നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കർക്കി വരണമെന്ന് ജെൻ സീ പ്രതിഷേധക്കാർ; നീക്കം തുടങ്ങി
കാഠ്‌മണ്ഡു: മുൻ ചീഫ് ജസ്‌റ്റിസ് സുശീല കർക്കി രാജ്യത്തെ ഇടക്കാല പ്രധാനമന്ത്രിയാകണമെന്ന് നേപ്പാളിലെ ജെൻ സീ പ്രതിഷേധക്കാർ. രാജ്യത്തെ ഇടക്കാല സർക്കാരിന്റെ തലവനെ തിരഞ്ഞെടുക്കുന്നതിനായി 5,000-ത്തിലധികം യുവാക്കൾ ഒരു വെർച്വൽ യോഗം ചേർന്നതിന് പിന്നാലെയാണ് കർക്കിയുടെ പേര് ഉയർന്നുവന്നിരിക്കുന്നത്. കർക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി അവരോധിക്കാനുള്ള നീക്കങ്ങൾ പ്രതിഷേധക്കാർ തുടങ്ങിയെന്നാണ് വിവരം.
ഇതിന്റെ ഭാഗമായി കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ നിർദ്ദേശവുമായി ജെൻ സീ പ്രതിഷേധക്കാരുടെ സംഘം നേപ്പാളി സൈനിക മേധാവിയെ കാണുമെന്ന് നേപ്പാളിലെ സുപ്രീം കോടതി ബാർ അസോസിയേഷൻ സെക്രട്ടറിയും അഭിഭാഷകനുമായ രാമൻ കുമാർ കർണയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.

ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതയുള്ള സ്ഥാനാർത്ഥികളെക്കുറിച്ചായിരുന്നു ഓൺലൈൻ ചർച്ച. കാഠ്‌മണ്ഡു മേയർ ബാലൻ ഷായെ തുടക്കത്തിൽ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും, അദ്ദേഹത്തെ ബന്ധപ്പെടാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾക്ക് അദ്ദേഹം പ്രതികരിച്ചില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ പറയുന്നു. ഇതോടെയാണ് അടുത്ത നറുക്ക് സുശീല കർക്കിക്ക് വന്നുവീണിരിക്കുന്നത്.
യുവ പൗരന്മാരുടെ പ്രതിഷേധങ്ങൾക്ക് ശേഷം നേപ്പാളിന്റെ നേതൃത്വത്തിലേക്ക് സുശീല കർക്കി എത്തുന്നത് പലരെയും അമ്പരപ്പിക്കുമെന്ന് ഉറപ്പാണ്. എന്നാൽ 73 വയസ്സുകാരിയായ മുൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഭരണകൂട വിരുദ്ധ വികാരങ്ങൾ നേരത്തെ തന്നെ പ്രകടിപ്പിച്ച വ്യക്തിയാണ്. 2017-ൽ വിരമിച്ചതിന് ശേഷം അവർ സിവിൽ സമൂഹ പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു, അടുത്തിടെ നടന്ന പ്രതിഷേധങ്ങളിലും അവർ പങ്കെടുത്തിരുന്നു.
2017-ൽ പ്രധാനമന്ത്രി പുഷ്‌പ കമൽ ദഹൽ പ്രചണ്ഡയും നിരവധി എംപിമാരും സുശീല കർക്കിയെ ചീഫ് ജസ്‌റ്റിസ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. ദേശീയ പോലീസ് മേധാവിയുടെ നിയമനത്തെക്കുറിച്ചുള്ള സർക്കാർ തീരുമാനത്തെ അവർ റദ്ദാക്കിയത് വിവാദങ്ങൾക്ക് വഴിവെച്ചു. ഏറ്റവും ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് അവരുടെ ബെഞ്ച് വിധിച്ചു. ഇത് ജനാധിപത്യപരമായ ഒരു നീക്കമായാണ് വിലയിരുത്തപ്പെട്ടത്.
പോലീസ് മേധാവി നിയമനത്തെക്കുറിച്ചുള്ള അവരുടെ വിധി ഉൾപ്പെടെയുള്ള ചില കാര്യങ്ങളും അഴിമതിക്കെതിരായ അവരുടെ നിലപാടും കാരണം 2017ൽ നേപ്പാളിലെ മുൻ ചീഫ് ജസ്‌റ്റിസ് സുശീല കർക്കിക്ക് ഇംപീച്ച്മെന്റ് ശ്രമങ്ങൾ നേരിടേണ്ടി വന്നു. പിന്നീട്, നിലവിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ അവർ സിവിൽ സമൂഹ പ്രസ്ഥാനങ്ങളിൽ കൂടുതൽ സജീവമായി മാറുകയും ചെയ്‌തു.
അഴിമതിക്കെതിരായ കർക്കിയുടെ ശക്തമായ നിലപാടായിരുന്നു അവരുടെ പ്രവർത്തനകാലഘട്ടത്തിലെ ഒരു പ്രധാന സവിശേഷത. അഴിമതി ആരോപണങ്ങളിൽ ഒരു മന്ത്രിയെ അവർ ശിക്ഷിക്കുകയും നേപ്പാളി സ്ത്രീകൾക്ക് തങ്ങളുടെ കുട്ടികൾക്ക് പൗരത്വം നൽകാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രധാന വിധി പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. ഈ നടപടികൾ രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് അവർക്ക് പ്രശംസയും വിമർശനവും ഒരുപോലെ നേടിക്കൊടുത്തവയാണ്.
പിന്നീട് കാർക്കിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം നിർത്തിവയ്ക്കാൻ സുപ്രീം കോടതി പാർലമെന്റിന് നിർദ്ദേശം നൽകി. പോലീസ് മേധാവിയുടെ നിയമനത്തെക്കുറിച്ചുള്ള അവരുടെ വിധി നിയമപരമായ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന വാദങ്ങൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോടതി വിധിച്ചു. 2017 ജൂണിൽ അവർ വിരമിച്ചെങ്കിലും സിവിൽ സമൂഹ പ്രസ്ഥാനങ്ങളിൽ സജീവമായി തന്നെ തുടരുകയായിരുന്നു.
നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്‌റ്റിസ് എന്ന നിലയിലും, നിയമിതയാകുകയാണെങ്കിൽ ആദ്യത്തെ വനിതാ പ്രധാനമന്ത്രി എന്ന നിലയിലും കർക്കി സവിശേഷമായ നേട്ടത്തിലേക്ക് ആണ് നടന്നുകയറുന്നത്. അടുത്തിടെ നടന്ന പ്രതിഷേധങ്ങളിൽ രബി ലമിഛാനെ, ബാലേന്ദ്ര ഷാ തുടങ്ങിയ യുവ രാഷ്ട്രീയ നേതാക്കൾക്കൊപ്പം കർക്കിയുടെ പേരും ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ ഇടക്കാല പ്രധാനമന്ത്രിയായി കർക്കിയുടെ പേര് തന്നെയാണ് യുവനേതാക്കൾ നിർദ്ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications