തോഷഖാന കേസില്‍ ഇമ്രാന്‍ ഖാനും ഭാര്യക്കും 14 വര്‍ഷം തടവ്; തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല
ഇസ്ലാമാബാദ്: മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും, ഭാര്യ ബുഷ്‌റ ദേവിക്കും 14 വര്‍ഷം തടവ്. തോഷഖാന കേസിലാണ് കോടതി വിധി. ഇത് ഒരു രാജ്യത്തിന് ലഭിക്കുന്ന സമ്മാനങ്ങള്‍ വിറ്റ കേസിലാണ് ഇമ്രാന്‍ ഖാന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. അതേസമയം പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലും ഇമ്രാന്‍ ഖാന് വിലക്കുണ്ട്.
ഇസ്ലാമാബാദ് കോടതിയുടേതാണ് വിധി. പാകിസ്താനില്‍ പൊതു തെരഞ്ഞെടുപ്പിന് എട്ട് ദിവസങ്ങള്‍ കൂടി ബാക്കി നില്‍ക്കുന്നതിനിടെയാണ് ഈ വിധി വന്നിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ ജീവിതത്തിന് തന്നെ ഈ കോടതി വിധി ഭീഷണിയാവുമെന്ന് ഉറപ്പാണ്. വീണ്ടും പ്രധാനമന്ത്രിയാവുകയെന്ന ആഗ്രഹവും നടക്കില്ല.

നേരത്തെ രഹസ്യ സ്വഭാവമുള്ള രേഖകള്‍ ചോര്‍ത്തിയില്‍ ഇമ്രാന്‍ ഖാന് 10 വര്‍ഷം തടവ് വിധിച്ചിരുന്നു. ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ്. റാവല്‍പിണ്ടി ആദിയാല ജയിലില്‍ വെച്ചാണ് ജഡ്ജി മുഹമ്മദ് ബഷീര്‍ വാദം കേട്ടത്. അറസ്റ്റിലായതിനെ തുടര്‍ന്ന് ഈ ജയിലിലാണ് ഇമ്രാന്‍ ഖാന്‍ ഉള്ളത്. 14 വര്‍ഷം തടവിന് പുറമേ കനത്ത പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
അതേസമയം ബുഷ്‌റ ബീബി കോടതിയില്‍ഹാജരായിരുന്നില്ല. തുടരെയുള്ള കേസുകളും ദീര്‍ഘകാലം ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിനാലും ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയ കരിയര്‍ അവസാനിച്ചുവെന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ പാര്‍ട്ടിയെ ഇനി ആര് നയിക്കുമെന്നതും നിര്‍ണായകമായ കാര്യമാണ്.
അതേസമയം ബുഷ്‌റ ബീബി ജയിലില്‍ എത്തി കീഴടങ്ങുമെന്ന് ഇമ്രാന്‍ ഖാന്റെ ലീഗല്‍ ടീം അറിയിച്ചു. രാജ്യത്തിന്റെ ജുഡീഷ്യല്‍ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തില്‍ ലീഗല്‍ ടീം ആശങ്കയറിയിച്ചു. ഇത് പാകിസ്താന്‍ നിയമസംവിധാന ചരിത്രത്തിലെ ദു:ഖകരമായ ദിനമാണെന്നും അവര്‍ പറഞ്ഞു.
ക്രോസ് വിസ്താരം കേസില്‍ അനുവദിച്ചിരുന്നില്ല. അന്തിമ വാദങ്ങളൊന്നും പൂര്‍ത്തിയായിരുന്നില്ല. നേരത്തെ തീരുമാനിച്ചുറപ്പിച്ചത് പോലെയായിരുന്നു തീരുമാനങ്ങള്‍ വന്നുകൊണ്ടിരുന്നത്. ഈ അസംബന്ധ വിധിയെ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ലീഗല്‍ ടീം പറഞ്ഞു.
അതേസമയം തോഷഖാന വഴി ലഭിച്ച സമ്മാനങ്ങള്‍ കൈവശം വെക്കാന്‍ അധികാരത്തിരുന്ന പ്രധാനമന്ത്രിമാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ സമ്മാനങ്ങളുടെ വിവരങ്ങള്‍ മനപ്പൂര്‍വം ഇമ്രാന്‍ ഖാന്‍ മറച്ചുവെച്ചെന്നാണ് കേസ്. ഇത്തരം സമ്മാനങ്ങളെ വില്‍ക്കാനും പ്രധാനമന്ത്രിക്ക് അധികാരമുണ്ട്. പക്ഷേ കൃത്യമായ വിവരങ്ങള്‍ അറിയിക്കണമെന്നാണ് ചട്ടം.
രാജ്യത്തിന്റെ കൈവശമുള്ള സമ്മാനങ്ങള്‍ വിറ്റതിലൂടെ 140 മില്യണ്‍ സ്വന്തമാക്കിയ കേസില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മൂന്ന് വര്‍ഷം തടവ് ഇമ്രാന്‍ ഖാന് ലഭിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് തോഷഖാന സമ്മാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. ഇമ്രാന്‍ 96.6 മില്യണ്‍ വില വരുന്ന ഏഴ് വാച്ചുകള്‍ ഇതില്‍ നിന്ന് എടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.












Click it and Unblock the Notifications