock the Notifications