ഫ്രാന്‍സിസ് മാർപ്പാപ്പ കാലം ചെയ്തു: അന്ത്യം വത്തിക്കാനിലെ വസതിയില്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാർപ്പാപ്പ (88) കാലം ചെയ്തു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കത്തോലിക്കാ സഭയുടെ ആഗോള നേതാവായ ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാനിലെ കാസാ സാന്താ മാർത്തയിൽ വച്ച് അന്തരിച്ചുവെന്നാണ് വത്തിക്കാന്‍ അധികൃതർ വാർത്താ കുറിപ്പിലൂടെ അറിയിച്ചത്. ബൈലാറ്ററൽ ന്യൂമോണിയയെ തുടർന്ന് അദ്ദേഹം അടുത്തിടെ 38 ദിവസത്തോളം ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു. ഇതിനിടെ രണ്ട് തവണ അദ്ദേഹം മരണത്തിന്റെ വക്കിൽ എത്തിയിരുന്നതായി മെഡിക്കൽ ടീം വെളിപ്പെടുത്തി.
ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ട മാര്‍പാപ്പ ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. രോഗ ബാധിതനായി ഏറെ നാളുകളായി ആശുപത്രിയിലായിരുന്ന മാർപാപ്പ ഒരിടവേളക്ക് ശേഷമായിരുന്നു വിശ്വാസികളെ കണ്ടത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നേരെ കൈവീശി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന അദ്ദേഹം പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്‍റെ മനസെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ആവശ്യപ്പെട്ടു.

'പ്രിയ സഹോദരീസഹോദരന്മാരേ, നമ്മുടെ പരിശുദ്ധ പിതാവായ ഫ്രാൻസിസിന്റെ വിയോഗം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഇന്ന് രാവിലെ (പ്രാദേശിക സമയം) 7:35 ന് ഫ്രാൻസിസ് പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ മുഴുവൻ ജീവിതവും കർത്താവിന്റെയും അവന്റെ സഭയുടെയും സേവനത്തിനായി സമർപ്പിച്ചു. സുവിശേഷത്തിന്റെ മൂല്യങ്ങൾ മുറുകെ പിടിച്ച് വിശ്വസ്തതയോടും ധൈര്യത്തോടും സാർവത്രിക സ്നേഹത്തോടും കൂടി ജീവിക്കാൻ അദ്ദേഹം നമ്മളെ പഠിപ്പിച്ചു. പ്രത്യേകിച്ച് ദരിദ്രർക്കും ഏറ്റവും അരികുവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി അദ്ദേഹം നിലകൊണ്ടു.- എന്നായിരുന്നു വത്തിക്കാന്‍ ന്യൂസിന്റെ അറിയിപ്പ്.
കർത്താവായ യേശുവിന്റെ യഥാർത്ഥ ശിഷ്യനെന്ന നിലയിൽ അദ്ദേഹത്തിന്റെ മാതൃകയ്ക്ക് അതിയായ നന്ദിയോടെ, ഫ്രാൻസിസ് മാർപാപ്പയുടെ ആത്മാവിനെ ഏകനും ത്രിയേകവുമായ ദൈവത്തിന്റെ അനന്തമായ കരുണാമയമായ സ്നേഹത്തിന് ഞങ്ങൾ സമർപ്പിക്കുന്നു- എന്നും വിയോഗ വാർത്തയില്‍ കൂട്ടിച്ചേർക്കുന്നു.
1936 ഡിസംബർ 17ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ ജനിച്ച ഫ്രാന്‍സിസ് മാർപ്പാപ്പയുടെ യഥാർത്ഥ പേര് ജോർജ് മരിയോ ബെർഗോളിയോ എന്നാണ്. 2013 മാർച്ച് 13നാണ് അദ്ദേഹം കത്തോലിക്ക സഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെടുന്നത്. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പ് എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച അദ്ദേഹം, ലളിത ജീവിതശൈലിക്കും പാവപ്പെട്ടവർക്ക് വേണ്ടി നടത്തിയ ഇടപെടലുകളിലൂടേയും ശ്രദ്ധേയനായി.
തന്റെ 12 വഷർത്തെ ഭരണ കാലയളവില്‍ കാലാവസ്ഥാ വ്യതിയാനം, അഭയാർത്ഥി പ്രതിസന്ധി, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളിൽ ഫ്രാന്‍സ് മാർപ്പാപ്പ ശക്തമായ നിലപാടുകൾ സ്വീകരിച്ചു. 2015ൽ പുറത്തിറക്കിയ "ലൗദാത്തോ സി" എന്ന എൻസൈക്ലിക്കൽ കാലാവസ്ഥാ പ്രശ്നങ്ങളെക്കുറിച്ചുള്ള ആഗോള ചർച്ചകൾക്ക് വഴിതെളിച്ചു. ഗാസയിലെ യുദ്ധത്തിനെതിരേയും സമാധാനത്തിനും വേണ്ടി അദ്ദേഹം നിരന്തരം ആഹ്വാനം ചെയ്തു. ഈസ്റ്റർ ദിനത്തിലെ തന്റെ അവസാന പൊതു ചടങ്ങലിലും അദ്ദേഹം ആവശ്യപ്പെട്ടത് സമാധാനം പുലർത്തണമെന്നായിരുന്നു.
ന്യൂമോണിയ ബാധിതനായ മാർപാപ്പയെ ഫെബ്രുവരിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മാർച്ച് 23ന് റോമിലെ ജെമെല്ലി ആശുപത്രി വിട്ടെങ്കിലും, ശ്വസന ബുദ്ധിമുട്ടുകൾ തുടർന്നിരുന്നു. അസുഖം അലട്ടുമ്പോഴും അദ്ദേഹം തന്റെ കർമ്മപാതയില്‍ സജീവമായി തന്നെ നിലകൊണ്ടു എന്നുള്ളതും ശ്രദ്ധേയമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റോമിലെ റജീന ചേലി ജയിൽ സന്ദർശിച്ച് അദ്ദേഹം തടവുകാർക്ക് ഈസ്റ്റർ ആശംസ നേർന്നിരുന്നു. 70 തടവുകാരുടെ സംഘവുമായി സംസാരിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തതിന് ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.












Click it and Unblock the Notifications