രണ്ടാം ലോകമഹായുദ്ധ കാലത്തെ പട്ടാളക്കാരുടെ അവിശിഷ്ടങ്ങൾക്കായി തിരഞ്ഞ് ഒരാൾ, 40 വർഷത്തെ തിരച്ചിൽ
മോസ്കോ: 80 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോകത്തെ വിറങ്ങലിപ്പിച്ച രണ്ടാം ലോകമഹായുദ്ധം നടന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ജീവന്‍ നഷ്ടപ്പെട്ട ലോകമഹായുദ്ധം ഇക്കാലത്തും പേടിപ്പെടുത്തുന്ന ഓര്‍മയാണ്. എന്നാല്‍ ആ ഓര്‍മ്മകള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് കഴിഞ്ഞ 40 വര്‍ഷക്കാലമായി ജലീന സ്ലെസര്‍യേവ. രണ്ടാം ലോകമഹായുദ്ധ കാലത്ത് കാണാതായ പട്ടാളക്കാരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുളളതാണ് ജലീനയുടെ ഈ തീരാത്ത യാത്ര.
മെറ്റല്‍ ഡിറ്റക്ടറുമായി തന്റെ നാട്ടിലെ വനപ്രദേശത്ത് ജലീനയും ഭര്‍ത്താവും തിരച്ചിലിലാണ്. തിരച്ചിലില്‍ ഒരിക്കല്‍ ജലീനയ്ക്ക് ലഭിച്ചത് ഒരു ഒഴിഞ്ഞ വെടിത്തിരയാണ്. ജര്‍മ്മന്‍ വിമാനം വെടിയുതിര്‍ത്ത് കൊണ്ടിരിക്കുമ്പോള്‍ തകര്‍ന്ന് വീണു എന്നതിനുളള തെളിവാണിതെന്ന് ജലീന പറയുന്നു. ഈ പ്രദേശത്തിന് സമീപത്തായി രണ്ടാം ലോകമഹായുദ്ധ കാലത്ത് ഒരു വ്യോമസേനാ താവളം ഉണ്ടായിരുന്നു. ഈ കാടും ചുറ്റുപാടുകളുമെല്ലാം അന്ന് യുദ്ധം നടന്ന ഇടങ്ങളായിരുന്നു.

1941നും 1942നും ഇടയിലായി പത്ത് ലക്ഷത്തോളം സോവിയറ്റ് പട്ടാളക്കാരാണ് മോസ്‌കോയെ നാസിപ്പടയില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തുന്നതിനായി ജീവന്‍ നല്‍കിയത്. അന്ന് ആ ദൗത്യത്തിന്റെ ഭാഗമായിരുന്ന പല പട്ടാളക്കാരെയും കാണാതായിരുന്നു. അവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയാണ് ജലീനയുടെ ലക്ഷ്യം. ഒഴിവ് നേരങ്ങളിലെല്ലാം മെറ്റല്‍ ഡിറ്റക്ടറുമായി അവര്‍ തിരച്ചിലിന് ഇറങ്ങുന്നു. യുദ്ധം നടന്ന മേഖല ആയത് കൊണ്ട് തന്നെ കാടിന് അടിയില്‍ സ്‌ഫോടക വസ്തുക്കളോ മൈനുകളോ ഉണ്ടാകാനുളള സാധ്യത തള്ളിക്കളയാനാകില്ല. അത് കൊണ്ട് തന്നെ ഈ തിരച്ചില്‍ അപകടം പിടിച്ചതുമാണ്.
Recommended Video

റഷ്യന്‍ എമര്‍ജന്‍സി സര്‍വീസിന് വേണ്ടി ബോംബ് നിര്‍വീര്യമാക്കുന്നതില്‍ പരിശീലനം നേടിയിട്ടുളള വിദഗ്ധ കൂടിയാണ് ജലീന. പഴയ മൈനുകളും മറ്റും ജലീനയ്ക്ക് തിരച്ചിലിനിടെ കിട്ടിയിട്ടുണ്ട്. ഇടയ്ക്ക് ചില മനുഷ്യാവശിഷ്ടങ്ങളും. ഈ തിരച്ചിലിലെ ജലീനയുടെ കണ്ടെത്തലുകള്‍ ഒബിന്‍സ്‌കിലെ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. 3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തകര്‍ന്ന ബോംബര്‍ വിമാനവും അതിനുളളില്‍ 3 സൈനികളുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്താന്‍ ജലീനയ്ക്ക് സാധിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ സൈനികര്‍ക്ക് അര്‍ഹിക്കുന്ന അന്തിമോപചാരം ലഭിച്ചേ മതിയാകൂ എന്നുളള ദൃഢനിശ്ചയത്തോടെ തിരച്ചില്‍ തുടരുകയാണ് ജലീന..












Click it and Unblock the Notifications